Breaking News

Trending right now:
Description
 
Apr 22, 2016

യുഡിഎഫിന്റെ പ്രകടനപത്രിക വായിച്ചാല്‍ ചിരിയടക്കാന്‍കഴിയില്ല: അച്യുതാനന്ദന്‍

image യുഡിഎഫിന്റെ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രിക വായിച്ചിട്ടു ചിരിയടക്കാനായില്ലെന്നു പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെ കളിയാക്കല്‍. ധര്‍മടം മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണാര്‍ഥം ചക്കരക്കല്ലില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ്‌ യുഡിഎഫിലെ നേതാക്കളെ കുത്തി അച്യുതാനന്ദന്‍ പരിഹസിച്ചത്‌. യുഡിഎഫ്‌ പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനം അഴിമതിരഹിത ഭരണമാണ്‌. എന്നാല്‍ ഈ വാഗ്‌ദാനം നല്‍കിയ യുഡിഎഫ്‌ മന്ത്രിസഭയിലെ മന്ത്രിമാരുടെ പേരില്‍ 136 അഴിമതി കേസുകളാണുള്ളതെന്നു വി.എസ്‌ പറഞ്ഞു. യുഡിഎഫ്‌ മന്ത്രിസഭയിലെ ഏക വനിതാമന്ത്രിയായ പി.കെ. ജയലക്ഷ്‌മി ഒഴികെയുള്ള മന്ത്രിമാര്‍ക്കെല്ലാമെതിരേ അഴിമതികേസുണ്ട്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ മാത്രം 31 കേസുകളാണുള്ളത്‌. അഴിമതി നടത്തിയതിനു ജയിലില്‍ പോകേണ്ട കേസുകളാണവ. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരേ 14 കേസും രമേശ്‌ ചെന്നിത്തലയ്‌ക്കെതിരേ ഒമ്പതും അടൂര്‍ പ്രകാശിനും കെ. എം. മാണിക്കുമെതിരേ എട്ടുവീതവും കേസുകളുണ്ട്‌. യുഡിഎഫ്‌ ഭരണത്തില്‍ സര്‍വത്ര അഴിമതിയാണെന്നും വി.എസ്‌ പറഞ്ഞു. യുഡിഎഫ്‌ മന്ത്രിമാരുടെ പെരുമാറ്റവും തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികയും പരസ്‌പര വിരുദ്ധമാണ്‌. എല്‍ഡിഎഫ്‌ പ്രകടനപത്രികയില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണു പ്രാധാന്യം നല്‍കിയിട്ടുള്ളതെന്നും വിഎസ്‌ വ്യക്തമാക്കി. ചക്കരക്കല്ലിനു പുറമെ പാനൂര്‍, ഇരിട്ടി, മട്ടന്നൂര്‍ എന്നിവിടങ്ങളിലും വി.എസ്‌. പ്രസംഗിച്ചു. വിവാദവിഷയങ്ങള്‍ തൊടാതെ യുഡിഎഫ്‌ സര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിച്ചായിരുന്നു പ്രസംഗം.