Breaking News

Trending right now:
Description
 
Apr 22, 2016

ഒമാനില്‍ മലയാളി നഴ്‌സിനെ കൊലപ്പെടുത്തിയ മോഷ്ടാവ്‌ ചെവി അറുത്തുമാറ്റി കമ്മല്‍ അപഹരിച്ചു

image ഒമാനിലെ സലാലയില്‍ ഗര്‍ഭിണിയായ മലയാളി നഴ്‌സിനെ കുത്തിക്കൊലപ്പെടുത്തിയ മോഷ്ടാവ്‌ ചെവി അറുത്തുമാറ്റി കമ്മല്‍ അപഹരിച്ചു.അങ്കമാലി കറുകുറ്റി സ്വദേശിനിയും ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സന്റെ ഭാര്യയുമായ ചിക്കു റോബര്‍ട്ടിനെയാണ്‌ (27) മോഷ്ടാവ്‌ കൊലപ്പെടുത്തിയത്‌. താമസസ്ഥലത്തെ ഫ്‌ളാറ്റില്‍ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഒമാന്‍ സമയം ബുധനാഴ്‌ച രാത്രി 10.30നാണ്‌ സംഭവം. ബദര്‍ അല്‍ സമ ആശുപത്രിയിലെ നഴ്‌സാണ്‌ ചിക്കു. ഇതേ ആശുപത്രിയിലെ പിആര്‍ഒ ആണ്‌ ലിന്‍സന്‍. കവര്‍ച്ചാ ശ്രമത്തിനിടെയാണ്‌ കൊലപാതകമെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. ചിക്കുവിന്റെ ശരീരത്തില്‍ പലസ്ഥലങ്ങളിലും കുത്തേറ്റിട്ടുണ്ട്‌. കൊലപ്പെടുത്തിയശേഷം ചെവി അറുത്തു കമ്മല്‍ മോഷ്ടിക്കുകയായിരുന്നു. ഫ്‌ളാറ്റിലെ പല സാധനങ്ങളും നഷ്ടപ്പെട്ടതായാണ്‌ വിവരം. സംഭവം നടക്കുമ്പോള്‍ ലിന്‍സന്‍ ആശുപത്രിയിലായിരുന്നു. ഡ്യൂട്ടിക്ക്‌ എത്തേണ്ട സമയം കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതിരുന്നതിനാല്‍ ഭര്‍ത്താവ്‌ ലിന്‍സന്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. പിന്നീട്‌ അന്വേഷിച്ചെത്തിയപ്പോഴാണ്‌ കിടപ്പുമുറിയിലെ കട്ടിലില്‍ രക്തം വാര്‍ന്നു കമിഴ്‌ന്നുകിടക്കുന്ന നിലയില്‍ ചിക്കുവിനെ കണ്ടെത്തിയത്‌. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 24നായിരുന്നു ഇവരുടെ വിവാഹം. ചിക്കു നാലു മാസം ഗര്‍ഭിണിയാണ്‌. പ്രസവത്തിനായി സെപ്‌റ്റംബറില്‍ നാട്ടിലേക്ക്‌ പോകാനിരിക്കെയാണ്‌ ദുരന്തമുണ്ടായത്‌. സംഭവവുമായി ബന്ധപ്പെട്ടു ബംഗ്ലാദേശ്‌ സ്വദേശിയായ ഒരാളെ ഒമാന്‍ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. പാക്കിസ്ഥാന്‍ സ്വദേശികളായ ചിലരെയും ചോദ്യം ചെയ്‌തുവരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌ ഇന്ത്യന്‍ എംബസിയോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു.