Breaking News

Trending right now:
Description
 
Apr 21, 2016

ഹോട്ടലുകള്‍ പഞ്ചനക്ഷത്രമായി ഉയര്‍ത്തിയാലും ബാര്‍ ലൈസന്‍സ്‌ നല്‍കില്ല

image നിലവിലുള്ള ത്രീസ്റ്റാര്‍, ഫോര്‍ സ്‌റ്റാര്‍ ഹോട്ടലുകള്‍ നിലവാരം ഉയര്‍ത്തി ഫൈവ്‌ സ്റ്റാര്‍ ആയി ഉയര്‍ത്തിയാലും ബാര്‍ ലൈസന്‍സ്‌ നല്‍കേണ്ടതില്ലെന്നു യുഡിഎഫ്‌ തീരുമാനിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത്‌ ഇനി ബാര്‍ ലൈസന്‍സ്‌ അനുവദിക്കില്ലെന്നു യോഗതീരുമാനങ്ങള്‍ വിശദീകരിച്ചു മുഖ്യമന്ത്രി വ്യക്തമാക്കി. ഏതാനും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കിയതു സംബന്ധിച്ചു ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ്‌ ഈ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്‌. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കാമെന്ന മദ്യനയമാണ്‌ യുഡിഎഫ്‌ നേതൃയോഗം തിരുത്തിയത്‌. ഫൈവ്‌ സ്റ്റാര്‍ പദവി നേടി മദ്യനയം ദുരുപയോഗം ചെയ്യാതിരിക്കാന്‍ കര്‍ശന വ്യവസ്ഥകളോടെയാണ്‌ നിയന്ത്രണം കൊണ്ടുവരുന്നത്‌. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ കോടതിക്ക്‌ ഇടപെടാനാവാത്ത സാഹചര്യത്തില്‍ ചില വ്യവസ്ഥകള്‍കൂടി ഉള്‍പ്പെടുത്തും. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബാര്‍ ലൈസന്‍സ്‌ നേടുന്നത്‌ തടയാനാണ്‌ നിയന്ത്രണം. ടൂറിസം ലക്ഷ്യമിട്ടാണു പഞ്ചനക്ഷത്രഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കാമെന്നു മുമ്പ്‌ തീരുമാനിച്ചിരുന്നത്‌. യുഡിഎഫിന്റെ മദ്യനയം ദുരുപയോഗം ചെയ്യുന്നതായി സംശയംവന്ന സാഹചര്യത്തിലാണ്‌ പുതിയ തീരുമാനമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലെ ബാറുകളില്‍ കൂടുതല്‍ മദ്യവില്‌പന കൗണ്ടറുകള്‍ അനുവദിക്കില്ല. കൂടുതല്‍ പണമടച്ചാല്‍ കൗണ്ടര്‍ അനുവദിക്കാനുള്ള എക്‌സൈസ്‌ കമ്മീഷണറുടെ അധികാരത്തിനും നിയന്ത്രണം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ നല്‍കിയ എട്ടു ബാര്‍ലൈസന്‍സുകള്‍ പുനപരിശോധിക്കുമോ എന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ ഇനി പഞ്ചനക്ഷത്രപദവിയിലേക്ക്‌ ഉയരുന്ന ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.