Breaking News

Trending right now:
Description
 
Apr 20, 2016

ബിഷപ്‌ സാം മാത്യുവിന്റെ കബറടക്കം നടത്തി

image സിഎസ്‌ഐ മധ്യകേരള മഹായിടവക മുന്‍ അധ്യക്ഷന്‍ കാലംചെയ്‌ത ബിഷപ്‌ റവ. സാം മാത്യുവിന്റെ കബറടക്കം കോട്ടയം സിഎസ്‌ഐ ഹോളി ട്രിനിറ്റി കത്തീഡ്രില്‍ നടത്തി. മദ്‌ബഹയോട്‌ ചേര്‍ന്നു പ്രത്യേകം തയാറാക്കിയ കല്ലറയിലാണ്‌ കബറടക്കിയത്‌. പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട്‌ വൈദികര്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. ഇന്നുരാവിലെ എട്ടിനു വസതിയിലെ ശുശ്രൂഷകളോടെയായിരുന്നു കബറടക്കചടങ്ങുകള്‍ക്ക്‌ തുടക്കം. തുടര്‍ന്നു നഗരികാണിക്കല്‍ കഞ്ഞിക്കുഴി, കലക്ട്രേറ്റ്‌ സെന്‍ട്രല്‍ജംക്ഷന്‍, ബേക്കര്‍ ജംക്ഷന്‍വഴി സിഎസ്‌ഐ സഭാ ആസ്ഥാനത്തില്‍ എത്തി. ഒമ്പതു മുതല്‍ 10.30വരെ മധ്യകേരള മഹായിടവക കേന്ദ്ര ഓഫിസിനോടു ചേര്‍ന്നുള്ള ബിഷപ്‌ ജേക്കബ്‌ മെമ്മോറിയല്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. മഹായിടവക ആസ്ഥാനത്തുനിന്നു സ്ഥാനവസ്‌ത്രങ്ങള്‍ ധരിച്ച ഗായകസംഘങ്ങളുടെയും സഭാശുശ്രൂഷകരുടെയും വൈദികരുടെയും മഹായിടവക ഭാരവാഹികളുടെയും അകമ്പടിയോടെ ഭൗതികശരീരം സിഎസ്‌ഐ ഹോളി ട്രിനിറ്റി കത്തീഡ്രില്‍ എത്തിച്ചു. കത്തീഡ്രല്‍ കവാടത്തില്‍ വൈദികര്‍ ഭൗതികശരീരം ഏറ്റുവാങ്ങുന്നതോടുകൂടിയാണ്‌ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിച്ചത്‌. ഭൗതികശരീരം ഇന്നലെ മാങ്ങാനം ക്രൈസ്‌തവാശ്രമം ചാപ്പലിലും മാങ്ങാനത്തിനു സമീപമുള്ള വസതിയിലും എത്തിച്ചപ്പോള്‍ ആയിരങ്ങള്‍ അന്ത്യാഞ്‌ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്ക ബാവ, ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍, ആര്‍ച്ച്‌ബിഷപ്‌ കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌ വലിയ മെത്രാപ്പോലീത്ത, ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്‌, മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്‍, ജസ്റ്റീസ്‌ കെ.ടി തോമസ്‌, രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, കെ.എം. മാണി എംഎല്‍എ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരം ആര്‍പ്പിച്ചു.