Breaking News

Trending right now:
Description
 
Apr 18, 2016

വിഎസ്‌ അങ്കം കുറിക്കുന്നത്‌ മലമ്പുഴയില്‍; ഇതു നാലാംതവണ

image 92 വയസായെങ്കിലും ചെറുപ്പത്തിന്റെ കരുത്തോടെ പ്രതിപക്ഷ നേതാവി വി.എസ്‌.അച്യുതാനന്ദന്‍ മലമ്പുഴയില്‍ അങ്കം കുറിക്കും. ഇതു നാലാംതവണയാണ്‌ മലമ്പുഴയില്‍നിന്ന്‌ അദ്ദേഹം ജനവിധി തേടുന്നത്‌. ചുവപ്പുകോട്ടയായിത്തന്നെ മലമ്പുഴയെ നിലനിര്‍ത്തുന്നതിനൊപ്പം കാലാനുസൃതമായി കൂടിക്കൊണ്ടിരിക്കുന്ന ഭൂരിപക്ഷം 25,000 കടത്താനാണ്‌ എല്‍ഡിഎഫിന്റെ ശ്രമം. ചരിത്രത്തിലൊരിക്കലും സിപിഎമ്മിനെ കൈവിട്ടിട്ടില്ലാത്ത മണ്ഡലം മുന്‍ തിരഞ്ഞെടുപ്പുകളില്‍ രണ്ടു മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും മന്ത്രിമാരെയും കേരളത്തിനു സമ്മാനിച്ചു. 1980, 82ലെ തിരഞ്ഞെടുപ്പുകളില്‍ ഇ.കെ. നായനാരെ വിജയിപ്പിച്ച മണ്ഡലം തുടര്‍ന്നുള്ള മൂന്നു തിരഞ്ഞെടുപ്പുകളില്‍ ടി. ശിവദാസമേനോനെ വിജയിപ്പിച്ചു. തുടര്‍ന്നുള്ള മൂന്നു തിരഞ്ഞെടുപ്പുകളില്‍ വി.എസ്‌. അച്യുതാനന്ദന്‍ വിജയിയായി. ഇത്തവണ കൂടുതല്‍ ദിവസങ്ങളില്‍ മണ്ഡലത്തില്‍ തങ്ങി പ്രചരണം നടത്താനാണ്‌ വിഎസിന്റെ തീരുമാനം. അതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും അദ്ദേഹം പ്രചരണത്തിന്‌ എത്തും. വിഎസിനെ അട്ടിമറിക്കാന്‍ യുഡിഎഫ്‌ രംഗത്ത്‌ ഇറക്കിയിരിക്കുന്നത്‌ കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റ്‌ വി.എസ്‌. ജോയിയാണ്‌. വിദ്യാര്‍ഥിപ്രസ്ഥാനത്തെ കരംപിടിച്ച്‌ ഉയരങ്ങളിലേക്കു നടത്തുമ്പോഴാണ്‌ പ്രതിപക്ഷ നേതാവുമായി കൊമ്പുകോര്‍ക്കാന്‍ ജോയിക്ക്‌ അവസരം ലഭിക്കുന്നത്‌. പാലക്കാട്‌ നഗരസഭയുടെ വൈസ്‌ ചെയര്‍മാനും മുന്‍ ജില്ലാ പ്രസിഡന്റും നിലവിലെ സംസ്ഥാന സെക്രട്ടറിയുമായ സി. കൃഷ്‌ണകുമാറാണു ബിജെപി സ്ഥാനാര്‍ഥി. കേരളത്തിലാദ്യമായി നഗരസഭാ ഭരണം പിടിച്ചെടുത്തതിന്റെ ആവേശത്തിലാണ്‌ ബിജെപി ആ ദൗത്യത്തിന്റെ അമരക്കാരനെതന്നെ മലമ്പുഴയില്‍ ഗോദയിലിറക്കുന്നത്‌.