Breaking News

Trending right now:
Description
 
Apr 18, 2016

പരവൂര്‍ വെടിക്കെട്ട്‌ ദുരന്തം: 10 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു

image പരവൂര്‍ വെടിക്കെട്ടു ദുരന്തത്തില്‍ പെട്ടവരില്‍ തിരുവനന്തപുരം നേമം സ്വദേശി അനില്‍കുമാറിന്റെ മൃതദേഹംകൂടി ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതോടെ 10 പേരുടെ മൃതദേഹങ്ങളാണ്‌ ഡിഎന്‍എ പരിശോധനയിലൂടെ ഇതുവരെ തിരിച്ചറിഞ്ഞത്‌. ഇനി തിരിച്ചറിയാനുള്ള മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന സങ്കീര്‍ണമാകും. കാണാതായവരെ മുഴുവന്‍ കണ്ടെത്താനായി ചിന്നിച്ചിതറിയ മുഴുവന്‍ ശരീരഭാഗങ്ങളുടെയും ഡിഎന്‍എ പരിശോധന നടത്താനാണ്‌ അധികൃതരുടെ തീരുമാനം. നൂറ്റമ്പതോളം ശരീരഭാഗങ്ങളാണ്‌ ഡിഎന്‍എ പരിശോധനയ്‌ക്കായി പൊലീസ്‌ രാജീവ്‌ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ എത്തിച്ചിട്ടുള്ളത്‌. ദുരന്തശേഷം കാണാനില്ലെന്ന പരാതിയുമായി 21 പേരുടെ ബന്ധുക്കളാണ്‌ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്‌. ഇതില്‍ പത്തുപേരെ ഡിഎന്‍എ പരിശോധനയിലൂടെ ഇതിനകം തിരിച്ചറിഞ്ഞു. മാറി സംസ്‌കരിച്ച മൃതദേഹങ്ങളും ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ പരിശോധനയ്‌ക്കായി എത്തിച്ചിരിക്കുന്ന ശരീരഭാഗങ്ങള്‍ മരിച്ചവരുടെയും പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവരുടെയും ഉള്‍പ്പെടെ ഉള്ളവയാകാമെന്നാണു ഡോക്ടര്‍മാരുടെ നിഗമനം. കഴിഞ്ഞ ദിവസം ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞ ഒന്‍പതു മൃതദേഹങ്ങളും ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തിരുന്നു. ഇതേസമയം, വെടിക്കെട്ടു ദുരന്തത്തില്‍ പരുക്കേറ്റു മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്‌. ആറുപേരുടെ നില ഗുരുതരമാണ്‌. മൂന്നുപേരെ ഇന്നലെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. 48 പേരാണ്‌ ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്‌.