Breaking News

Trending right now:
Description
 
Apr 15, 2016

പൂരം വെടിക്കെട്ട്‌ ഉപാധികളോടെ നടത്താമെന്ന്‌ ഹൈക്കോടതി

image തൃശൂര്‍ പൂരം വെടിക്കെട്ടിന്‌ കര്‍ശന ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കി. നിരോധിത വെടിമരുന്നുകള്‍ ഉപയോഗിക്കരുത്‌, ശബ്ദമലിനീകരണം ഉറപ്പാക്കണം, 125 ഡെസിബലിന്‌ മുകളിലുള്ള വെടിക്കെട്ട്‌ അനുവദിക്കില്ല, ദൂരപരിധി പാലിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ്‌ ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍, അനുശിവരാമന്‍ എന്നിവരടങ്ങിയ ബെഞ്ച്‌ അനുമതി നല്‍കിയത്‌. പൂരം തൃശൂരിന്റെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണെന്നു നിരീക്ഷിച്ച കോടതി വെടിക്കെട്ട്‌ നടത്തുന്നതിന്‌ ഇളവ്‌ അനുവദിച്ചു കൊണ്ട്‌ 2007ലെ സുപ്രീംകോടതി വിധി കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു. പൂരം കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്‌. അതു സുഗമമായി നടക്കുകയും വേണം. എന്നാല്‍ പൂരത്തിന്റെ പേരില്‍ നിയമലംഘനം അനുവദിക്കില്ല-കോടതി വ്യക്തമാക്കി. സംസ്ഥാനത്ത്‌ വെടിക്കെട്ട്‌ നിരോധിക്കണമെന്ന പൊതുതാല്‍പര്യഹര്‍ജിയുടെ ഭാഗമായാണ്‌ ഹൈക്കോടതി ഇക്കാര്യം പരിശോധിച്ചത്‌.

രാത്രിയില്‍ ശബ്ദത്തോടെയുള്ള വെടിക്കെട്ട്‌ നിരോധിച്ച ഇടക്കാല ഉത്തരവില്‍ പുതിയതായി ഒന്നുമില്ലെന്നുപറഞ്ഞ ഹൈകോടതി നിയമത്തിലല്ലാതെ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി. പൂരം ആചാരപ്രകാരം നടക്കണമെന്നു അഡ്വ.ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ആന എഴുന്നള്ളപ്പിലെ നിരോധനം സര്‍ക്കാര്‍ നീക്കിയിട്ടുണ്ട്‌. വെടിക്കെട്ടിനുള്ള വെടിമരുന്ന്‌ പ്രത്യേക സ്‌ക്വാഡ്‌ പരിശോധിക്കുമെന്നും പൂരത്തിന്‌ ദുരന്തനിവാരണ സേനയെ വിന്യസിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൂരം വെടിക്കെട്ടിന്‌ സുപ്രീംകോടതി ഇളവ്‌ അനുവദിച്ചിട്ടുണ്ടെന്ന്‌ പാറമേക്കാവ്‌ ദേവസ്വം അധികൃതരും കോടതിയെ അറിയിച്ചു. സുരക്ഷാമാനദണ്ഡങ്ങളും കോടതി നിര്‍ദേശവും കര്‍ശനമായി പാലിച്ച്‌ പൂരം ഏറ്റവും ഭംഗിയായി നടത്തുമെന്നു ഇന്നുചേര്‍ന്ന പൂരം നടത്തിപ്പിന്റെ ഉന്നതതലയോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പതിവുപോലെ ആനയെഴുന്നള്ളത്ത്‌ പൂരത്തിനുണ്ടാകും. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. തിരുവാമ്പാടി-പാറമേക്കാവ്‌ ദേവസ്വങ്ങള്‍ പരവൂര്‍ ദുരിതാശ്വാസനിധിയിലേക്ക്‌ അഞ്ചുലക്ഷംരൂപ നല്‍കി. പൂരം നടത്തിപ്പിലെ ആശങ്കകള്‍മാറിയെന്നും ദേവസ്വം അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.