Breaking News

Trending right now:
Description
 
Apr 14, 2016

വെടിക്കെട്ട്‌ ദുരന്തം: സിബിഐ അന്വേഷിക്കുന്നതിന്‌ തടസമില്ലെന്നു മുഖ്യമന്ത്രി

image പരവൂര്‍ വെടിക്കെട്ട്‌ ദുരന്തത്തെക്കുറിച്ച്‌ സിബിഐ അന്വേഷിക്കുന്നതില്‍ സര്‍ക്കാരിനു തടസമില്ലെന്നു ഹൈക്കോടതിയെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഏത്‌ അന്വേഷണത്തിനും സര്‍ക്കാര്‍ തയാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ദുരന്തംമൂലം സമീപ പ്രദേശങ്ങളിലെ വീടുകള്‍ക്കും കൃഷികള്‍ക്കുമുണ്ടായ നാശനഷ്ടവും ജനങ്ങള്‍ക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളും പഠിക്കുന്നതിന്‌ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. പരവൂരിലേതു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ദുരന്തത്തെ തുടര്‍ന്ന്‌ പലര്‍ക്കും കേള്‍വിക്കുറവ്‌ ഉള്‍പ്പെടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ശ്രവണസഹായി വേണമെന്ന ആവശ്യവും ഉയര്‍ന്നു. വീടുകള്‍ക്കും കിണറുകള്‍ക്കും നാശം സംഭവിച്ചു. കിണറുകള്‍ ഒക്കെയും മലിനമാണ്‌. ഇതേതുടര്‍ന്ന്‌ ശുദ്ധജലലഭ്യതയ്‌ക്കു തടസം നേരിട്ടു. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അവിടുത്തെ ജനങ്ങളുമായി സംസാരിച്ച്‌ എത്രയും വേഗം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നും കുടിവെള്ള വിതരണത്തിന്‌ ഉടന്‍ നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസത്തിനായി 20 കോടി രൂപാ അനുവദിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം, വെടിക്കെട്ടു ദുരന്തത്തെ രാഷ്‌ട്രീയവത്‌കരിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചതു ദുഃഖകരമായിപ്പോയെന്നും പ്രതിപക്ഷ ആരോപണത്തിന്റെ പേരില്‍ ആഭ്യന്തര മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒറ്റക്കെട്ടായി നിന്ന്‌ അത്‌ മറികടക്കുകയും ആശ്വാസം എത്തിക്കുകയുമാണ്‌ വേണ്ടത്‌. സര്‍ക്കാര്‍ അതാണ്‌ ചെയ്‌തത്‌. യുഡിഎഫ്‌ പ്രതിപക്ഷത്ത്‌ ഇരുന്നപ്പോഴും ഇത്തരം നിലപാടാണു സ്വീകരിച്ചത്‌-മുഖ്യമന്ത്രി പറഞ്ഞു.