Breaking News

Trending right now:
Description
 
Apr 14, 2016

ഇന്ന്‌ വിഷു; ഗുരുവായൂരിലും ശബരിമലയിലും ഭക്തജനത്തിരക്ക്‌

image മലയാളികള്‍ ഇന്നു വിഷു ആഘോഷിക്കുന്നു. വിഷുക്കണികാണാന്‍ ഗുരുവായൂരിലും ശബരിമലയിലും വന്‍ ഭക്തജനത്തിരക്കാണ്‌ വ്യാഴാഴ്‌ച അനുഭവപ്പെട്ടത്‌. ആയിരക്കണക്കിന്‌ ഭക്തര്‍ വിഷുക്കണി ദര്‍ശിക്കാന്‍ ഗുരുവായൂരിലെത്തി. വിശേഷാല്‍ പൂജകളും വിഷുവിന്റെ ഭാഗമായി ഉണ്ടായിരുന്നു. ശബരിമലയില്‍ രാവിലെ നാലിന്‌ നടതുറന്നു. തുടര്‍ന്നാണ്‌ ഭക്തര്‍ക്ക്‌ കണികാണാന്‍ അവസരം ഉണ്ടായത്‌. തന്ത്രിയും മേല്‍ശാന്തിയും സന്നിധാനത്ത്‌ എത്തിയവര്‍ക്ക്‌ വിഷുകൈനീട്ടം നല്‍കി. രാവിലെ എട്ടുവരെ ശബരിമലയില്‍ ഭക്തര്‍ക്ക്‌ വിഷുക്കണികാണാന്‍ അവസരമുണ്ടായിരുന്നു. കണിക്കൊന്നയുടെ ഐശ്വര്യവും കൈനീട്ടത്തിന്റെ സമൃദ്ധിയുമായിട്ടാണ്‌ മലയാളികളുടെ വിഷുആഘോഷം. ശ്രീകൃഷ്‌ണന്റെ വിഗ്രഹത്തോടൊപ്പം തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും, നെല്ലും ഉപയോഗിച്ച്‌ പാതിനിറച്ച്‌, മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, വാല്‍ക്കണ്ണാടിയും, കണിക്കൊന്നയും, പഴുത്ത അടയ്‌ക്കയും, വെറ്റിലയും, കണ്‍മഷി, ചാന്ത്‌, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട്‌ തിരിയിട്ട്‌ കത്തിച്ച നിലവിളക്കും നാളികേരത്തിന്റെ പകുതിയുമാണ്‌ കണിയായി ഒരുക്കുന്നത്‌. ശ്രീകൃഷ്‌ണന്‍ നരകാസുരനെ വധിച്ച ദിവസത്തിന്റെ ഓര്‍മപുതുക്കലാണ്‌ വിഷുവെന്നും ശ്രീരാമന്‍ രാവണനെ വധിച്ച ദിവസമാണെന്നും രണ്ടു ഐതിഹ്യങ്ങള്‍ വിഷുവുമായി ബന്ധപ്പെട്ടുണ്ട്‌. വിഷുകൈനീട്ടം നല്‍കുന്നത്‌ വരുന്ന വര്‍ഷത്തിന്റെ ഐശ്വര്യത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. വിഭവസമൃദ്ധമായ സദ്യയും വിഷുക്കട്ട എന്ന വിഭവവും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്‌.