Breaking News

Trending right now:
Description
 
Apr 14, 2016

തൃശൂര്‍ പൂരം: ആനയെഴുന്നള്ളത്തിന്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു; വെടിക്കെട്ടിന്‌ കോടതയിലേക്ക്‌

image പ്രശസ്‌തമായ തൃശൂര്‍ പൂരത്തിന്‌ ആനയെഴുന്നള്ളിപ്പിനു വനംവകുപ്പും ശബ്ദവെടിക്കെട്ടിന്‌ ഹൈക്കോടതിയും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പൂരം നടത്തിപ്പിന്‌ അനിശ്ചിതതത്വത്തിലായതോടെ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു. ആന എഴുന്നള്ളിപ്പിന്‌ വനംവകുപ്പ്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണ ഉത്തരവ്‌ പിന്‍വലിക്കാന്‍ വനംവകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദേശം നല്‍കി. ഇതോടെ പെരുമയ്‌ക്ക്‌ കുറവുണ്ടാകാതെ എല്ലാവിധ ചിട്ടവട്ടങ്ങളോടുംകൂടി ആനയെഴുന്നള്ളത്ത്‌ ഉള്‍പ്പെടെ നടത്തുന്നതിന്‌ സാധ്യതയേറി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ പൂരത്തോട്‌ അനുബന്ധിച്ച്‌ വെടിക്കെട്ട്‌ നടത്തുന്നതിന്‌ ഇളവ്‌ അനുവദിക്കണമെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. ഇന്നു ഉച്ചകഴിഞ്ഞ്‌ കേസ്‌ പരിഗണിക്കുമ്പോഴാണ്‌ സര്‍ക്കാര്‍ നിലപാട്‌ അറിയിക്കുക. ആന എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം റദ്ദാക്കിയതോടെ കുടമാറ്റവും മേളയും നടത്താനുള്ള തടസം നീങ്ങുകയും ചെയ്‌തു. ആനയെഴുന്നള്ളിപ്പിനും വെടിക്കെട്ടിനും നിയന്ത്രണം വന്ന സഹാചര്യത്തില്‍ പൂരം ചടങ്ങുമാത്രമായി നടത്താന്‍ തിരുവമ്പാടി, പാറമേക്കാവ്‌ ദേവസ്വങ്ങളും ഘടക പൂരക്ഷേത്രങ്ങളുടെ അടിയന്തര യോഗം തീരുമാനിച്ചിരുന്നു. പൂരം ഞായറാഴ്‌ച എഴുന്നള്ളിപ്പും കുടമാറ്റവും വാദ്യവും വെടിക്കെട്ടുമില്ലാതെ നടത്താനായിരുന്നു തീരുമാനം. ഈ സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ ഇടപെട്ടത്‌. രാത്രി ശബ്ദവെടിക്കെട്ടു നടത്തുന്നതു തട്‌ഞ ഹൈക്കോടതി ഉത്തരവില്‍ ദേവസ്വങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനും ദേവസ്വങ്ങള്‍ തീരുമാനിച്ചിരുന്നു.

വനംവകുപ്പ്‌ ഉത്തരവ്‌ ഇറക്കാനിടയായ സാഹചര്യം പരിശോധിക്കും. അനുമതിയില്ലാതെ ഉത്തരവിറക്കിയ ഉദ്യോഗസ്ഥരോട്‌ വിശദീകരണം ചോദിക്കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട്‌ ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ ഹരികുമാര്‍ ദേവസ്വം അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. രാവിലെ പത്തുമുതല്‍ അഞ്ചുവരെ ആനകളെ എഴുന്നള്ളിക്കരുത്‌, ഒരു ആനയെ മൂന്നു മണിക്കൂറിലധികം എഴുന്നള്ളിക്കരുത്‌, ആനകള്‍ തമ്മില്‍ മൂന്നു മീറ്ററെങ്കിലും അകലം വേണം. എന്നിങ്ങനെയായിരുന്നു ആനയെഴുന്നള്ളിപ്പിനുള്ള നിയന്ത്രണങ്ങള്‍. പുതിയ നടപടികളുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചുവെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വ്യക്തമാക്കി. അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൂരം നടത്തിപ്പ്‌ ചര്‍ച്ച്‌ ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്‌ച തൃശൂരിലെത്തും. ബന്ധപ്പെട്ട്‌ ദേവസ്വംഭാരവാഹികളുമായി അദ്ദേഹം ചര്‍ച്ച നടത്തും. പാരമ്പര്യപ്രകാരം പൂരം നടത്താനാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. തൃശൂരിന്റെ സാംസ്‌കാരിക പൈതൃകമായ പൂരത്തിനു തടസം വരരുതെന്ന്‌ ആവശ്യപ്പെട്ട്‌ തൃശൂര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തുവന്നിണ്ടുണ്ട്‌. ഉത്സവങ്ങള്‍ അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന്‌ ആരോപിച്ചു ഫെസ്റ്റിവെല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം തെക്കേഗോപുരനടയില്‍ ഉപവാസ സമരം നടക്കും.