Breaking News

Trending right now:
Description
 
Apr 13, 2016

മതിലുകളിലെ വൃത്തികേടുകള്‍ സ്ഥാനാര്‍ഥികളുടെ സ്വാര്‍ഥത

image

ഓരോ തെരഞ്ഞെടുപ്പു കാലവും ഓരോ വീട്ടുകാര്‍ക്കുമാണ് പ്രശ്‌നമുണ്ടാക്കുന്നത്. വൃത്തിയാക്കിയിട്ടിരിക്കുന്ന മതിലുകള്‍ ഒരു ചോദ്യവും പറച്ചിലുമില്ലാതെ തോന്നിയപോലെ പോസ്റ്ററൊട്ടിച്ചും എഴുതിയും വൃത്തികേടാക്കാന്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു ഉളുപ്പുമില്ല. തികച്ചും സ്വാര്‍ഥതയാര്‍ന്ന നടപടികളാണ് സ്ഥാനാര്‍ഥികളുടേത്. ഇഷ്ടമില്ലെങ്കിലും സംഘര്‍ഷമൊഴിവാക്കാന്‍ എല്ലാവരും അതു സഹിക്കുന്നു. അതനുസരിച്ച് നനഞ്ഞിടം കുഴിയ്ക്കുകയാണ് എല്ലാ സ്ഥാനാര്‍ഥികളും.

മതിലുകള്‍ വൃത്തികേടാക്കരുതെന്നു കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പു കാലത്തു ടി.ആര്‍.എ പ്രദേശം ഉള്‍ക്കൊള്ളുന്ന തത്തംപള്ളി, ജില്ലാ കോടതി വാര്‍ഡുകളിലെ എല്ലാ സ്ഥാനാര്‍ഥികളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ആരും വകവച്ചില്ല. ഒട്ടിക്കുന്നവര്‍ ഫലപ്രഖ്യാപനം കഴിഞ്ഞു ഒരാഴ്ചയ്ക്കുള്ളില്‍ അവരവരുടെ പ്രചാരണ സാമഗ്രികള്‍ എല്ലാം നീക്കം ചെയ്യണമെന്നുള്ള ആവശ്യവും നിരാകരിച്ചു. ജയിച്ചു കഴിഞ്ഞാല്‍ ജനപ്രതിനിധികള്‍ ആനപ്പുറത്തിരിക്കുമെന്നും വോട്ടര്‍മാരായ പട്ടികള്‍ വെറുതെ കുരയ്ക്കുകയുള്ളു എന്നും ഉറപ്പുള്ളവരാണ് അവര്‍. എന്നാല്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥികളില്‍ ഒരാളായ ചാക്കോ താഴ്ചയില്‍ മാത്രം കുറേ പോസ്റ്ററുകള്‍ സ്വയം നീക്കിയതായി അറിയിച്ചത് ശ്രദ്ധേയമായി. തോറ്റ സ്ഥാനാര്‍ഥി സ്വയം പോസ്റ്ററുകള്‍ കീറുന്നതിനെത്തുടര്‍ന്നുണ്ടായ ചില ബുദ്ധിമുട്ടുകള്‍ അറിയിക്കുകയും ചെയ്തു.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വീണ്ടും മതിലുകള്‍ വൃത്തികേടാക്കിത്തുടങ്ങി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു ഒരു മാസത്തിലേറെ മുന്‍പു തന്നെ സ്വയം സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ച് വ്യാപകമായി പോസ്റ്ററുകള്‍ ഒട്ടിച്ച സ്ഥിതിക്ക് വരും ദിവസങ്ങളില്‍ അതു അമിതമാകുമെന്നതിനു സംശയമില്ല.

വിനോദ സഞ്ചാരകേന്ദ്രമാണെന്നു അഭിമാനിക്കുന്ന ആലപ്പുഴ പട്ടണം നന്നാക്കാനും വൃത്തിയാക്കാനും വെടിപ്പാക്കാനും തുനിഞ്ഞിറങ്ങുന്നവര്‍ തന്നെയാണ് മതിലുകള്‍ അറയ്ക്കുന്ന രീതിയിലാക്കാന്‍ വന്‍തോതില്‍ കാശുമുടക്കുന്നത്. മതിലിലെ അനുമതിയില്ലാത്ത ഒട്ടീരും എഴുത്തും ചട്ടവിരുദ്ധമാണെന്നു അറിയാത്തവരാണ് സ്ഥാനാര്‍ഥികളെങ്കില്‍, അതിനാല്‍ തന്നെ അവര്‍ക്കു സ്ഥാനാര്‍ഥിയാകാന്‍ യോഗ്യതയില്ല. നോക്കുകുത്തികളായ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് എന്താണ് ചെയ്യുന്നതെന്നു നാട്ടുകാര്‍ക്ക് അറിവുമില്ല. അവര്‍ നിശ്ചയദാര്‍ഡ്യം പ്രകടിപ്പിച്ചാല്‍ പട്ടണത്തില്‍ ഒറ്റ മതിലിലും പോസ്റ്ററോ ചുവരെഴുത്തോ കാണില്ലെന്നു ഉറപ്പാണ്.

കാശുമുടക്കി വൃത്തിയാക്കിയിട്ടിരിക്കുന്ന മതിലുകളില്‍ ഇളിക്കുന്ന പോസ്റ്ററുകള്‍ പറ്റിച്ചുവച്ചു വൃത്തികേടാക്കുന്നതു കൊണ്ട് വോട്ടര്‍മാര്‍ക്കൊന്നും ആനന്ദമോ ആത്മഹര്‍ഷമോ ഉണ്ടാകുന്നില്ലെന്നു സ്ഥാനാര്‍ഥികള്‍ മനസിലാക്കിയാല്‍ നന്ന്. അങ്ങനെയല്ല, നാട്ടുകാരെല്ലാം അത് ആസ്വദിക്കുന്നുണ്ടെന്നാണ് അക്കൂട്ടര്‍ കരുതുന്നതെങ്കില്‍ അവര്‍ ഏതായാലും മൂഢസ്വര്‍ഗത്തിലാണ്!

ടി.ആര്‍.എ പ്രദേശത്ത് പറ്റിച്ചു വച്ച പോസ്റ്ററുകള്‍ എല്ലാം നീക്കം ചെയ്ത് മതിലുകള്‍ പഴയപടിയാക്കണമെന്നും ഇനി കൂടുതലായി ഒട്ടിക്കരുതെന്നും ഒരിക്കല്‍ കൂടി എല്ലാ സ്ഥാനാര്‍ഥികളോടും അഭ്യര്‍ഥിക്കുന്നു. അതു ചെയ്തില്ലെങ്കില്‍ നാട്ടുകാരെ പുല്ലുപോലെയാണ് സ്ഥാനാര്‍ഥികള്‍ കരുതുന്നതെന്നു കരുതേണ്ടി വരും.

ആലപ്പുഴ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്കു മറുപടിയുണ്ടെങ്കില്‍ ഇവിടെ രേഖപ്പെടുത്താം.

ഫോട്ടോ: മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനു ഒട്ടിച്ചിരുന്ന പോസ്റ്ററുകളുടെ മുകളില്‍ പതിച്ചിരിക്കുന്ന നിയമസഭാ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍. ടി.ആര്‍.എ മഠം റോഡിലെ ഒരു ദൃശ്യം.