Breaking News

Trending right now:
Description
 
Apr 13, 2016

പരവൂര്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടമായ രണ്ടുപേരെ സര്‍ക്കാര്‍ ഏറ്റെടുക്കും

image പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട്‌ അപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട പത്താം ക്ലാസുകാരി കൃഷ്‌ണയുടെയും ഏഴാം ക്ലാസുകാരന്‍ കിഷോറിന്റെയും സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. കുട്ടികളെ സംബന്ധിച്ച റിപ്പോര്‍ട്ട്‌ അടിയന്തരമായി നല്‍കാന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട്‌ ഇന്നു ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. പരവൂര്‍ പെരുവിളയില്‍ ബെന്‍സിയുടെയും (44) ബേബി ഗിരിജയുടെയും (41) മക്കളാണ്‌ ഇരുവരും. സ്‌കൂള്‍ തുറക്കുമ്പോള്‍ മക്കള്‍ക്ക്‌ പുസ്‌തകങ്ങളും വസ്‌ത്രങ്ങളും വാങ്ങാനുള്ള പണം സ്വരൂപിക്കാന്‍ ക്ഷേത്രപരിസരത്തു ഉന്തുവണ്ടിയില്‍ ചായക്കച്ചവടം നടത്തുന്നതിനിടെയാണ്‌ ബെന്‍സിയും ഗിരിജയും ഉള്‍പ്പെടെ നൂറിലേറെപ്പേര്‍ വെടിക്കെട്ട്‌ അപകടത്തില്‍ കൊല്ലപ്പെട്ടത്‌. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മക്കളെ ബന്ധുവീട്ടിലേക്ക്‌ പറഞ്ഞുവിട്ട്‌ ഏതാനും മിനിറ്റുകഴിഞ്ഞപ്പോഴാണ്‌ അപകടം ഉണ്ടായത്‌. പകല്‍ ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍പ്പനയും വൈകിട്ട്‌ പരവൂര്‍ അശോക്‌ തീയറ്റര്‍ ജംക്ഷനില്‍ ചായക്കച്ചവടവുമായിരുന്നു ഇവര്‍ ചെയ്‌തിരുന്നത്‌. നഗരസഭയില്‍നിന്ന്‌ അനുവദിച്ച വീടിന്റെ പണി പൂര്‍ത്തിയായിട്ടില്ല. പണിപൂര്‍ത്തിയാകാത്ത ചെറിയ വീട്ടില്‍ ഒറ്റപ്പെട്ടെന്നു കരുതി പകച്ചുപോയ കുട്ടികളെ ജീവിതത്തിലേക്കു തിരികെയെത്തിക്കാന്‍ ശിശുക്ഷേമസമിതിയും രംഗത്ത്‌ എത്തി. രണ്ടു കുട്ടികളുടെയും പഠനച്ചെലവ്‌, മാനസികനില വീണ്ടെടുക്കുന്നതടക്കം ഭാവിയിലുണ്ടായേക്കാവുന്ന എല്ലാ ചികിത്സാചെലവുകളും, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വേണ്ടിവരുന്ന സഹായവും സൗജന്യമായി നല്‍കാനാണ്‌ ശിശുക്ഷേമ സമിതിയുടെ തീരുമാനം. ശിശുപരിപാലന നിയമ വ്യവസ്ഥകള്‍ക്ക്‌ വിധേയമായിട്ടാകും കുട്ടികള്‍ ഇവര്‍ക്കൊപ്പം കഴിയുക. കുട്ടികളുടെ ചെലവ്‌ സംബന്ധിച്ച നടപടികളാകെ ജില്ലാ ശിശുക്ഷേമ ഓഫീസ്‌ വഴിയാകും നിര്‍വഹിക്കുക.