Breaking News

Trending right now:
Description
 
Apr 13, 2016

വെടിക്കെട്ട്‌ ദുരന്തം: മരണം 113; കരാറുകാരനും മരിച്ചു

image പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 113 ആയി. ഗുരുതര പൊള്ളലേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞവരില്‍ നാലുപേര്‍ ചൊവ്വാഴ്‌ച മരിച്ചതോടെയാണ്‌ മരണസംഖ്യ ഇത്രയുമായത്‌. വെടിക്കെട്ടിന്റെ കരാറുകാരനായ കഴക്കൂട്ടം ശാന്തിനിവാസില്‍ സുരേന്ദ്രന്‍ (67), ഇയാളുടെ സഹോദരനും സഹായിയുമായ സത്യന്‍ (55), കൊല്ലം വരിയചിറ ഹരിനന്ദനത്തില്‍ ശകുന്തളയുടെ മകന്‍ ശബരി (14), കൊല്ലം, വാളത്തുംഗല്‍, കല്ലുംകുളത്തില്‍ വീട്ടില്‍ മണികണ്‌ഠന്‍ (40) എന്നിവരാണു ചൊവ്വാഴ്‌ച മരിച്ചത്‌. നാലുപേരും തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍ സുരേന്ദ്രന്‌ 90 ശതമാനം പൊള്ളലേറ്റിരുന്നു. സുരേന്ദ്രന്റെയും സംഘത്തിന്റെയും കമ്പപ്പുരയാണ്‌ പരവൂര്‍ അപകടത്തില്‍ പൊട്ടിത്തെറിച്ചത്‌. കമ്പപ്പുരയ്‌ക്ക്‌ സമീപത്ത്‌ തീപ്പൊരിവീണ്‌ വെടിക്കെട്ടിന്‌ കൊണ്ടുപോയ അമിട്ടിന്‌ തീപിടിച്ചാണ്‌ ദുരന്തമുണ്ടായത്‌. വിവിധ ആശുപത്രികളിലായി കഴിയുന്ന 40 പേരുടെ നില അതീവ ഗുരുതരമാണ്‌. മരിച്ച 113 പേരില്‍ 11 പേരെ തിരിച്ചറിയാനുണ്ട്‌. ഇതില്‍ അഞ്ച്‌ മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക്‌ ആശുപത്രിയിലും നാലെണ്ണം കൊട്ടാരക്കരയിലും ഒരെണ്ണം പുനലൂര്‍ താലൂക്ക്‌ ആശുപത്രിയിലും മൂന്നെണ്ണം തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയിലുമാണ്‌ സൂക്ഷിച്ചിട്ടുള്ളത്‌. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധ ഇന്നു തുടങ്ങും. തിരുവനന്തപുരം രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളിയുടെ സഹായത്തോടെയാണ്‌ പരിശോധന നടത്തുക. കാണാതായവരുടെ ഉറ്റ ബന്ധുക്കളുടെ രക്തസാംപിളുകള്‍ ഇതിനായി ശേഖരിക്കും. മൃതദേഹങ്ങളില്‍നിന്നു ശേഖരിക്കുന്ന കോശ സാംപിളുകളുമായി ഇവ ഒത്തുനോക്കും.