Breaking News

Trending right now:
Description
 
Apr 13, 2016

ഉഗ്രശബ്ദമുള്ള വെടിക്കെട്ട്‌ ഹൈക്കോടതി നിരോധിച്ചു

image രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെ ഉഗ്രശബ്ദത്തോടെയുള്ള വെടിക്കെട്ട്‌ ഹൈക്കോടതി നിരോധിച്ചു.അതേസമയം, ശബ്ദമില്ലാത്തതും ദൃശ്യഭംഗി നല്‍കുന്നതുമായ കരിമരുന്നു പ്രയോഗത്തിന്‌ തടസമില്ല. വെടിക്കെട്ട്‌ നടത്തുന്നത്‌ പൊലീസിന്റെ കര്‍ശന മേല്‍നോട്ടത്തിലായിരിക്കണമെന്നും ജസ്റ്റീസ്‌ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍, ജസ്റ്റീസ്‌ അനു ശിവരാമന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചു. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഉത്സവ വെടിക്കെട്ട്‌ ദുരന്തത്തെ തുടര്‍ന്ന്‌ ജസ്റ്റീസ്‌ വി.ചിദംബരേഷിന്റെ കത്തിന്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജിയിലാണ്‌ ഉത്തരവ്‌. മതസ്വാതന്ത്ര്യം ജീവിക്കാനുള്ള അവകാശത്തിനു മീതേയല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. പരവൂര്‍ സംഭവത്തില്‍ പൊലീസിനും എക്‌സിക്യുട്ടീവ്‌ ഉദ്യോഗസ്ഥര്‍ക്കും വീഴ്‌ചയുണ്ടെന്നാണ്‌ ആക്ഷേപം. ഈ സാഹചര്യത്തിലാണ്‌ ക്ഷേത്രങ്ങളിലെ സ്‌ഫോടകവസ്‌തു കൈകാര്യം വിലയിരുത്തേണ്ടത്‌. കേരളത്തിലും ആന്ധ്രയിലും മറ്റുചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും അതിര്‍വെട്ടു കതിനയാണു മതാചാരങ്ങളുടെ ഭാഗമായി നിഷ്‌കര്‍ഷിക്കുന്നതെന്നു കോടതി പറഞ്ഞു. വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ പൂര്‍ത്തിയാകാതെ വെടിക്കെട്ടു നടത്താന്‍ യാതൊരു നീക്കവും അനുവദിക്കരുത്‌. നിയമവിരുദ്ധമായ വെടിക്കെട്ട്‌ നടക്കുന്നില്ലെന്ന്‌ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ഉത്തരവാദിത്വമുണ്ട്‌.

സ്‌ഫോടനം നടക്കുന്നില്ലെന്ന്‌ ഉറപ്പാക്കാന്‍ പൊലീസിനു ചുമതലയുണ്ട്‌. ഇക്കാര്യത്തില്‍ പൊലീസ്‌ ഉദ്യോഗസ്ഥരോ മറ്റുള്ള ഉദ്യോഗസ്ഥരോ ഏതെങ്കിലും തരത്തിലുള്ള അനാസ്ഥ കാട്ടിയാല്‍ അതു കൃത്യവിലോപമായി കണക്കാക്കും. വീഴ്‌ച വരുത്തുന്ന പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കേണ്ടിവരും. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ ബാധ്യതയില്‍നിന്ന്‌ ഒഴിയാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഉഗ്രസ്‌ഫോടകശേഷിയുള്ള അമിട്ട്‌, ഗുണ്ട്‌, കതിന തുടങ്ങിയവ നിരോധിക്കണമെന്നാണ്‌ ജസ്‌റ്റീസ്‌ ചിദംബരേഷിന്റെ കത്തിലെ ആവശ്യം. പരവൂരിലെ ദുരന്തം ഒറ്റപ്പെട്ട സംഭവമല്ലെന്നും സംസ്ഥാനത്തൊട്ടാകെ അഞ്ഞൂറിലേറെ മനുഷ്യര്‍ ഇത്തരം ഉത്സവങ്ങളിലും ആഘോഷങ്ങളിലും ജീവനോടെ ചുട്ടെരിക്കപ്പെട്ടിട്ടുണ്ടെന്നും ജസ്റ്റീസ്‌ ചിദംബരേഷിന്റെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മാറുന്ന കാലത്തിനനുസരിച്ച്‌ ആചാരങ്ങളും ആഘോഷങ്ങളും മാറണം. ആരാധനാലയങ്ങളിലെ ഇത്തരം വിവേകശൂന്യമായ ആഘോഷങ്ങള്‍ക്കു നേരേ കണ്ണടയ്‌ക്കാന്‍ കഴിയില്ലെന്നും കത്തില്‍ പറയുന്നു.വെടിക്കെട്ട്‌ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തൃശൂര്‍ സ്വദേശി പി.ഡി.ജോസഫ്‌ നല്‍കിയതുള്‍പ്പെടെ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്‌.