Breaking News

Trending right now:
Description
 
Apr 12, 2016

വെടിക്കെട്ട്‌ ദുരന്തം: ആറുപേര്‍ കീഴടങ്ങി; മരിച്ച 14 പേരെ തിരിച്ചറിഞ്ഞില്ല

image പരവൂര്‍ ക്ഷേത്ത്രതിലെ വെടിക്കെട്ട്‌ അപകടത്തില്‍ മരിച്ചവരില്‍ 14 പേരെ ഇനിയും തിരിച്ചറിഞ്ഞില്ല. മൂന്നു മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും ബാക്കിയുള്ളവ കൊല്ലം ജില്ലയിലെ വിവിധ ആശുപത്രികളിലും സൂക്ഷിച്ചിരിക്കുകയാണ്‌. തിരിച്ചറിയാന്‍ ആരും എത്തിയില്ലെങ്കില്‍ മൃതദേഹങ്ങള്‍ രണ്ടുദിവസംകൂടി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. അതുകഴിഞ്ഞ്‌ ഡിഎന്‍എ പരിശോധന നടത്താനാണ്‌ അധികൃതര്‍ ആലോചിക്കുന്നത്‌. അപകടവുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ ഒരാള്‍കൂടി കീഴടങ്ങിയതോടെ അഞ്ച്‌ പേര്‍ പൊലീസ്‌ കസ്റ്റഡിയിലുണ്ട്‌. ക്ഷേത്രഭാരവാഹി സുരേന്ദ്രന്‍ പിള്ളയാണ്‌ ഇന്ന്‌ കീഴടങ്ങിയത്‌. ദേവസ്വം മാനേജിംഗ്‌ കമ്മിറ്റി സെക്രട്ടറി കൃഷ്‌ണന്‍കുട്ടി പിള്ള, പ്രസിഡന്റ്‌ പി.എസ്‌. ജയലാല്‍, ഭാരവാഹികളായ പ്രസാദ്‌, രവീന്ദ്രന്‍ പിള്ള, സോമന്‍പിള്ള എന്നിവര്‍ ഇന്നലെ കീഴടങ്ങിയിരുന്നു. ദുരന്തത്തെതുടര്‍ന്ന്‌ ഇവര്‍ തെക്കുംഭാഗത്ത്‌ ഒളിവിലായിരുന്നു. ഇവരെ കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്‌തു. വെടിക്കെട്ട്‌ ദുരന്തത്തിനു ശേഷം ഇവര്‍ ഒളിവിലായിരുന്നു. നരഹത്യയ്‌ക്ക്‌ ഇവര്‍ക്കെതിരെ കേസ്‌ എടുത്തു. പരവൂരില്‍ വെടിക്കെട്ട്‌ നടത്തിയത്‌ കടുത്ത നിയമലംഘനത്തോടെയാണെന്ന്‌ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വെടിക്കെട്ട്‌ അപകടത്തില്‍ 109 പേരാണ്‌ മരിച്ചത്‌.

വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 35 പേരുടെ ആരോഗ്യനില ഗുരുതരമാണ്‌. ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിക്കപ്പെട്ട, 60 ശതമാനത്തിനു മുകളില്‍ പൊള്ളലേറ്റ ഏഴു പേരുടെയും 40 ശതമാനത്തിനു മുകളില്‍ പൊള്ളലേറ്റ നാലുപേരുടെയും നില ഗുരുതരമായി തുടരുകയാണ്‌. തലയ്‌ക്ക്‌ ഗുരതരമായി പരിക്കേറ്റ 24 പേര്‍ കൊല്ലത്തും മൂന്നു പേര്‍ തിരുവനന്തപുരത്തുമാണ്‌ ചികിത്സയിലുള്ളത്‌. ഇതില്‍ 24 പേരും അപകടനില തരണം ചെയ്‌തിട്ടില്ല. പരുക്കേറ്റ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവു പുര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന്‌ മന്ത്രി വി.എസ്‌.ശിവകുമാര്‍ വ്യക്തമാക്കി. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച്‌ എഡിജിപി എസ്‌. അനന്തകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെ ദുരന്തസ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. വെടിക്കെട്ടപകടത്തിനു കാരണം പൊലീസ്‌ ഉദ്യോഗസ്ഥരുടെ വീഴ്‌ചയാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അക്കാര്യവും അന്വേഷണ വിധേയമാക്കും. അന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗവും പരവൂര്‍ പൊലീസ്‌ സ്റ്റേഷനില്‍ നടന്നു. മജിസ്‌ട്രേറ്റ്‌തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്‌. കൊല്ലം ജില്ലാ കലക്ടര്‍ എ.ഷൈനാമോളുടെ നിര്‍ദേശപ്രകാരം ആര്‍ഡിഒ വി.ആര്‍.വിനോദാണ്‌ അന്വേഷിക്കുന്നത്‌. അഞ്ചുദിവസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നാണ്‌ കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. പരുക്കേറ്റ്‌ തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നു രാവിലെ സന്ദര്‍ശിക്കും.