Breaking News

Trending right now:
Description
 
Apr 11, 2016

രാഹുല്‍ഗാന്ധി പരവൂരിലെത്തി; കേന്ദ്രത്തില്‍നിന്ന്‌ 26 അംഗ മെഡിക്കല്‍സംഘവും എത്തും

image വെടിക്കെട്ട്‌ ദുരന്തം നടന്ന പുറ്റിംഗല്‍ ക്ഷേത്രമൈതാനം നേരില്‍ കാണുന്നതിനും വിവരങ്ങള്‍ അറിയുന്നതിനും കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്നലെ പരവൂരിലെത്തി. വൈകുന്നേരം 5.50നാണ്‌ അദ്ദേഹം ക്ഷേത്രമൈതാനിയില്‍ എത്തിയത്‌. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എ.കെ. ആന്റണി, മന്ത്രി രമേശ്‌ ചെന്നിത്തല, കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ക്ഷേത്രപരിസരവും അപകടം നടന്ന കമ്പപ്പുരയുടെ അവശിഷ്‌ടങ്ങളും രാഹുല്‍ നേരില്‍ കണ്ടു കൂടുതല്‍ വിവരങ്ങള്‍ വി.എം. സുധീരനില്‍നിന്ന്‌ ആരായുകയും ചെയ്‌തു. പത്തു മിനിട്ട്‌ സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ്‌ ജില്ലാ ആശുപത്രിയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ ആശുപത്രിയില്‍ എത്തിയ അദ്ദേഹം പരിക്കേറ്റവര്‍ക്കുള്ള ചികിത്സയുടെയും മറ്റു സൗകര്യങ്ങളുടെയും വിവരങ്ങള്‍ നേരിട്ട്‌ ആരാഞ്ഞു. ഡോക്‌ടര്‍മാരോട്‌ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു തിരക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി വി.എസ്‌. ശിവകുമാര്‍ എന്നിവരും ഒപ്പമണ്ടായിരുന്നു. പരിക്കേറ്റവര്‍ക്കു വിദഗ്‌ധ ചികിത്സ ലഭ്യമാക്കാനായി ആറംഗ ഡോക്ടര്‍മാരുടെ സംഘവും പ്രധാനമന്ത്രിക്കൊപ്പം ഡല്‍ഹിയില്‍നിന്ന്‌ എത്തിയിരുന്നു. കേന്ദ്രത്തില്‍നിന്ന്‌ 26 അംഗ മെഡിക്കല്‍ സംഘം അടുത്ത ദിവസങ്ങളിലെത്തും. അണുബാധ തടയാനും പൊള്ളലിനു ചികിത്സ നല്‍കാനും ഡല്‍ഹിയിലെ എയിംസിലെ വിദഗ്‌ധരാണ്‌ എത്തുന്നത്‌. സിആര്‍പിഎഫ്‌ ഡോക്ടര്‍മാരുടെ സംഘവും ഇന്നലെ തിരുവനന്തപുരത്തെത്തി.