Breaking News

Trending right now:
Description
 
Apr 11, 2016

രാജ്യത്തെ നടുക്കിയ വെടിക്കെട്ടപകടം: മരണം 107 ആയി; ക്രൈംബ്രാഞ്ച്‌ അന്വേഷണം ഇന്നു തുടങ്ങും

image രാജ്യത്തെ നടുക്കിയ പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട്‌ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. 85 പേരെ തിരിച്ചറിഞ്ഞു. നാനൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ 60 പേരുടെ നില ഗുരുതരമാണ്‌. ഇനിയും മരണസംഖ്യ കൂടിയേക്കാം. ഞായറാഴ്‌ച പുലര്‍ച്ചെ 3.15നായിരുന്നു ദുരന്തമുണ്ടായത്‌. വെടിക്കെട്ട്‌ തീരുന്നതിനു തൊട്ടുമുമ്പായിരുന്നു അപകടം. അമിട്ടുകളില്‍നിന്ന്‌ തീപടര്‍ന്ന്‌ വെടിക്കെട്ടു സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ്‌ നിര്‍മിത കമ്പപ്പുര പൊട്ടിത്തിറിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച്‌ അന്വേഷണം സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചു. എഡിജിപി അനന്തകൃഷ്‌ണന്റെ നേതൃത്വത്തില്‍ ഇന്നു അന്വേഷണം ആരംഭിക്കും. വെടിക്കെട്ടിന്‌ നിരോധിക്കപ്പെട്ട സ്‌ഫോടകവസ്‌തുക്കള്‍ എന്തെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന്‌ അന്വേഷിക്കാന്‍ ഫോറന്‍സിക്‌ സംഘവും സ്ഥലത്ത്‌ എത്തും. ദുരന്തം അന്വേഷിക്കാന്‍ കേന്ദ്രത്തില്‍നിന്നുള്ള സ്‌ഫോടകവസ്‌തു വിദഗ്‌ധരും ഇന്നു കൊല്ലത്ത്‌ എത്തും. അനുമതിയില്ലാതെ നടത്തിയ മത്സരവെടിക്കെട്ടാണ്‌ ദുരന്തത്തിന്‌ ഇടയാക്കിയതെന്നാണ്‌ പ്രഥമിക നിഗമനം. കമ്പപ്പുരയും വെടിക്കെട്ട്‌ നടക്കുന്ന സ്ഥലവും തമ്മില്‍ നൂറ്‌ മീറ്റര്‍ അകലംവേണമെന്ന നിയമവും ലംഘിക്കപ്പെട്ടു.

കമ്പപ്പുരയില്‍ ഉഗ്രസ്‌ഫോടനം ഉണ്ടായി നിമിഷങ്ങള്‍ക്കുള്ളില്‍ ക്ഷേത്രഗേറ്റിനു മുന്‍വശവും പരിസരവും അഗ്നിഗോളമായി. ക്ഷേത്രപരിസരത്തിന്‌ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ നൂറുകണക്കിനു വീടുകള്‍ക്കും നാശം സംഭവിച്ചു. എന്താണു സംഭവിച്ചതെന്ന്‌ അറിയാതെ ജനം അന്തംവിട്ടു നില്‍ക്കുമ്പോള്‍ കല്ലുകള്‍ പലരുടെയും ശരീരത്തില്‍ വന്നുവീണു. വൈദ്യുതിബന്ധം നിലച്ചതോടെ പൊലീസിനും ഫയര്‍ഫോഴ്‌സിനും ഒന്നും ചെയ്യാനാവാത്ത അവസ്ഥയായി. വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ ഫയര്‍ഫോഴ്‌സ്‌ സംഘം തീയണച്ചശേഷം കണ്ട കാഴ്‌ച ഹൃദയഭേദകമായിരുന്നു. നൂറുകണക്കിന്‌ ആളുകള്‍ ഗുരുതരമായി പരിക്കേറ്റ്‌ നിലത്തുകിടക്കുന്നു. പലരും കൈയും കാലും തലയും അറ്റ നിലയിലായിരുന്നു. പരിക്കേറ്റവരില്‍ പകുതിയിലേറെ ആളുകളെയും കിട്ടിയ വാഹനങ്ങളില്‍ ആശുപത്രികളില്‍ എത്തിച്ചു. പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത വിധം വികൃതമായിരുന്നുവെന്നാണ്‌ പൊലീസ്‌ നല്‍കിയവിവരം. കമ്പപ്പുര സ്‌ഫോടനത്തില്‍ തകര്‍ന്നതോടെ സമീപത്തെ ദേവസ്വം ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന കോണ്‍ക്രീറ്റ്‌ കെട്ടിടവും പൂര്‍ണമായി തകര്‍ന്നുവീണു. സ്‌ഫോടനത്തെതുടര്‍ന്ന്‌ കോണ്‍ക്രീറ്റ്‌ ചീളുകള്‍ ചിതറിത്തെറിച്ചത്‌ ദുരന്തത്തിന്റെ ആഘാതംകൂട്ടി. നാല്‌ ജെസിബികള്‍ ഉപയോഗിച്ചാണ്‌ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങള്‍ മാറ്റിയത്‌. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനം നാലര മണിക്കൂര്‍ നീണ്ടു അതിനു ശേഷവും സമീപത്തെ വീടുകളിലും പറമ്പുകളിലും പൊലീസ്‌ നടത്തിയ പരിശോധനയില്‍ പലയിടത്തുനിന്നും ശരീരാവശിഷ്‌ടങ്ങള്‍ കണ്ടെടുത്തു. ക്ഷേത്രത്തിലെ ഉപദേവാലയങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയ്‌ക്കും കാര്യമായ നാശനഷ്ടമുണ്ട്‌. ക്ഷേത്രഭരണസമിതിയിലെ 15 പേര്‍ക്കും വെടിക്കെട്ട്‌ കരാറുകാര്‍ക്കുമെതിരെ പൊലീസ്‌ നരഹത്യയ്‌ക്ക്‌ കേസ്‌ എടുത്തു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപവീതം നല്‍കും. ഗുരുതരമായി പരുക്കേറ്റവര്‍ക്ക്‌ രണ്ടുലക്ഷം രൂപയും സാരമല്ലാത്ത പരുക്കേറ്റവര്‍ക്ക്‌ 50,000 രൂപവീതവും പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ രണ്ടുലക്ഷവീതവും പരുക്കേറ്റവര്‍ക്ക്‌ 50,000 രൂപയും പ്രഖ്യാപിച്ചു. ദുരന്തമുഖം നേരില്‍ കാണുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പുറ്റിങ്ങല്‍ ക്ഷേത്രമൈതാനത്ത്‌ എത്തിയിരുന്നു. കൊല്ലം ആശ്രാമം ഹെലിപാഡില്‍ വിമാനമിറങ്ങിയ അദ്ദേഹം പിന്നീട്‌ കാര്‍ മാര്‍ഗമാണു പരവൂരില്‍ എത്തിയത്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ്‌ ചെന്നിത്തല, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.