Breaking News

Trending right now:
Description
 
Apr 10, 2016

വെടിക്കെട്ട്‌ ദുരന്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ രണ്ടുലക്ഷം ധനസഹായം; പ്രധാനമന്ത്രി ഉച്ചയ്‌ക്ക്‌ എത്തും

image കൊല്ലം വെടിക്കെട്ട്‌ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുലക്ഷം രൂപവീതം ധനസഹയം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക്‌ 50,000 രൂപവീതം നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ്‌ സഹായധനം അനുവദിച്ചിരിക്കുന്നത്‌. പ്രധാനമന്ത്രി ഉച്ചയ്‌ക്ക്‌ സംഭവസ്ഥലം സന്ദര്‍ശിക്കും. ദുരന്തത്തിന്‌ ഇരയായവര്‍ക്ക്‌ ധനസഹായം നല്‍കുമെന്നു ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക്‌ മികച്ച ചികിത്സ നല്‍കും. മരിച്ചവരെ തിരിച്ചറിയാന്‍ വയ്യാത്തവിധത്തിലാണ്‌ മൃതദേഹങ്ങള്‍. സ്‌ത്രീകളും കുട്ടികളും അടക്കം പരുക്കേറ്റവരില്‍പെടും. ഇവരില്‍ 150 പേരുടെ നില അതീവ ഗുരുതരമാണ്‌. കൊല്ലത്തും തിരുവനന്തപുരത്തുമായി 14 ആശുപത്രികളിലാണ്‌ പരുക്കേറ്റവര്‍ ചികിത്സയില്‍കഴിയുന്നത്‌. ഉത്സവം കാണാന്‍ പുറപ്പെട്ട്‌ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കണമെന്നു പൊലീസ്‌ വ്യക്തമാക്കി. സംഭവം നടന്ന സ്ഥലത്ത്‌ പൊട്ടാതെകിടന്ന വെടിക്കെട്ട്‌ അവശിഷ്ടങ്ങള്‍ നിര്‍വീര്യമാക്കി. സംഭവത്തില്‍ സമഗ്രഅന്വേഷണം പ്രഖ്യാപിച്ചു. സ്‌ഫോടനത്തില്‍ ദേവസ്വംബോര്‍ഡ്‌ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. നൂറുകണക്കിന്‌ പൊലീസുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ സ്ഥലത്തുണ്ട്‌. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നഷ്ടങ്ങള്‍ സംബന്ധിച്ചുള്ള കണക്കെടുപ്പ്‌ ആരംഭിച്ചു. രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിയും സോണിയാ ഗാന്ധിയും അഗാധദുഖം രേഖപ്പെടുത്തി.