Breaking News

Trending right now:
Description
 
Apr 10, 2016

കൊല്ലം പരവൂര്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട്‌ അപകടം: മരണം 105; സംഭവം ഇന്നു പലര്‍ച്ചെ

image കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട്‌ അപകടത്തില്‍ 105 പേര്‍ മരിച്ചു. ദുരന്തത്തില്‍ മുന്നൂറ്റമ്പതിലേറെ പേര്‍ക്ക്‌ പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്‌. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാം. പരുക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്‌ച പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. വെടിക്കെട്ടിനിടെ കമ്പപ്പുരയ്‌ക്ക്‌ തീപിടിച്ചതാണ്‌ ദുരന്തകാരണം. മരിച്ചവരില്‍ കൊല്ലം എആര്‍ ക്യാംപിലെ പൊലീസ്‌ ഉദ്യോഗസ്ഥന്‍ സജി സെബാസ്‌റ്റിയനും ഉള്‍പ്പെടുന്നു. ശനിയാഴ്‌ച അര്‍ധരാത്രി 12മണിയോടെയാണ്‌ വെടിക്കെട്ട്‌ ആരംഭിച്ചത്‌. വെടിക്കെട്ട്‌ അവസാനിക്കാന്‍ ഏതാനും നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു അപകടം. പൊട്ടിത്തെറിച്ച അമിട്ടിന്റെ ഒരു ഭാഗം കമ്പപ്പുരയിലേക്ക്‌ തെറിച്ചുവീണതാണ്‌ ദുരന്തത്തിന്‌ കാരണമായതെന്നാണ്‌ ്‌ പ്രാഥമിക നിഗമനം. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള കോണ്‍ക്രീറ്റ്‌ കെട്ടിടമാണ്‌ കമ്പപ്പുരയായി പ്രവര്‍ത്തിച്ചിരുന്നത്‌. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ്‌ തൂണും മേല്‍ക്കൂരയിലെ ഓടും സ്‌ഫോടനത്തില്‍ ചിതറിത്തെറിച്ചു. ഇതിനു സമീപമിരുന്ന്‌ വെടിക്കെട്ടു വീക്ഷിച്ചവരാണ്‌ മരിച്ചവരില്‍ ഭൂരിപക്ഷവും.

സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശമുണ്ടായിട്ടുണ്ട്‌. ഒന്നരകിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. സ്‌ഫോടനത്തെ തുടര്‍ന്ന്‌ പ്രദേശത്തെ വൈദ്യുതി, വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ താറുമാറായി. ഉഗ്രസ്‌ഫോടനത്തില്‍ ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു പല മൃതദേഹങ്ങളും. അതിനാല്‍ തന്നെ മരിച്ചവര്‍ ആരൊക്കെയെന്ന്‌ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നിരോധിച്ച വെടിക്കെട്ട്‌ താല്‍ക്കാലിക അനുമതിയോടെയാണ്‌ നടത്തിയതെന്നാണ്‌ പൊലീസ്‌ നല്‍കുന്ന സൂചന. സംഭവസ്ഥലത്ത്‌ പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ജില്ലാ കലക്‌ടറും ജില്ലാ പൊലീസ്‌ മേധാവിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്‌. രാവിലെ പത്തുമണിയോടെയാണ്‌ മരണം 105 ആയത്‌. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍: 0474 2512344. കേരളം കണ്ടതില്‍ ഏറ്റവും വലിയ വെടിക്കെട്ട്‌ ദുരന്തമാണിത്‌. ശബരിമലയില്‍ 1952-ല്‍ നടന്ന വെടിക്കെട്ട്‌ അപകടമായിരുന്നു ദുരന്തത്തിന്റെ വ്യാപ്‌തിയില്‍ ഇതുവരെ മുന്നില്‍. അന്ന്‌ 68 പേര്‍ക്കാണ്‌ ജീവന്‍ നഷ്ടപ്പെട്ടത്‌.