Breaking News

Trending right now:
Description
 
Apr 09, 2016

പാനമ കള്ളപ്പണ നിക്ഷേപം നടത്തിയവരില്‍ ഒരു മലയാളികൂടി

image വിദേശത്തു പണം നിക്ഷേപിച്ചു നികുതിവെട്ടിപ്പു നടത്തിയവരുടെ വിവരങ്ങളുമായി പുറത്തു വന്ന പാനമ രേഖകളുടെ അഞ്ചാമത്തെ പട്ടികയിലും മലയാളി. തിരുവനന്തപുരം സ്വദേശി ഭാസ്‌കരന്‍ രവീന്ദ്രനാണു പട്ടികയിലെ മൂന്നാമത്തെ മലയാളി. റഷ്യ കേന്ദ്രീകരിച്ചു വ്യവസായം നടത്തിയും കമ്പനിയുടെ പവര്‍ ഓഫ്‌ അറ്റോര്‍ണി ആയും കള്ളപ്പണനിക്ഷേപം നടത്തിയെന്നാണ്‌ ആക്ഷേപം. റഷ്യയിലെ എസ്‌വിഎസ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ കമ്പനിയുമായി ഭാസ്‌കരന്‍ രവീന്ദ്രനു ബന്ധമുണ്ടെന്നു മൊസാക്‌ ഫൊണ്‍സെക രേഖകള്‍ വ്യക്തമാക്കുന്നു. 1991ല്‍ തിരുവനന്തപുരത്തുനിന്നു റഷ്യയിലെത്തിയ ഭാസ്‌കരന്‍ രവീന്ദ്രന്‍ 20 വര്‍ഷം കാപ്പി വ്യവസായവുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. കശുവണ്ടി ബിസിനസുമായി ബന്ധപ്പെട്ടു മൂന്നു വര്‍ഷം വിയറ്റ്‌നാമിലും ഉണ്ടായിരുന്നു. 2006ല്‍ രജിസ്റ്റര്‍ ചെയ്‌ത എസ്‌വിഎസ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ കമ്പനിയുടെ പവര്‍ ഓഫ്‌ അറ്റോര്‍ണിയില്‍ ഭാസ്‌കരന്‍ മാനേജരായിരുന്നു എന്നാണു പറയുന്നത്‌. 2014 ജനുവരിയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച കമ്പനി 2008 നവംബര്‍ 10നും 17നും മാത്രമാണ്‌ യോഗം ചേര്‍ന്നിട്ടുള്ളത്‌. ഇതില്‍ പവര്‍ ഓഫ്‌ അറ്റോര്‍ണിയായി ഭാസ്‌കരന്‍ ഒപ്പുവച്ചിട്ടുണ്ട്‌. റഷ്യന്‍ പൗരന്മാരാണ്‌ കമ്പനിയുടെ ഡയറക്ടര്‍മാര്‍. എന്നാല്‍, തനിക്കു റഷ്യന്‍ കമ്പനിയില്‍ നിക്ഷേപമില്ലെന്നും ആദായനികുതി നല്‍കുന്നുണ്ടെന്നും ഭാസ്‌കരന്‍ രവീന്ദ്രന്‍ രേഖകള്‍ പുറത്തുവിട്ട ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ദിനപത്രത്തോടു വ്യക്തമാക്കി. റഷ്യയില്‍വച്ച്‌ ഓഹരികളില്‍ നിക്ഷേപം നടത്തിയിരുന്നെങ്കിലും നാട്ടിലേക്കു മടങ്ങിയപ്പോള്‍ അവ പിന്‍വലിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിദേശത്തെ പണ നിക്ഷേപവുമായി ബന്ധപ്പെട്ടു റാന്നി സ്വദേശി ദിനേശ്‌ പരമേശ്വരന്‍ നായരുടെയും സിംഗപ്പൂരിലുള്ള തിരുവനന്തപുരം സ്വദേശി ജോര്‍ജ്‌ മാത്യുവിന്റെയും വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.