Breaking News

Trending right now:
Description
 
Apr 09, 2016

സരിതയ്‌ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ്‌ നല്‍കി; നാലു മാധ്യമപ്രവര്‍ത്തകരെയും കേസില്‍പെടുത്തി

image വ്യാജ ആരോപണങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന്‌ ആരോപിച്ച്‌ സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ്‌. നായര്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അപകീര്‍ത്തിക്കേസ്‌ നല്‍കി. ഏഷ്യാനെറ്റ്‌ ന്യൂസ്‌ എഡിറ്റര്‍ എം.ജി.രാധാകൃഷ്‌ണന്‍, ഏഷ്യാനെറ്റ്‌ ന്യൂസ്‌ കോ ഓര്‍ഡിനേറ്റിങ്‌ എഡിറ്റര്‍ വി.നു വി.ജോണ്‍, കൈരളി ടിവി ചീഫ്‌ ന്യൂസ്‌ എഡിറ്റര്‍ മനോജ്‌ കെ.വര്‍മ, കൈരളി ടിവി സീനിയര്‍ ന്യൂസ്‌ എഡിറ്റര്‍ കെ.രാജേന്ദ്രന്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്‌. തിരഞ്ഞെടുപ്പു മുന്നില്‍കണ്ട്‌ ജനങ്ങളില്‍ എതിര്‍പ്പുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രതികള്‍ ഗൂഢാലോചന നടത്തി തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചുവെന്നാണ്‌ പരാതി. എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി പരാതി മേയ്‌ 28നു പരിഗണിക്കാന്‍ മാറ്റി. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച്‌ സരിതയുടെ കത്ത്‌ കഴിഞ്ഞദിവസം പുറത്തുവന്ന സാഹചര്യത്തിലാണ്‌ നടപടി. പൊതുജനത്തിനു മുന്നില്‍ തന്നെ താറടിച്ചു കാണിക്കാനായി ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ്‌ ഒന്നു മുതല്‍ അഞ്ചു വരെ കക്ഷികള്‍ സരിത നായര്‍ ജയിലില്‍വച്ച്‌ എഴുതിയത്‌ എന്ന്‌ അവകാശപ്പെട്ട കത്ത്‌ സംപ്രേഷണം ചെയ്‌തതെന്നു മുഖ്യമന്ത്രി ഹര്‍ജിയില്‍ പറഞ്ഞു. ലൈംഗിക ആരോപണം ഉന്നയിച്ചതിലൂടെ തനിക്കും തന്റെ കുടുംബത്തിനും ബന്ധുക്കള്‍ക്കും വലിയ മാനഹാനിയാണുണ്ടാക്കിയിരിക്കുന്നത്‌. തന്റെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസില്‍വച്ച്‌ താന്‍ സരിതയെ ബലാത്സംഗം ചെയ്‌തുവെന്നാണ്‌ പുതിയ കത്തില്‍ പറയുന്നത്‌. എന്നാല്‍ താന്‍ കുടുംബത്തോടൊപ്പം താമസിക്കുകയും നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവല്‍ നില്‍ക്കുകയും ചെയ്യുന്ന ക്ലിഫ്‌ ഹൗസില്‍വച്ച്‌ ഇത്തരമൊരു കാര്യം നടക്കുക എന്നത്‌ ബുദ്ധിക്ക്‌ നിരക്കുന്നതല്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്‌. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ പേരെ കബളിപ്പിച്ചതിനു സംസ്ഥാനമൈാട്ടാകെ 32 കേസുകളില്‍ പ്രതിയാണ്‌ സരിത. കസ്റ്റഡിയില്‍നിന്നു പുറത്തിറങ്ങിയതു മുതല്‍ ചിലരുടെ താല്‍പര്യങ്ങള്‍ അനുസൃതമായി പല രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ ആരോപണമുന്നയിച്ചു ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നു പരാതിയില്‍ പറയുന്നു. സരിത പുറത്തുവിട്ട കത്ത്‌ സത്യമല്ലെന്ന്‌ അറിഞ്ഞുകൊണ്ട്‌ ഏഷ്യാനെറ്റ്‌, കൈരളി എന്നീ ചാനലുകള്‍ വാര്‍ത്തനല്‍കി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ തോല്‍ക്കണമെന്ന ലക്ഷ്യത്തോടെയാണ്‌ ഇവര്‍ പ്രവര്‍ത്തിച്ചത്‌. മുമ്പ്‌ പല അഭിമുഖങ്ങളിലും പിതൃതുല്യനെന്നാണ്‌ സരിത തന്നെ വിശേഷിപ്പിച്ചിരുന്നുവെന്നു മുഖ്യമന്ത്രി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്‌.