Breaking News

Trending right now:
Description
 
Apr 08, 2016

സരിതയുടെ കത്ത്‌ വ്യാജം; ഇതിനുപിന്നില്‍ ഗണേഷ്‌കുമാര്‍: ഫെനി

image മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു വാര്‍ത്താ ചാനല്‍ പുറത്തുവിട്ട സരിതയുടെ കത്ത്‌ വ്യാജമാണെന്നും ഇതിനു പിന്നില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയും സഹായികളുമാണെന്നു സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. ഇപ്പോള്‍ പുറത്തുവിട്ട കത്തില്‍ മുമ്പില്ലാത്ത പല കാര്യങ്ങളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്‌. മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ ഉന്നയിക്കുന്ന ലൈംഗികാരോപണം യഥാര്‍ഥ കത്തില്‍ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്കെതിരായ ആരോപണം കൂട്ടിച്ചേര്‍ക്കാന്‍ ഗണേഷ്‌കുമാറിനെ കൂടാതെ അദ്ദേഹത്തിന്റെ പിഎ പ്രദീപ്‌ കുമാറും ബാലകൃഷ്‌ണപിള്ളയുടെ ബന്ധുവായ മനോജും ചേര്‍ന്നാണ്‌ പ്രേരിപ്പിച്ചത്‌. സരിത ജയിലില്‍വച്ച്‌ എഴുതിയ കത്ത്‌ വായിച്ചിട്ടുണ്ട്‌. ആ കത്തിലുള്ള കാര്യങ്ങളല്ല ഇപ്പോള്‍ പ്രചരിക്കുന്നത്‌. സരിതയുടെ ബ്ലാക്ക്‌മെയിലിങ്‌ ഏര്‍പ്പാടിനു കൂട്ടുനില്‍ക്കാത്തതുകൊണ്ടാണ്‌ പ്രധാന കേസുകളി്‌ല്‍നിന്ന്‌ തന്നെ ഒഴിവാക്കിയതെന്നും ഫെനി കമ്മീഷനു മൊഴിനല്‍കി. സരിത ജയിലില്‍വച്ചെഴുതിയ കത്തിലെ വിശദാംശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ ഫെനിയെ കമ്മീഷന്‍ അനുവദിച്ചില്ല. സരിതയുടെ കത്ത്‌ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന്‌ ഇടയായ സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പേരുകള്‍ യഥാര്‍ഥ കത്തിലുണ്ടോ തുടങ്ങിയ ചോദ്യങ്ങളും കമ്മീഷന്‍ അനുവദിച്ചില്ല. സരിത എഴുതിയ കത്ത്‌ കമ്മീഷനില്‍ ഹാജരാക്കാത്ത ഫെനി കത്തിലെ വിശദാംശങ്ങള്‍ പറയേണ്ടെന്നു കമ്മീഷന്‍ അറിയിച്ചു.

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായതുകൊണ്ടാണോ കോണ്‍ഗ്രസ്‌ നേതാക്കളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന അഭിഭാഷകന്റെ ചോദ്യത്തിന്‌ താന്‍ മാന്നാര്‍ ബ്രാഞ്ചിലെ സിപിഎം അംഗമാണെന്നു ഫെനി മറുപടി നല്‍കി. മുഖ്യമന്ത്രിയെ താഴെയിറക്കാന്‍ കൂട്ടനില്‍ക്കണമെന്നു തന്നോട്‌ ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടുവെന്നും പറ്റില്ലെന്നു താന്‍ പറഞ്ഞുവെന്നും ഫെനി കമ്മീഷനെ അറിയിച്ചു. ഒപ്പം നിന്നാല്‍ ആഡംബര കാര്‍ സമ്മാനമായി നല്‍കാമെന്നും ഗണേഷ്‌ കുമാര്‍ വാഗ്‌ദാനം ചെയ്‌തുവെന്നും ഫെനി വെളിപ്പെടുത്തി. മുഖ്യമന്ത്രി ഉള്‍പ്പെടെ ആരെയും സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. തമ്പാനൂര്‍ രവിയും ബെന്നി ബഹനാനും സരിതയുമായി ഫോണ്‍ സംഭാഷണം നടത്തിയതായി അറിയാം. അതു സോളാര്‍ വിഷയവുമായി ബന്ധപ്പെട്ടായിരുന്നുവെന്ന്‌ വാര്‍ത്താ ചാനലിലൂടെയാണ്‌ അറിഞ്ഞതെന്നും ഫെനി കമ്മീഷനെ അറിയിച്ചു.