Breaking News

Trending right now:
Description
 
Apr 08, 2016

ഇടഞ്ഞ ആന രണ്ടു പാപ്പാന്മാരെ കുത്തിക്കൊന്നു

image കോട്ടയത്തു കറുകച്ചാലിനു സമീപം ചമ്പക്കരയില്‍ തടിപിടിക്കുന്നതിനിടെ ഇടഞ്ഞ കൊമ്പനാന ഒന്നാം പാപ്പാനെയും രണ്ടാം പാപ്പാനെയും കുത്തിക്കൊന്നു. ഒന്നാം പാപ്പാന്‍ ശാന്തിപുരം സന്തോഷ്‌ ഭവനില്‍ ഗോപിനാഥന്‍ നായര്‍ (60), രണ്ടാം പാപ്പാന്‍ ഇത്തിത്താനം മലകുന്നം സ്വദേശി വാലുപറമ്പില്‍ മണിയപ്പന്റെ മകന്‍ അഖില്‍ മണി (കണ്ണന്‍- 26) എന്നിവരെയാണു കൊലപ്പെടുത്തിയത്‌. കോട്ടയം ചാന്നാനിക്കാട്‌ സ്വദേശി ശശിക്കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള അക്രമാസക്തനായ രാജന്‍ എന്ന ആന. ഇന്നലെ ഉച്ചയ്‌ക്കു രണ്ടരയോടെയാണ്‌ സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തടിപിടിക്കുന്നതിനിടെ ആന ഇടഞ്ഞു. ആനപ്പുറത്തുണ്ടായിരുന്ന ഗോപിനാഥന്‍ നായരെ താഴെയിട്ടശേഷം തുമ്പിക്കൊകൊണ്ട്‌ അടിച്ചു. തുടര്‍ന്നാണ്‌ കൊമ്പുകള്‍ക്കിടയില്‍ കുരുക്കി കൊന്നത്‌. ഇടച്ചങ്ങല പൊട്ടിച്ചു ഓടിയ ആനയെ പിന്‍കാലില്‍ കുരുക്കിട്ടു പിടിക്കുന്നതിനിടെയാണ്‌ കണ്ണനുനേര്‍ക്ക്‌ ആക്രമണം ഉണ്ടായത്‌. കണ്ണനെ അടിച്ചശേഷം സമീപത്തെ മതിലില്‍ചേര്‍ത്തു കുത്തുകയായിരുന്നു. പിന്നീട്‌ ഓട്ടം തുടര്‍ന്ന ആന കോട്ടയം-കോഴഞ്ചേരി റോഡില്‍ കാര്‍ കുത്തിമറിച്ചു കലിങ്കിനടിയിലേക്കെറിഞ്ഞു. ആന ഓടിവരുന്നതുകണ്ട്‌ കാര്‍ നിര്‍ത്തി ഡ്രൈവര്‍ ഓടിമാറിയതിനാലാണ്‌ രക്ഷപ്പെട്ടത്‌. എട്ടുകിലോമീറ്റര്‍ ഓടിയ ആന പിന്നീട്‌ ഓട്ടം നിര്‍ത്തി. ഇതിനിടെ കോട്ടയം എലിഫന്റ്‌ സ്‌ക്വാഡില്‍നിന്ന്‌ എത്തിയ മയക്കുവെടിവിദഗ്‌ധന്‍ മയക്കുവെടിവച്ചു. മയക്കുവെടിക്കുശേഷം അര മണിക്കൂര്‍ കാത്തുനിന്ന മറ്റ്‌ പാപ്പാന്‍മാരും നാട്ടുകാരും പൊലീസും ചേര്‍ന്നു വടം ഉപയോഗിച്ചു ആനയുടെ കാലില്‍ കുരുക്കിട്ടു സമീപത്തെ തെങ്ങില്‍ തളച്ചു. കറുകച്ചാല്‍ പൊലീസും കോട്ടയം ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത്‌ എത്തിയിരുന്നു.