Breaking News

Trending right now:
Description
 
Apr 07, 2016

ഉല്ലാസയാത്രാ സംഘത്തിലെ വിദ്യാര്‍ഥിയും വൈദികനും പെരിയാറ്റില്‍ മുങ്ങിമരിച്ചു

image വിജയപുരം രൂപതയുടെ കീഴിലുള്ള പെരുമ്പാവൂര്‍ സെന്റ്‌ ജോര്‍ജ്‌ കത്തോലിക്കാ പള്ളി വികാരി ഫാ. അഗസ്റ്റിന്‍ വൈരമണ്‍ (36), കൂവപ്പടി മഞ്ഞളി വീട്ടില്‍ പരേതനായ ജോയിയുടെ മകന്‍ ജോയല്‍ (13) എന്നിവര്‍ പെരിയാറ്റില്‍ മുങ്ങിമരിച്ചു. വണ്ടിപ്പെരിയാര്‍ മ്ലാമല വൈരമണ്‌ സ്റ്റീഫന്റെയും ഓമനയുടെയും മകനാണ്‌ ഫാ.അഗസ്റ്റിന്‍. തോട്ടുവാ കടവിനു കിഴക്കുഭാഗത്തുള്ള കടവില്‍ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു അപകടം. പള്ളിയില്‍ സണ്ടേസ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിശ്വാസോത്സവത്തിന്റെ സമാപനദിവസമായ ഇന്നലെ ഏഴ്‌, എട്ട്‌ ക്ലാസുകളിലെ കുട്ടികള്‍ ഉല്ലാസയാത്രയ്‌ക്ക്‌ എത്തിയതാണ്‌. പെണ്‍കുട്ടികളും ആണ്‍കുട്ടികളും അധ്യാപകരും ഉള്‍പ്പെടെ സംഘത്തില്‍ 28 പേരുണ്ടായിരുന്നു. ചില കുട്ടികള്‍ പുഴയിലിറങ്ങി കുളിച്ചു. ഇതിനിടെ ജോയലും കുളിക്കാനിറങ്ങിയെങ്കിലും മുങ്ങിപ്പോയി. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജോയലിനെ രക്ഷിക്കാന്‍ പുഴയിലിറങ്ങിയ ഫാ.അഗസ്റ്റിനും ഒഴുക്കില്‍പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ വള്ളക്കാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തി. ഫാ. അഗസ്റ്റിന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ജോയല്‍ ആശുപത്രിയിലേക്കുള്ള യാത്രമധ്യേയാണു മരിച്ചത്‌.