Breaking News

Trending right now:
Description
 
Apr 07, 2016

പാനമ രേഖകളില്‍ നീര റാഡിയയും; മലയാളികളായ രണ്ടുപേരുടെ പേരുകളും പുറത്തുവന്നു

image പാനമ രേഖ പുറത്തുവിട്ട മൂന്നാമത്തെ പട്ടികയില്‍ ടുജി സ്‌പെക്ട്രം കേസിലെ വിവാദ കോര്‍പറേറ്റ്‌്‌ ഇടനിലക്കാരി നീര റാഡിയയും. നീര റാഡിയയ്‌ക്ക്‌ ബ്രിട്ടീഷ്‌ വര്‍ജിന്‍ ഐലന്‍ഡ്‌സില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ക്രൗണ്‍മാര്‍ട്ട്‌ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയിലാണു നിക്ഷേപമുള്ളത്‌. കമ്പനിയുടെ 2004വരെയുള്ള രേഖകളില്‍ ഒപ്പു വച്ചിരിക്കുന്നത്‌ നീരാ റാഡിയ തന്നെയാണ്‌. കമ്പനിയുടെ ഡയറക്ടറുമാണവര്‍. അതേസമയം, നീരാ റാഡിയുടെ പിതാവിന്റെ കമ്പനിയാണിതെന്നും റാഡിയയ്‌ക്ക്‌ കമ്പനിയുമായി ബന്ധമില്ലെന്നും റാഡിയയുടെ ഓഫീസ്‌ വ്യക്തമാക്കുന്നു. എട്ടു വര്‍ഷം മുമ്പു വമ്പന്‍മാരുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലൂടെ വിവാദ നായികയായി മാറിയ നീരാ റാഡിയ പാനമ രേഖകളിലൂടെ വീണ്ടും വാര്‍ത്തകളില്‍ സജീവയാകുകയാണ്‌. വൈഷ്‌ണവി കമ്യൂണിക്കേഷന്‍സ്‌ എന്ന പബ്ലിക്‌ റിലേഷന്‍സ്‌ സ്ഥാപനത്തിന്റെ മറവില്‍ റാഡിയ മന്ത്രിമാര്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുമായി നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങള്‍ ആണ്‌ യുപിഎ സര്‍ക്കാരിന്റെ കാലത്തു റാഡിയാഗേറ്റ്‌ എന്ന പേരില്‍ വിവാദമായത്‌.

പാനമ കമ്പനിയായ മൊസാക്‌ ഫൊന്‍സെക വഴി വിദേശത്ത്‌ വിദേശത്ത്‌ പണം നിക്ഷേപിച്ചവരില്‍ ഒരുമലയാളിയുടെ പേരുകൂടി പുറത്തുവന്നു. പത്തനംതിട്ട റാന്നിസ്വദേശി ദിനേശ്‌ പരമേശ്വരന്‍ നായരുടെ പേരാണ്‌ പുറത്തുവന്നത്‌. ഗില്‍ഡിങ്‌ ട്രേഡിങ്‌ കമ്പനിയുടെ ഡയറക്ടറാണിദ്ദേഹം. പാനമ രേഖകളില്‍ തിരുവനന്തപുരം സ്വദേശിയും സിംഗപ്പൂരില്‍ പ്രവാസിയുമായ ജോര്‍ജ്‌ മാത്യുവിന്റെ പേരും ഇന്നലെ പുറത്തുവന്നിരുന്നു. ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റായ ജോര്‍ജ്‌ മാത്യു പന്ത്രണ്ടു വര്‍ഷമായി സിംഗപ്പൂരിലാണ്‌. ഫ്യൂച്ചര്‍ ബുക്‌സ്‌ എന്ന പേരിലുള്ള കമ്പനിയിലാണ്‌ ഇദ്ദേഹം പണം നിക്ഷേപിച്ചിരിക്കുന്നത്‌. എന്നാല്‍, പന്ത്രണ്ടു വര്‍ഷമായി വിദേശത്തു താമസിക്കുന്ന തനിക്ക്‌ റിസര്‍വ്‌ ബാങ്കിന്റെയും ഇന്ത്യയിലെയും നികുതി നിയമങ്ങള്‍ ബാധകമല്ലെന്നാണ്‌ ജോര്‍ജ്‌ മാത്യുവിന്റെ വിശദീകരണം. അതിനിടെ പാനമ രേഖകള്‍ സംബന്ധിച്ച്‌ എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കരുതെന്നു റിസര്‍വ്‌ ബാങ്ക്‌ മുന്നറിയിപ്പു നല്‍കി. തെളിവുകളുടെ ആധികാരികത സംബന്ധിച്ചു കൂടുതല്‍ പരിശോധനകള്‍ നടത്താനുണ്ട്‌. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തില്‍ റിസര്‍വ്‌ ബാങ്കും പങ്കെടുക്കുന്നുണ്ടെന്ന്‌ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്‌.എസ്‌. മുദ്ര ഡല്‍ഹിയില്‍ വ്യക്തമാക്കി