Breaking News

Trending right now:
Description
 
Apr 06, 2016

കൊയ്ത്തൊഴിഞ്ഞ പാടങ്ങളിൽ വേലകാഴ്ചകൾ

Text and Photos: Dipin Augustine
image ഒരു ദേശത്തിന്റെ സംസ്കൃതിയെ, അതിന്റെ വൈവിധ്യത്തെ തുറന്നുകാട്ടുന്നതാണ് ഉത്സവങ്ങൾ. ദേശാന്തരങ്ങളുടെ പൈതൃകങ്ങളിലെക്കും, വിശ്വാസങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും നീളുന്ന യാത്രകൾ.. അവയിലേക്കുള്ള ഒരെത്തിനോട്ടം, അതാണ്‌ ഉത്സവങ്ങൾ. കേരളത്തിലെ ഉത്സവങ്ങളുടെ മുഖമുദ്രയാണ് നെന്മാറ-വല്ലങ്ങി വേല. കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് നെന്മാറ. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാടങ്ങളും തലയുയർത്തി നിൽക്കുന്ന കരിമ്പനകളും, മേഘങ്ങളേ ചുംബിച്ചു നില്ക്കുന്ന മലകളും നിറഞ്ഞ നാട്. ഗ്രാമത്തിക്കാഴ്ച്ചകളുടെ നിറച്ചാർത്തുകൾ നിറഞ്ഞ ആദേശത്തെ നെല്ലി കുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് നെന്മാറ-വല്ലങ്ങി വേല കൊണ്ടാടുന്നത്. നെന്മാറ, വല്ലങ്ങി എന്നീ രണ്ടു ദേശക്കാർ ചേർന്നുനടത്തുന്നതാണ് ഉത്സവം. കേരളത്തിനകത്തും പുറത്തും ഏറെ ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണത്. ജനപ്രവാഹം തന്നെയാണ് ഈ ഉത്സവത്തിന്റെ പ്രധാന ആകർഷണവും. കൊയ്ത്തൊഴിഞ്ഞ പാടങ്ങളിൽ, പൂരത്തിന്റെ വിസ്മയക്കാഴ്ച്ചകൾ കാണാൻ ജാതിമത ഭേതമന്യേ ജനസാഗരം ഒഴുകി എത്തുന്നു. വിശ്വാസങ്ങൾ വേർപെടുത്തിയ മനുഷ്യരെ കൂട്ടിയിണക്കുന്ന വിസ്മയങ്ങൾ.

നെറ്റിപ്പട്ടം കെട്ടിയ മുപ്പതോളം ആനകൾ അണിനിരക്കുന്ന എഴുന്നള്ളത്ത്, പഞ്ചവാദ്യം,ഇരുവിഭാഗങ്ങളും മത്സരിച്ച് നടത്തുന്ന വെടിക്കെട്ട്‌ എന്നിവയാണ് ഉത്സവത്തിന്റെ മുഖ്യാകർഷണങ്ങൾ.

 

രണ്ടു ദേശക്കാർക്കും അവരവരുടെതായ ക്ഷേത്രങ്ങൾ ഉണ്ട്. മീനമാസം 20 നു ആണ് വേല തുടങ്ങുക. വേല തുടങ്ങുന്നതിനും 10 ദിവസം മുൻപ് തന്നെ രണ്ടു ക്ഷേത്രങ്ങളിലും കൊടിയേറ്റം നടത്തുന്നു. കൊടിയേറ്റം കഴിഞ്ഞാൽ വേല തീരുന്നത് വരെ ഗ്രാമവാസികൾ ഗ്രാമം വിട്ടുപോവരുത് എന്നാണ് വിശ്വാസം. 10 ദിവസത്തിനു ശേഷം അപൂർവ്വവും അസാധാരണവുമായ കാഴ്ചകളുടെ കലവറ തുറന്നുകൊണ്ട്വേ ല തുടങ്ങുകയായി.രണ്ടു ദേശക്കാരും നെല്ലികുളങ്ങര;ഭഗവതി ക്ഷേത്രത്തിൽ ഒരുമിച്ചു കൂടുന്നതോടെ കൊയ്ത്തൊഴിഞ്ഞ പാടങ്ങളിൽ ജനങ്ങൾ ഒരു പ്രവാഹമായി ഒഴുകി എത്തിയിട്ടുണ്ടാവും. ദൂരത്തെ മനസ്സുകൊണ്ട് കീഴടക്കി ഉത്സവപ്രേമികൾ എത്തുന്നു. രണ്ടു ദേശക്കാരുടെയും എഴുന്നള്ളത് മുതൽ പുലർച്ചെയുള്ള വെടിക്കെട്ട്‌ വരെ തിളങ്ങുന്ന ആഘോഷക്കാഴ്ച്ചകളാണ് പിന്നീട്. തിരക്കിൽ നിന്നും തിരക്കിലേക്ക് നീളുന്ന കാഴ്ചകൾ.



ഒരു ഉത്സവപ്രേമിക്ക്‌ വേണ്ടതിലധികം അവിടെ ഉണ്ടാവും. പ്രത്യേക ലക്ഷ്യങ്ങൾ ഏതുമേ ഇല്ലാതെ ആൾക്കൂട്ടത്തിൽ സ്വയം നഷ്ടപ്പെട്ട് അലിഞ്ഞു ചേരാം. കൊയ്ത്തൊഴിഞ്ഞ പാടത്ത്,തിളങ്ങുന്ന വൈദ്യത വിളക്കുകളും നനുത്ത നിലാവും ഒന്നുചേർന്ന് മനോഹരമാക്കുന്ന രാത്രിയിൽ തായമ്പകയും പഞ്ചവാദ്യവും കേട്ട്, രാത്രിയെ നോക്കി, വെളുത്ത് മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി മലർന്ന് കിടക്കാം. ചെവിയിലേക്ക് തുളഞ്ഞു കയറുന്ന ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന വെടിക്കെട്ട്‌ കണ്ട് ആശ്ചര്യംകൊള്ളാം . ഒടുവിൽ ചക്രവാളത്തിന്റെ അതിരുകൾക്ക് പിന്നിൽ തിളങ്ങുന്ന സൂര്യരശ്മികൾ പ്രത്യക്ഷപ്പെടുമ്പോൾ മാഞ്ഞുപോയ ഒരു പൂരക്കാലത്തിന്റെ ഓർമകളുമായി മടങ്ങാം.





ഉത്സവക്കാഴ്ചകൾ







നെറ്റിപ്പട്ടം കെട്ടിയ ആനകൾ അണിനിരക്കുന്ന എഴുന്നള്ളത്ത്.







പടയൊരുക്കം.:രാത്രിയുള്ള വെടിക്കെട്ടിനുവേണ്ടി ക്ഷേത്രത്തിനു സമീപമുള്ള വിശാലമായ പാടത്ത് വെടിമരുന്നുകൾ കുഴിച്ചിടുന്നു.





കാഴ്ചകൾക്ക് നൈരന്തര്യം നഷ്ടപ്പെടുന്നു, ആസ്വാദനത്തിനും. കണ്മുന്നിലെ വിശാലമായ കാഴ്ചകൾ മൊബൈൽ ഫോൺ ഡിസ്പ്ലേയുടെ നിയതമായ ചുവരുകൾക്കുള്ളിലൂടെ കാണേണ്ടി വരുന്ന ഒരു തലമുറ!! വെടിക്കെട്ടിനിടയിൽ നിന്നും ഒരു ദൃശ്യം
Text and Photos:  Dipin Augustin, 9400338133, dipinaugustine2008@gmail.com