Breaking News

Trending right now:
Description
 
Apr 06, 2016

റിസര്‍വ്‌ ബാങ്ക്‌ റീപ്പോ നിരക്ക്‌ കുറച്ചു; പലിശ നിരക്കില്‍ കുറവുണ്ടായേക്കും

image റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ വാണിജ്യ ബാങ്കുകള്‍ക്ക്‌ നല്‍കുന്ന ഹ്രസ്വകാല വായ്‌പ (റീപ്പോ) നിര്‌കക്‌ 0.25 ശതമാനം കുറച്ച്‌ 6.5 ശതമാനമാക്കി. ആറുമാസത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ പലിശ നിരക്ക്‌ കുറച്ചത്‌. പുതിയ സാമ്പത്തികവര്‍ഷത്തിലെ ആദ്യ പണനയ അവലോകനത്തിനു ശേഷം റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ഡോ. രഘുറാം രാജനാണ്‌ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. 6.5 ശതമാനമെന്നത്‌ അഞ്ച്‌ വര്‍ഷത്തെ താഴ്‌ന്ന നിരക്കാണ്‌. കഴിഞ്ഞവര്‍ഷം റീപ്പോ 0.50 ശതമാനം കുറച്ചിരുന്നു. 2011 ജനുവരിക്കുശേഷം ഇതുവരെ നിരക്കില്‍ 1.25 ശതമാനം കുറവുണ്ടായി. ബാങ്കുകള്‍ ഏകീകൃത പലിശ നിര്‍ണയ രീതി നടപ്പാക്കി തുടങ്ങിയതോടെ പലിശ നിരക്കില്‍ 0.25 - 0.50 ശതമാനം കുറയാന്‍ സാധ്യതയുള്ളതായി വായ്‌പനയം അവലോകനയോഗത്തില്‍ ഡോ.രഘുറാം രാജന്‍ വ്യക്തമാക്കി. റീപ്പോയും റിവേഴ്‌സ്‌ റീപ്പോയും തമ്മിലും റീപ്പോയും ബാങ്ക്‌ റേറ്റും തമ്മിലുമുള്ള അകലം ഒരു ശതമാനമായിരുന്നത്‌ അര ശതമാനമായി കുറച്ചു. ഇതിനായി റിവേഴ്‌സ്‌ റീപ്പോ കാല്‍ ശതമാനം കൂട്ടി ആറു ശതമാനമാക്കി. ഈ വര്‍ഷം നാണ്യപ്പെരുപ്പം (ചില്ലറവില) അഞ്ചു ശതമാനമാകും എന്നാണു വിലയിരുത്തല്‍. വാണിജ്യബാങ്കുകള്‍ പലിശ താഴ്‌ത്താന്‍ വേണ്ടത്ര ഉത്സാഹിക്കുന്നില്ലെന്നു ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ബാങ്കുകള്‍ക്ക്‌ ലഭ്യമാക്കുന്ന ഹ്രസ്വകാല സാമ്പത്തിക പിന്തുണയുടെ നിരക്ക്‌ കുറച്ചതും റിവേഴ്‌സ്‌ റീപ്പോ കൂട്ടിയതും വഴി കൂടുതല്‍ പണം ബാങ്കുകള്‍ക്കു ലഭിക്കും. 15,000 കോടിയുടെ കടപ്പത്രങ്ങള്‍ തിരച്ചുവാങ്ങും. ഇതേസമയം, ഭവന, വാഹന, വ്യക്തിഗത വായ്‌പകള്‍ ഉള്‍പ്പെടെ എല്ലാത്തരം വായ്‌പകള്‍ക്കുമുള്ള പലിശ നിരക്കുകള്‍ കുറയ്‌ക്കാതിരിക്കാന്‍ ഇനി ബാങ്കുകള്‍ക്കാവില്ല. പലിശ കുറച്ചുകൊണ്ടുള്ള അറിയിപ്പുകള്‍ ബാങ്കുകള്‍ ഉടന്‍ പ്രഖ്യാപിച്ചേക്കാം. നിക്ഷേപങ്ങള്‍ക്കുള്ള പലിശയ്‌ക്കും കുറവുണ്ടാകാനാണ്‌ സാധ്യത.