Breaking News

Trending right now:
Description
 
Apr 06, 2016

കേരളത്തിലെ തെരുവുനായ്‌ ശല്യം: സമിതി പ്രശ്‌നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട്‌ നല്‍കണമെന്ന്‌ സുപ്രീംകോടതി

image കേരളത്തിലെ തെരുവുനായ ശല്യത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും പഠിക്കാന്‍ ഹൈക്കോടതി മുന്‍ ജസ്‌റ്റീസ്‌ സിരിജഗന്‍ അധ്യക്ഷനായി മൂന്നംഗസമിതിയെ സുപ്രീംകോടതി നിയമിച്ചു. പൊതുജനങ്ങള്‍ക്കെതിരേ തെരുവുനായ്‌ക്കളുടെ ആക്രമണം വര്‍ധിക്കുന്നതും ഇരകള്‍ക്ക്‌ അടിയന്തര ചികിത്സ ലഭിക്കുന്നതും അടക്കമുള്ളവയെക്കുറിച്ചു പഠിക്കാനും ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ച കോടതി, 12 ആഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടു. തെരുവു നായ്‌ക്കളുടെ ആക്രമണത്തിനിരയാകുന്നവര്‍ക്ക്‌ ആവശ്യമായ ചികിത്സ, മരുന്ന്‌ എന്നിവ സൗജന്യമായി ലഭിക്കുന്നുണ്ടോയെന്നും സമിതി പരിശോധിക്കണം. ഇരകള്‍ക്കു നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സമിതിയുടെ പ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ 60,000 രൂപയും സെക്രട്ടേറിയല്‍ സ്റ്റാഫിനെയും നല്‍കണം. എല്ലാ ജില്ലകളിലും പോയി തെളിവെടുപ്പ്‌ നടത്തുന്നതിനു സമിതിക്കു ണ്ടേ വാഹനസൗകര്യം ഒരുക്കണമെന്നും ജസ്റ്റീസുമാരായ ദീപക്‌ മിശ്രയും ശിവകീര്‍ത്തി സിംഗും പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ പറയുന്നു.

തെരുവുനായയുടെ കടിയേറ്റ്‌ മരിച്ച കോട്ടയം അയര്‍ക്കുന്നം മഞ്ഞാമറ്റത്ത്‌ ഡോളിയുടെ കുടുംബത്തിനു 40,000 രൂപ നഷ്ടപരിഹാരം നല്‍കാനും സുംപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ഡോളിയുടെ ഭര്‍ത്താവ്‌ ജോസ്‌ സെബാസ്‌റ്റിയന്‍, ഫാ.ജോര്‍ജ്‌ വര്‍ഗീസ്‌ എന്നിവര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ നഷ്ടപരിഹാരത്തിനുള്ള കൂടുതല്‍ ഹര്‍ജികള്‍ പരിഗണിക്കില്ലെന്നു കോടതി വ്യക്തമാക്കി.ഇതുസംബന്ധിച്ച അനന്തരനപടികള്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നീട്‌ പരിഗണിക്കും. കേരളത്തിലെ പല ഭാഗത്തും പ്രായംചെന്നവരും വതികളും സ്‌കൂള്‍കുട്ടികളുമടക്കം നിരവധിപേര്‍ തെരുവുനായ്‌ക്കളുടെ ആക്രമണത്തിനു ഇരയാകേണ്ടിവരുന്നത്‌ ജോസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വി.കെ.ബിജു കോടതിയെ ബോധിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു സഹായം അനുവദിക്കാറുണ്ടെന്ന സര്‍ക്കാരിന്റെ വാദവും കോടതി അംഗീകരിച്ചില്ല.