Breaking News

Trending right now:
Description
 
Apr 05, 2016

മുഖ്യമന്ത്രിക്കെതിരായ കേസ്‌ രാഷ്ട്രീയ പ്രേരിതമെന്ന്‌ ഹൈക്കോടതി

image സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ചു സിബിഐയോ ഇതര ഏജന്‍സിയോ അന്വേഷിക്കണമെന്ന്‌ സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്‌.നായരുടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നു ഹൈക്കോടതി. പൊതുജനങ്ങളില്‍നിന്നു കോടികള്‍ പിരിച്ചെന്ന 33 കേസുകളില്‍ പ്രതിയായ സരിതയ്‌ക്ക്‌ എന്തു വിശ്വാസ്യതയാണുള്ളതെന്നു കോടതി ചോദിച്ചു. സോളാര്‍ കമ്മീഷനില്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ സരിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റീസ്‌ ബി. കെമാല്‍ പാഷയാണ്‌ രൂക്ഷമായി വിമര്‍ശിച്ചത്‌. സോളാര്‍ കേസ്‌ പ്രതിയായ സരിതയ്‌ക്ക്‌ ഇത്തരമൊരു ആരോപണം ഉന്നയിക്കാനുള്ള വിശ്വാസ്യതയില്ല. തിരഞ്ഞെടുപ്പ്‌ കാലത്ത്‌ മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി വന്നിരിക്കുന്നതില്‍ രാഷ്‌ട്രീയമില്ലേ എന്ന സംശയവും കോടതി പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ്‌ സമയത്തെ രാഷ്‌ട്രീയ കളികളില്‍ താത്‌പര്യമില്ലെന്ന്‌ ഹൈക്കോടതി പറഞ്ഞു. പരാതിയുണ്ടെങ്കില്‍ ശ്രീധരന്‍ നായര്‍ നേരിട്ട്‌ വരട്ടെ. അല്ലാതെ പരാതിക്കാരന്‌ വേണ്ടി പ്രതി എങ്ങനെ കേസുകള്‍ നടത്തുമെന്നും കോടതി ചോദിച്ചു. മല്ലേലില്‍ ശ്രീധരന്‍ നായരുടെ പരാതിയില്‍ കോന്നി പൊലീസ്‌ അന്വേഷിച്ച കേസ്‌ സിബിഐയോ ഇതര ഏജന്‍സിയോ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടു സരിത നല്‍കിയ ഹര്‍ജി കോടതി തള്ളി. കഴമ്പുള്ള കേസുകള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ പരിഗണനയിലുണ്ട്‌ കോടതിയുടെ സമയം വെറുതെ പാഴാക്കരുത്‌. മുഖ്യമന്ത്രിക്കെതിരെ പരാതി ഉണ്ടെങ്കില്‍ സരിത അക്കാര്യം ഉന്നയിക്കണം. എന്തിന്‌ ശ്രീധരന്‍ നായരുടെ കേസിനെ കൂട്ടുപിടിക്കുത്‌- കോടതി ചോദിച്ചു. കേസിലെ മുഖ്യപ്രതി തന്നെ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്ന പ്രത്യേക സാഹചര്യമാണിവിടെ. സുപ്രീംകോടതി വിധിയനുസരിച്ച്‌ കേസ്‌ അന്വേഷണത്തില്‍ പ്രകടമായ അപാകതകളോ കള്ളത്തരങ്ങളോ ഇല്ലെങ്കില്‍ ഇത്തരം ആവശ്യം പരിഗണിക്കേണ്ടതില്ല. തനിക്കെതിരെയുള്ള അന്വേഷണത്തില്‍ തെറ്റോ കുറ്റമോ ചൂണ്ടിക്കാട്ടാന്‍ സരിതയ്‌ക്കു കഴിയുന്നില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നല്‍കാന്‍ തയാറാണെന്ന്‌ സരിത മാധ്യമങ്ങളോട്‌ പറഞ്ഞു. തെളിവുകള്‍ പൊലീസിനെ ഏല്‍പ്പിച്ചാല്‍ നശിപ്പിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്നും സരിത വ്യക്തമാക്കി.