Breaking News

Trending right now:
Description
 
Apr 04, 2016

ജോണി നെല്ലൂര്‍ രാജിവച്ചു; ഇനി കോണ്‍ഗ്രസിനെതിരെ പടയൊരുക്കം

image സീറ്റ്‌ വിഭജനത്തെത്തുടര്‍ന്ന്‌ കോണ്‍ഗ്രസുമായുണ്ടായ അഭിപ്രായവ്യത്യാസം രൂക്ഷമായ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ്‌ (ജേക്കബ്‌) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പാര്‍ട്ടിവിട്ടു. യുഡിഎഫ്‌ ഉന്നതാധികാര സമിതി സ്ഥാനവും പ്രകടനപത്രിക രൂപീകരണ സമിതി അംഗത്വവും ഇതോടൊപ്പം രാജിവച്ച നെല്ലൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നു വ്യക്തമാക്കി. യുഡിഎഫുമായി ഒരു ബന്ധവും ഉണ്ടായിരിക്കില്ല. ആരുടെയും പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌. പാര്‍ട്ടിക്കു കഴിഞ്ഞ തവണയുള്ളയത്ര പോലും സീറ്റ്‌ നേടിയെടുക്കാന്‍ കഴിയാത്തതു ചെയര്‍മാനെന്നുള്ള നിലയില്‍ തന്റെ പരാജയവും കഴിവുകുറവുമാണെന്നു തിരിച്ചറിഞ്ഞതിനാലാണു രാജി. അങ്കമാലി, മൂവാറ്റുപുഴ, കോതമംഗലം സീറ്റുകളില്‍ ഏതിലെങ്കിലും മത്സരിക്കും. തന്നെ കൂടെകൊണ്ടുനടന്നു കോണ്‍ഗ്രസ്‌ ചതിക്കുകയായിരുന്നുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. 2004ല്‍ തന്നെ ടി.എം. ജേക്കബിനു മന്ത്രിസ്ഥാനം നിരസിച്ചു പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇതുവരെയും കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരും തന്നെ വിളിച്ചിട്ടില്ല. സാധാരണയായി ഘടകകക്ഷികളുടെ ധാരണയായതിനു ശേഷമേ ചര്‍ച്ചകള്‍ക്കു പോകാറുള്ളൂ. എന്നാല്‍, മുസ്‌ലിം ലീഗിന്റെ 20 സീറ്റുകളൊഴികെ ഒരു ഘടകകക്ഷിയുടെയും സീറ്റില്‍ ധാരണയിലെത്താതെ അവരെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്‌ യുഡിഎഫ്‌ നേതൃത്വം ചെയ്യുന്നത്‌. മൂവാറ്റുപുഴ മണ്ഡലം രൂപീകൃതമായതിനു ശേഷം ജേക്കബ്‌ ഗ്രൂപ്പില്‍നിന്നാണ്‌ എംഎല്‍എമാര്‍ ഉണ്ടയിരിക്കുന്നത്‌. എന്നാല്‍, 2011ല്‍ യാതൊരു കാരണവും കൂടാതെ മൂവാറ്റുപുഴ സീറ്റ്‌ പാര്‍ട്ടിക്കു നിഷേധിച്ചു. തന്നെ അങ്കമാലിയില്‍ ചാവേറായി നിര്‍ത്തി. യുഡിഎഫിനു മേല്‍ക്കോയ്‌മയുണ്ടായിരുന്ന ഇവിടെ താന്‍ തോറ്റതെങ്ങനെയാണെന്ന്‌ എല്ലാവര്‍ക്കും അറിവുള്ള കാര്യമാണെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.