Breaking News

Trending right now:
Description
 
Apr 03, 2016

കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി പട്ടിക ഇന്ന്‌ പുറത്തിറക്കും: ഉമ്മന്‍ചാണ്ടി

image കോണ്‍ഗ്രസിന്റെ സീറ്റ്‌ നിര്‍ണ്ണയചര്‍ച്ചയ്‌ക്ക്‌ ഡല്‍ഹിക്കുപോയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിച്ചെത്തി. ഡല്‍ഹിയിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയായതെന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപട്ടിക ഇന്നു പുറത്തിറക്കുമെന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരോട്‌ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മത്സരിക്കുമോ എന്ന ചോദ്യത്തിന്‌ അക്കാര്യമെല്ലാം സ്ഥാനാര്‍ഥിപട്ടിക പുറത്തുവന്നതിനുശേഷം പറയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ തൃപ്‌തനാണോ എന്ന ചോദ്യത്തോട്‌ മുഖ്യമന്ത്രി പ്രതികരിച്ചില്ല. വിമാനത്താവളത്തില്‍ കാത്തുനിന്ന എ ഗ്രൂപ്പ്‌ നേതാക്കളായ കെ.സി.ജോസഫ്‌, കെ.ബാബു, ബെന്നി ബഹനാന്‍, ഡൊമനിക്‌ പ്രസന്റേഷന്‍ എന്നിവരുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്‌ച നടത്തിയശേഷമാണ്‌ മാധ്യമപ്രവര്‍ത്തകരെ കണ്ടത്‌. മന്ത്രിമാരെ കളങ്കിതരായും തെറ്റുകാരായും ചിത്രീകരിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നു എ ഗ്രൂപ്പ്‌ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ്‌ മന്ത്രിമാര്‍ പ്രവര്‍ത്തിച്ചത്‌. കൂട്ടുത്തരവാദിത്വത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ തീരുമാനങ്ങള്‍. ഇപ്പോള്‍ നടക്കുന്നത്‌ തനിക്കെതിരെയുള്ള പ്രവര്‍ത്തനമാണെന്നും അദ്ദേഹം ആരോപിച്ചു.

ആറുദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷവും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിക്കാനാകാതെയാണ്‌ മുഖ്യമന്ത്രി ഡല്‍ഹിയില്‍നിന്ന്‌ കേരളത്തിലേക്ക്‌ മടങ്ങിയത്‌. തര്‍ക്കസീറ്റുകളില്‍ മാറ്റം വരുത്താന്‍ തയാറല്ലെന്നു നിലപാടില്‍ ഉമ്മന്‍ചാണ്ടിയും മാറ്റമുണ്ടായേതീരൂവെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വി.എം.സുധീരനും ഉറച്ചുനിന്നു. എന്തുതീരുമാനവും ഹൈക്കമാന്‍ഡിനു കൈക്കൊള്ളാമെന്നും എന്നാല്‍, തീരുമാനം പ്രതികൂലമായാല്‍ മത്സരരംഗത്ത്‌ താന്‍ ഉണ്ടാകില്ലെന്ന അഭിപ്രായം അറിയിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മടക്കം. കേരള നേതാക്കളില്‍ അഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല മാത്രമേ തലസ്ഥാനത്ത്‌്‌ ഇപ്പോഴുള്ളൂ. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയെ കൂടാതെ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്റണി, സ്‌ക്രീനിങ്‌ കമ്മിറ്റി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്‌ എന്നിവരും ഇന്നലത്തെ ചര്‍ച്ചയില്‍ പങ്കെടുത്തു. വൈകുന്നേരത്തോടെ മുഴുവന്‍ സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകുമെന്നാണു പ്രതീക്ഷയെന്ന്‌ ഇന്നലെ രാത്രി യോഗത്തിനുശേഷം കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരന്‍ അറിയിച്ചിരുന്നത്‌. അഞ്ചുതര്‍ക്കസീറ്റുകളാണുള്ളത്‌. തര്‍ക്കസീറ്റുകളില്‍ കോണ്‍ഗ്രസ്‌ നേതൃത്വം ഹൈക്കമാന്‍ഡിന്‌ പാനല്‍ നല്‍കി. അടൂര്‍ പ്രകാശ്‌, പി.മോഹന്‍രാജ്‌ (കോന്നി), കെ.ബാബു, എം.എ.ചന്ദ്രശേഖരന്‍, എന്‍.വേണുഗോപാല്‍ (തൃപ്പൂണിത്തുറ), ബെന്നി ബഹനാന്‍, പി.ടി.തോമസ്‌ (തൃക്കാക്കര), ഡൊമിനിക്‌ പ്രസന്റേഷന്‍, ടോണി ചമ്മിണി (കൊച്ചി), കെ.സി.ജോസഫ്‌, സജീവ്‌ ജോസഫ്‌ (ഇരിക്കൂര്‍) എന്നിങ്ങനെയാണ്‌ പാനല്‍. നാട്ടിക ജെഡിയുവിനും കയ്‌പമംഗലം ആര്‍എസ്‌പിക്കും നല്‍കാനാണ്‌ ധാരണ. തരൂര്‍ സീറ്റില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചെങ്കിലും കേരളാ കോണ്‍ഗ്രസിന്‌ (ജേക്കബ്‌) നല്‍കാന്‍ സാധ്യതയുണ്ട്‌.