Breaking News

Trending right now:
Description
 
Apr 03, 2016

റവ.ഡോ. ക്രിസ്‌തുദാസിന്റെ മെത്രാഭിഷേകം ഇന്ന്‌

image തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാനായി നിയമിതനായ റവ.ഡോ.ആര്‍. ക്രിസ്‌തുദാസിന്റെ മെത്രാഭിഷേകം ഇന്ന്‌. വെട്ടുകാട്‌ മാദ്രേ ദെ ദേവൂസ്‌ ദേവാലയാങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ വൈകുന്നേരം നാലിനു നടക്കുന്ന മെത്രാഭിഷേക ചടങ്ങില്‍ തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസപാക്യം മുഖ്യകാര്‍മികത്വം വഹിക്കും. കൊല്ലം ബിഷപ്‌ ഡോ.സ്‌റ്റാന്‍ലി റോമന്‍, നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. സീറോമലബാര്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സന്ദേശം നല്‍കും. ഇരുപതില്‍പ്പരം ബിഷപ്പുമാരും നൂറു കണക്കിനു വൈദികരും സന്യസ്‌തരും പതിനായിരക്കണക്കിന്‌ വിശ്വാസികളും മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുക്കും. നിയുക്ത സഹായ മെത്രാനെയും മറ്റു മെത്രാന്മാരെയും വേദിക്കുമുമ്പില്‍ സ്വീകരിക്കുന്നതോടെയാണ്‌ അഭിഷേക ചടങ്ങുകള്‍ ആരംഭിക്കുന്നത്‌. 250ലേറെ വരുന്ന ഗായകസംഘം ആരാധനാ തിരുക്കര്‍മങ്ങളില്‍ ഗാനങ്ങള്‍ ആലപിക്കും. അരലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന പന്തലാണ്‌ ഒരുക്കിയിരിക്കുന്നത്‌. തിരുവനന്തപുരം ജില്ലയിലെ അടിമലത്തുറ കടലോരഗ്രാമത്തില്‍ രാജപ്പന്റെയും ആഞ്‌ജലീനയുടെയും ആറു മക്കളില്‍ മൂത്തയാളാണ്‌ നാല്‍പത്തിനാലുകാരനായ റവ.ഡോ. ക്രിസ്‌തുദാസ്‌.