Breaking News

Trending right now:
Description
 
Apr 01, 2016

കോണ്‍ഗ്രസ്‌ ചതിച്ചുവെന്ന്‌ ജോണി നെല്ലൂര്‍

image അങ്കമാലി സീറ്റ്‌ കേരളാ കോണ്‍ഗ്രസിന്‌ (ജേക്കബ്‌) നല്‍കാനാവില്ലെന്നു കോണ്‍ഗ്രസ്‌ ഔദ്യോഗികമായി അറിയിച്ചതോടെ കടുത്ത എതിര്‍പ്പുമായി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രംഗത്ത്‌ എത്തി. കോണ്‍ഗ്രസ്‌ കാട്ടിയത്‌ ചതിയാണെന്നും ക്രൂരതയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. കൂടെ കൊണ്ടുവന്ന്‌ വഞ്ചിക്കുകയാണ്‌ കോണ്‍ഗ്രസ്‌ ചെയ്‌തത്‌. 1982 മുതല്‍ യുഡിഎഫില്‍ പ്രവര്‍ത്തിച്ചുവരുന്ന പാര്‍്‌ട്ടിയാണ്‌ കേരളാ കോണ്‍ഗ്രസ്‌. 23 വര്‍ഷമായി ആ പാര്‍ട്ടിയുടെ ചെയര്‍മാനായ തനിക്ക്‌ ഇപ്പോള്‍ സീറ്റില്ലെന്നാണ്‌ പറയുന്നത്‌. കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അങ്കമാലി സീറ്റ്‌ നല്‍കാമെന്നു ഉറപ്പുപറഞ്ഞതാണ്‌. ഒരു പ്രാവശ്യമല്ല; പലതവണ ഉറപ്പുനല്‍കി. ഇപ്പോള്‍ സീറ്റില്ലാ എന്നു പറയുമ്പോള്‍ ചതിയെന്നല്ലാതെ എന്താണ്‌ പറയേണ്ടത്‌ ജോണി നെല്ലൂര്‍ ചോദിച്ചു. 2011ലെ തിരഞ്ഞെടുപ്പോടെ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമം നടന്നിരുന്നു. അന്ന്‌ പ്രതികരിക്കാതിരുന്നതാണ്‌ പാര്‍ട്ടിക്കുണ്ടായ വലിയ ക്ഷീണം പാര്‍ട്ടി സ്ഥിരം ജയിച്ചുകൊണ്ടിരുന്ന മൂവാറ്റുപുഴസീറ്റ്‌ യാതൊരു കാരണവുമില്ലാതെ അന്ന്‌ എടുത്തുകളഞ്ഞു. പത്രിക സമര്‍പ്പിക്കേണ്ട തീയതിയുടെ തലേന്നാണ്‌ അന്ന്‌ തീരുമാനം അറിയിച്ചത്‌. അന്ന്‌ പ്രതികരിക്കാന്‍ അവസരംപോലുമുണ്ടായില്ല. ഇത്തവണ അങ്കമാലിയില്‍ സീറ്റ്‌ ഉറപ്പാണെന്ന്‌ വിശ്വസിച്ച്‌ വീടും ഓഫീസും എടുത്ത്‌ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുതുടങ്ങിയപ്പോഴാണ്‌ അങ്കമാലി സീറ്റ്‌ നല്‍കില്ലെന്നു യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ വ്യക്തമാക്കിയത്‌. പിറവം സീറ്റ്‌ മാത്രമേ നല്‍കൂവെന്നും അറിയിച്ചിരുന്നു. സീറ്റ്‌ വിഭനത്തിനുശേഷം ഏതെങ്കിലും ജില്ലയില്‍ സീറ്റുകള്‍ ഒഴിവുവന്നാല്‍ അതു നല്‍കുന്ന കാര്യം ആലോചിക്കാമെന്നാണ്‌ തങ്കച്ചന്‍ പറഞ്ഞത്‌. മന്ത്രി അനൂപ്‌ ജേക്കബ്‌ ജയിച്ച സീറ്റാണ്‌ പിറവം എന്നകാര്യവും യുഡിഎഫ്‌ മറന്നിരിക്കുകയാണ്‌. യുഡിഎഫ്‌ സീറ്റ്‌ നല്‍കാത്തതിനെ തുടര്‍ന്ന്‌ കോതമംഗലത്ത്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന പ്രചരണവും ജോണി നെല്ലൂര്‍ നിഷേധിച്ചു. അപമാനിതനായെന്നു കരുതി രാഷ്ട്രീയ വനവാസത്തിനില്ല. ഇന്ന്‌ ഉച്ചയ്‌ക്കുശേഷം പാര്‍ട്ടി സംസ്ഥാനഭാരവാഹികളുടെ യോഗം ചേരുന്നുണ്ട്‌. അതിനുശേഷം തള്ളണോ കൊള്ളണോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.