Breaking News

Trending right now:
Description
 
Apr 01, 2016

ഭൂമിതട്ടിപ്പുകേസില്‍ ജോയ്‌സ്‌ ജോര്‍ജ്‌ എംപി പ്രതി; അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

image ദേവികുളം വട്ടവട, കൊട്ടക്കാമ്പൂര്‍ വില്ലേജുകളിലെ പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്തെന്ന കേസില്‍ ആരോപണവിധേയനായ ജോയ്‌സ്‌ ജോര്‍ജ്‌ എംപിക്കും ബന്ധുക്കള്‍ക്കുമെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കേസിന്റെ അന്വേഷണം തുടരുന്നതിനൊപ്പം ഇടുക്കി ജില്ല പൊലീസ്‌ മേധാവി മേല്‍നോട്ടം വഹിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഫലപ്രദമായ അന്വേഷണം ഉറപ്പാക്കണമെന്നും ജസ്റ്റീസ്‌ ബി.കെമാല്‍ പാഷ നിര്‍ദേശിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ഉടുമ്പഞ്ചോല സ്വദേശി മുകേഷ്‌ മോഹന്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതിയുടെ ഉത്തരവ്‌. കേസുമായി ബന്ധപ്പെട്ടു സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ ചോദ്യം ചെയ്‌ത്‌ ജോയ്‌സ്‌ ജോര്‍ജിന്റെ സഹോദരന്‍ ജോര്‍ജി ജോര്‍ജ്‌ അപ്പീല്‍ നല്‍കിയിരുന്നു. ജോര്‍ജി ജോര്‍ജ്‌ നല്‍കിയ ഹര്‍ജിയില്‍ ചീഫ്‌ ജസ്റ്റീസ്‌ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ പരാമര്‍ശം നീക്കം ചെയ്യുകയും ഹര്‍ജി സിംഗിള്‍ ബെഞ്ച്‌ തന്നെ പരിഗണിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു. അന്വേഷണം തുടരുന്നതിനു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവ്‌ നല്‍കിയിട്ടുണ്ടെന്നതു വ്യക്തമാണെന്നു ജസ്റ്റീസ്‌ കെമാല്‍ പാഷ പറഞ്ഞു. അന്വേഷണം സ്റ്റേ ചെയ്യണമെന്നോ നിര്‍ത്തിവയ്‌ക്കണമെന്നോ ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചിട്ടില്ല. ഇക്കാരണത്താല്‍തന്നെ ഇടുക്കി ജില്ലാ പോലീസ്‌ സൂപ്രണ്ടന്റെ വ്യക്തമായ മേല്‍നോട്ടത്തില്‍ അന്വേഷണം തുടരുകതന്നെവേണം- കോടതി നിര്‍ദേശിച്ചു. കേസിലെ ഒന്നാം പ്രതിയും ജോയ്‌സ്‌ ജോര്‍ജിന്റെ പിതാവുമായ ജോര്‍ജ്‌ പട്ടികജാതിക്കാര്‍ക്കു പട്ടയമായി ലഭിച്ച ഭൂമി പവര്‍ ഓഫ്‌ അറ്റോര്‍ണിയിലൂടെ സ്വന്തമാക്കിയെന്നും പിന്നീടു ഭൂമി മകനും മരുമകളും ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ എഴുതിക്കൊടുത്തുവെന്നുമാണു കേസ്‌. പട്ടികജാതി വര്‍ഗ അതിക്രമ നിരോധന നിയമം, ഭൂമി തട്ടിയെടുക്കല്‍, വ്യാജപ്രമാണം ചമയ്‌ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌.