Breaking News

Trending right now:
Description
 
Mar 31, 2016

അഴിമതിക്കേസ്‌: മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിതാന്വേഷണത്തിന്‌ വിജിലന്‍സ്‌ കോടതി

image വിവാദ സ്വാമി സന്തോഷ്‌ മാധവനില്‍നിന്നു പിടിച്ചെടുത്ത 112 ഏക്കര്‍ മിച്ചഭൂമി തിരികെ നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിലെ അഴിമതി അന്വേഷിക്കണമെന്ന പരാതിയില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി ഉത്തരവ്‌. അടൂര്‍ പ്രകാശിനെ കൂടാതെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ്‌ മേത്ത, സന്തോഷ്‌ മാധവന്‍ എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയും ത്വരിതാന്വേഷണം നടക്കും. വിജിലന്‍സ്‌ ഡയറക്ടറോട്‌ ഏപ്രില്‍ 24നകം റിപ്പോര്‍ട്ട്‌ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്‌. പിടിച്ചെടുത്ത മിച്ചഭൂമി ഐടി പാര്‍ക്ക്‌ സ്ഥാപിക്കാനെന്നപേരില്‍ തിരികെ നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. പൊതു പ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ്‌ ബാബുവാണ്‌ പരാതിയുമായി കോടതിയെ സമീപിച്ചത്‌. പരാതിയില്‍ ഒന്നാം എതിര്‍കക്ഷിയായി ചേര്‍ത്തിരുന്നെങ്കിലും മുഖ്യമന്ത്രിയെ അന്വേഷണത്തില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. അന്വേഷണം പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പങ്ക്‌ സംബന്ധിച്ചു സംശയം ഉണ്ടായാല്‍ അപ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്നും കോടതി നിര്‍ദേശിച്ചു. എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. സന്തോഷ്‌ മാധവന്റെ ഉടമസ്ഥതയിലുള്ള ആദര്‍ശ്‌ പ്രൈം പ്രോജക്‌ട്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനി എറണാകുളം ജില്ലയിലെ വടക്കന്‍പറവൂര്‍ പുത്തന്‍വേലിക്കര വില്ലേജില്‍ 95.44 ഏക്കര്‍ നിലവും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കിലെ മഠത്തുംപടി വില്ലേജില്‍ 32.41 ഏക്കര്‍ നിലവും 2006ല്‍ വാങ്ങിയിരുന്നു. ഈ ഭൂമി സര്‍ക്കാര്‍ മിച്ചഭൂമിയായി 2009 ജനുവരിയില്‍ ഏറ്റെടുത്തു. ഇതിനെതിരെ സന്തോഷ്‌ മാധവന്റെ കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു.