Breaking News

Trending right now:
Description
 
Mar 29, 2016

കൊച്ചിയെ വിറപ്പിച്ച 'റിപ്പര്‍' പിടിയില്‍

image കൊച്ചിയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ റിപ്പര്‍ മാതൃകയില്‍ കൊലപാതക പരമ്പര നടത്തിവന്ന എറണാകുളം തേവര മമ്മാഞ്ഞിമുക്ക്‌ കിണറ്റിങ്കല്‍ സേവ്യറെ (കുഞ്ഞുമോന്‍-42) പൊലീസ്‌ അറസ്റ്റു ചെയ്‌തു. റോഡരുകില്‍ കിടന്നുറങ്ങിയ ഒമ്പതുപേരെ പത്തുവര്‍ഷത്തിനിടെ ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന്‌ പൊലീസ്‌ വ്യക്തമാക്ക. എറണാകുളം നോര്‍ത്ത്‌ ഇഎസ്‌ഐ ആശുപത്രിക്ക്‌ എതിര്‍വശത്തെ ഓലഷെഡില്‍ കഴിഞ്ഞ ഒമ്പതിന്‌ ഉണ്ണിക്കൃഷ്‌ണന്‍ എന്നയാളെ കല്ലുകൊണ്ട്‌ ഇടിച്ചുകൊന്ന കേസിലാണു സേവ്യര്‍ പിടിയിലായത്‌. ചോദ്യം ചെയ്യലിലാണ്‌ ഇതിനു മുമ്പ്‌ നടത്തിയ കൊലപാതകങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്‌. പൊതുസ്ഥലങ്ങളില്‍ ഒറ്റയ്‌ക്കു കിടന്നുറങ്ങുന്നവരുടെ പണം മോഷ്ടിക്കുകയും എതിര്‍ക്കുന്നവരെ നോട്ടമിട്ടു പിന്നീടു തിരിച്ചെത്തി കല്ല്‌ ഉപയോഗിച്ച്‌ ഇടിച്ചുകൊല്ലുകയുമാണു രീതിയെന്നു ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചു. മദ്യപിച്ചു ബഹളമുണ്ടാക്കിയതിനും പോക്കറ്റിടിച്ചതിനുമായി വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുമുണ്ട്‌. മദ്യപാനത്തിനും ലഹരിമരുന്നിനും അടിമയായ കുഞ്ഞുമോന്‍ പെയിന്റിങ്‌ തൊഴിലാളിയാണ്‌. കയ്യിലുള്ള ലഹരിയും പണവും തീരുമ്പോള്‍ രാത്രി കടത്തിണ്ണയിലും മറ്റും കിടന്നുറങ്ങുന്നവരുടെ പോക്കറ്റില്‍നിന്നു പണം മോഷ്ടിക്കുകയായിരുന്നു രീതി. ഇങ്ങനെ പണം മോഷ്ടിക്കുന്നതിനിടെയാണ്‌ കൊലപാതകങ്ങള്‍ ഒക്കെയും നടത്തിയിട്ടുള്ളത്‌.