Breaking News

Trending right now:
Description
 
Mar 29, 2016

ജോര്‍ജിനൊപ്പം ഗൗരിയമ്മയേയും എല്‍ഡിഎഫ്‌ തള്ളി ; ഫ്രാന്‍സിസ്‌ ജോര്‍ജ്‌ അകത്ത്‌

image യുഡിഎഫ്‌ വിട്ട്‌ എല്‍ഡിഎഫ്‌ പാളയത്തിലേക്ക്‌ കൂറുമാറിയ കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ പി.സി.ജോര്‍ജിന്‌ സീറ്റു നല്‍കേണ്ടതില്ലെന്ന്‌ ഇടതുമുന്നണി തീരുമാനിച്ചു. യുഡിഎഫ്‌ ഘടകകക്ഷിയായിരിക്കെ അവിടെനിന്നും പുറത്തുചാടി ഇടതുമുന്നണിയോടു സീറ്റു ചോദിച്ചുവന്ന പാര്‍ട്ടിയുടെ മുന്‍ പോരാളി കെ.ആര്‍.ഗൗരിയമ്മയുടെ ജെഎസ്‌എസിനെയും ഇടതുമുന്നണി സീറ്റു നല്‍കിയില്ല. ജെഎസ്‌എസിനെയും പി.സി.ജോര്‍ജിനെയും ഒഴിവാക്കിയപ്പോള്‍ ഫ്രാന്‍സിസ്‌ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിന്‌ നാലു സീറ്റുകള്‍ അനുവദിച്ചു. ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണു സീറ്റുകളെ സംബന്ധിച്ചു തീരുമാനമായത്‌.

യുഡിഎഫ്‌ വിട്ട്‌ എല്‍ഡിഎഫിലെത്തിയ ആര്‍.ബാലകൃഷ്‌ണപിള്ളയ്‌ക്കും സീറ്റില്ലെന്നു സ്ഥിരികരിക്കപ്പെട്ടുകഴിഞ്ഞു. കേരളാ കോണ്‍ഗ്രസ്‌ (സ്‌കറിയതോമസ്‌) നേതാവായ വി.സുരേന്ദ്രപിള്ളയേയും പാര്‍ട്ടി തഴഞ്ഞു. ഇടതുമുന്നണിയോഗത്തില്‍ ഇക്കാര്യം ചണ്ടിക്കാട്ടി സുരേന്ദ്രപിള്ളപൊട്ടിത്തെറിച്ചെങ്കിലും ഫലമുണ്ടായില്ല. ജനതാദള്‍, കോണ്‍ഗ്രസ്‌-എസ്‌, എന്‍സിപി എന്നീ പാര്‍ട്ടികള്‍ക്കും അര്‍ഹമായത്‌ ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നു.
യുഡിഎഫ്‌ വിട്ട ഫ്രാന്‍സിസ്‌ ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിനു സിപിഎം മത്സരിച്ചിരുന്ന ചങ്ങനാശേരി, പൂഞ്ഞാര്‍, ഇടുക്കി സീറ്റുകളും കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ്‌ ലയനവിരുദ്ധ വിഭാഗം മത്സരിച്ച തിരുവനന്തപുരം സെന്‍ട്രലുമാണ്‌ നല്‍കിയത്‌. സിപിഎം 92 സീറ്റിലും സിപിഐ 27 സീറ്റിലുമാണു മത്സരിക്കുക. ജനതാദള്‍-എസിന്‌ അഞ്ചും എന്‍സിപിക്കു നാലും ഐഎന്‍എലിനു മൂന്നും കേരള കോണ്‍ഗ്രസ്‌ -സ്‌കറിയ തോമസ്‌ വിഭാഗം കോണ്‍ഗ്രസ്‌-എസ്‌, കേരള കോണ്‍ഗ്രസ്‌-ബി, സിഎംപി, ആര്‍എസ്‌പി-എല്‍ പാര്‍ട്ടികള്‍ക്ക്‌ ഓരോ സീറ്റുമാണു ലഭിച്ചിരിക്കുന്നത്‌. വടകര, ചിറ്റൂര്‍, അങ്കമാലി, കോവളം, തിരുവല്ല എന്നീ സീറ്റുകളാണു ജനതാദള്‍-എസിന്‌. കുട്ടനാട്‌, ഏലത്തൂര്‍, പാലാ, കോട്ടയ്‌ക്കല്‍ മണ്ഡലങ്ങളില്‍ എന്‍സിപി മത്സരിക്കും. കാസര്‍ഗോഡ്‌, കോഴിക്കോട്‌ സൗത്ത്‌, വള്ളിക്കുന്ന്‌ മണ്ഡലങ്ങളില്‍ ഐഎന്‍എല്‍ മത്സരിക്കും. കോണ്‍ഗ്രസ്‌-എസിനു നിലവിലെ കണ്ണൂര്‍ സീറ്റാണ്‌ അനുവദിച്ചിരിക്കുന്നത്‌. കേരള കോണ്‍ഗ്രസ്‌ -സ്‌കറിയാ വിഭാഗത്തിനു കടുത്തുരുത്തിയും സിഎംപിക്കു ചവറയും ആര്‍എസ്‌പി-ലെനിനിസ്റ്റിനു കുന്നത്തൂരും കേരള കോണ്‍ഗ്രസ്‌-ബിക്ക്‌ പത്തനാപുരവുമാണു ലഭിച്ചിരിക്കുന്ന മണ്ഡലങ്ങള്‍.

ജോര്‍ജിനു പൂഞ്ഞാര്‍ കൊടുക്കുന്ന കാര്യത്തില്‍ തുടക്കം മുതല്‍ സിപിഎമ്മില്‍ രണ്ടഭിപ്രായമുണ്ടായി. ഒടുവില്‍ എല്‍ഡിഎഫിനു വിട്ടപ്പോഴും ആരും പിന്തുണയ്‌ക്കാന്‍ തയാറായതുമില്ല. ഗൗരിയമ്മയ്‌ക്ക്‌ പറ്റിയ സീറ്റോ, സ്ഥാനാര്‍ഥിയോ ഇല്ലെന്നും ബാലകൃഷ്‌ണപിള്ളയ്‌ക്ക്‌ സീറ്റ്‌ കൊടുത്താല്‍ അത്‌ അഴിമതിക്കെതിരായ നിലപാടിനു ദോഷം ചെയ്യുമെന്നും വിലയിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷ നല്‍കി കൂടെകൂട്ടിയവരെയാണ്‌ പാര്‍ട്ടി ഇപ്പോള്‍ തഴഞ്ഞിരിക്കുന്നത്‌.