Breaking News

Trending right now:
Description
 
Mar 25, 2016

കലാഭവന്‍ മണിയുടെ മരണം: കസ്റ്റഡിയിലെടുത്ത മൂന്നുപേരെ വിട്ടയച്ചു

image കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്ത മൂന്നുപേരെ വിട്ടയച്ചു. ബന്ധു കൂടിയായ വിപിന്‍, തമിഴ്‌നാട്‌ സ്വദേശി മുരുകന്‍, അരുണ്‍ എന്നിവരെയാണ്‌ അന്വേഷണ സംഘം വിട്ടയച്ചത്‌. കാര്യമായ തെളിവുകള്‍ കിട്ടാത്ത സാഹചര്യത്തിലാണ്‌ ഇവരെ വിട്ടയച്ചത്‌. ഇവര്‍ തുടര്‍ന്നും പൊലീസ്‌ നിരീക്ഷണത്തിലായിരിക്കും. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഔട്ട്‌ഹൗസായ പാഡിയിലെ ജീവനക്കാരായ ഇവരെ സംശയമുണ്ടെന്നും മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്‌ണന്‍ ചാനല്‍ ചര്‍ച്ചകളിലും പിന്നീടു മാധ്യമങ്ങളോടും പറഞ്ഞതിനെത്തുടര്‍ന്നാണു പൊലീസ്‌ ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്‌തത്‌. എന്നാല്‍, ഇത്രദിവസം തുടര്‍ച്ചയായി ഇവരെ ചോദ്യംചെയ്‌തിട്ടും കാര്യമായ തെളിവുകളൊന്നും അന്വേഷണസംഘത്തിനു ലഭിച്ചില്ല. മൂന്നുപേരുടെയും മൊഴികള്‍ പലതവണ പൊലീസ്‌ എടുത്തിരുന്നു. മൂന്നുപേരും പറയുന്നതു മിക്കവാറും ഒരേ കാര്യങ്ങള്‍ തന്നെയാണ്‌. കൊലപാതകത്തിലേക്കോ ആത്മഹത്യയിലേക്കോ നയിക്കുന്ന സൂചനകളൊന്നും ഇവര്‍ക്ക്‌ നല്‍കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതരമായ രോഗവും വിഷവും മരണകാരണമായെന്നാണു പറഞ്ഞിട്ടുള്ളത്‌. അന്വേഷണം അന്തിമ ഘട്ടത്തിലാണ്‌. മരണകാരണത്തില്‍ വ്യക്തത വരുത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടുമെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. മണിയുടെ മരണശേഷം കാക്കനാട്ടെ സര്‍ക്കാര്‍ ലാബില്‍ നടത്തിയ ആന്തരികാവയവ പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.