Breaking News

Trending right now:
Description
 
Mar 25, 2016

പാരഡിഗാനങ്ങളുടെ തോഴന്‍ വി.ഡി. രാജപ്പന്‍ അന്തരിച്ചു

image പ്രശസ്‌ത കഥാപ്രസംഗ കലാകാരനും ചലച്ചിത്രതാരവുമായ വി.ഡി. രാജപ്പന്‍ (70) അന്തരിച്ചു. കോട്ടയത്ത്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രമേഹം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചികിത്സയും വിശ്രമജീവിതവും നയിച്ചുവരുകയായിരുന്നു. രോഗത്തെത്തുടര്‍ന്നു കേള്‍വിയും ഓര്‍മയും പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു. ഒരുകാലത്ത്‌ മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഈ ഹാസ്യതാരത്തിന്റെ അവസാനകാലം തീര്‍ത്തും ദുരിതപൂര്‍ണമായിരുന്നു. താരസംഘടനയായ അമ്മയില്‍നിന്നു പ്രതിമാസം കൈനീട്ടമായി 5000 രൂപ ലഭിച്ചിരുന്നതാണ്‌ അവസാന കാലത്തു തുണയായത്‌. മലയാളത്തിലെ പാരഡി ഗാനങ്ങളുടെ ഉപജ്ഞാതാവായാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌. മയാള സിനിമാഗാനങ്ങളുടെ പാരഡികള്‍ അടങ്ങിയ കഥാപ്രസംഗങ്ങള്‍ വി.ഡി.രാജപ്പനെ കൂടുതല്‍ ജനകീയനാക്കി. നൂറോളം സിനിമകളിലും ഹാസ്യ സീരിയലുകളിലും വേഷമിട്ടു. ആക്ഷേപഹാസ്യത്തിലൂടെ രാജപ്പന്‍ അവതരിപ്പിച്ച കഥാപ്രസംഗങ്ങളാണ്‌ അദ്ദേഹത്തെ പ്രശസ്‌തനാക്കിയത്‌. മൃഗങ്ങള്‍, വാഹനങ്ങള്‍ എന്നിവയെ കഥാപാത്രമാക്കി ഇവയുടെ ജീവിതചരിത്രം ഹാസ്യാത്മകമായി പറയുന്ന രീതിയാണു രാജപ്പന്‍ പിന്തുടര്‍ന്നത്‌. കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന്‌ വേദികളില്‍ ഹാസ്യപരിപാടി അവതരിപ്പിച്ചു. വാഹനങ്ങളുടെ ഹാസ്യപ്രണയകഥ (അവളുടെ പാര്‍ട്‌സുകള്‍) ഏറെ ശ്ര്‌ദ്ധനേടിയിരുന്നു. തവളയും നീര്‍ക്കോലിയുമായുള്ള പ്രണയം മാക്‌ മാക്‌ എന്ന പേരില്‍ ആദ്യഹാസ്യ കഥാപ്രസംഗമായി. പ്രിയേ നിന്റെ കുര, കുമാരി എരുമ, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങിയ കഥാപ്രസംഗങ്ങള്‍ ആയിരക്കണക്കിനു വേദികളില്‍ അവതരിപ്പിച്ച്‌ കയ്യടിനേടി. 37 കോമഡികാസറ്റുകളും പുറത്തിറക്കിയിട്ടുണ്ട്‌. ആനക്കൊരുമ്മ, കക്ക, കുയിലിനെത്തേടി, പഞ്ചവടിപ്പാലം, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാന്‍ ഓഫ്‌ ദ മാച്ച്‌, കുസൃതിക്കാറ്റ്‌, പുതുക്കോട്ടയിലെ പുതുമണവാളന്‍, ചലിക്കുന്ന ചക്രം, തുടങ്ങിയ 150 ഓളം സിനിമകളില്‍ അഭിനയിച്ചു. ആലിബാബയും ആറരക്കള്ളന്മാരും എന്ന ചിത്രത്തിലാണ്‌ ഒടുവില്‍ അഭിനയിച്ചത്‌.