Breaking News

Trending right now:
Description
 
Mar 24, 2016

മണിയുടെ മരണം: ഗുരുതരമായ കരള്‍-വൃക്കരോഗത്തോടൊപ്പം വിഷാംശവും

image കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ അസ്വാഭാവകമായ ഒന്നും കണ്ടെത്താനായില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ അന്വേഷണ സംഘം. ഗുരുതരമായ കരള്‍-വൃക്കരോഗത്തോടൊപ്പം വിഷാംശം അകത്തു ചെന്നതും മണിയുടെ മരണകാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട്‌ പൊലീസിനു കൈമാറി. കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശങ്ങളുള്ളതായി കണ്ടെത്തിയതിനെ സാധൂകരിക്കുന്നതാണ്‌ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. എന്നാല്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും കീടനാശിനി ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങളില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍. മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയിരുന്നുവെങ്കിലും കീടനാശിനിയുടെ അംശം ഇല്ലായിരുന്നുവെന്നാണ്‌ മണിയെ അവസാനമായി ചികിത്സിച്ച അമൃത ആശുപത്രി അധികൃതരുടെ നിലപാട്‌. ഡോക്ടര്‍മാര്‍, ലാബ്‌ ജീവനക്കാര്‍ എന്നിവരില്‍നിന്നു പൊലീസ്‌ മൊഴിയെടുത്തിട്ടുണ്ട്‌. ഹൈദരാബാദിലേക്ക്‌ അയച്ച ആന്തരികാവയവ സാംപിളുകളുടെ രാസപരിശോധനാ ഫലത്തെ ആശ്രയിച്ചാകും അന്വേഷണത്തിന്റെ ഭാവി നിശ്ചയിക്കുക. മരണം അസ്വാഭാവികമെന്ന മട്ടില്‍ എഴുതിത്തള്ളരുതെന്നു കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍വി.രാമകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. അന്വേഷണം ഊര്‍ജിതമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അദ്ദേഹം ആഭ്യന്തരമന്ത്രിക്കു പരാതി നല്‍കി.