Breaking News

Trending right now:
Description
 
Mar 23, 2016

ഘോഷയാത്രയില്‍ പ്രായപൂര്‍ത്തിയാകാത്തവരെ പങ്കാളികളാക്കരുതെന്ന അഭ്യര്‍ഥന തള്ളി; കാരണം വിഷയം ഉപദേശ സ്വഭാവത്തിലുള്ളതിനാല്‍

image ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന തെരഞ്ഞെടുപ്പു ഘോഷയാത്രകളില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പങ്കാളികളാക്കാനുള്ള നീക്കത്തില്‍ നിന്നു പിന്തിരിയണമെന്ന അഭ്യര്‍ഥന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ തള്ളി. ഇതൊരു പരാതി അല്ല, ഉപദേശം  ആണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ വിഷയത്തില്‍ തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) ആണ് നിവേദനം സമര്‍പ്പിച്ചിരുന്നത്.

തെരഞ്ഞെടുപ്പു പ്രക്രിയയില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ ബോധവത്കരണ വിഭാഗമായ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്റെ (സ്വീപ്) നേതൃത്വത്തില്‍ ഏപ്രില്‍ ഒന്നിനു ഘോഷയാത്രകള്‍ സംഘടിപ്പിക്കുമെന്നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രസ്താവിച്ചിട്ടുള്ളത്. ഗതാഗതം തടസ്സപ്പെടുത്താനും യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാനും മാത്രം ഉതകുന്ന ഇത്തരം ഘോഷയാത്രകള്‍ തികച്ചും ആവശ്യമില്ലാത്ത പരിപാടിയാണെന്നു ടി.ആര്‍.എ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ പണവും മനുഷ്യവിഭവ ശേഷിയും പാഴാക്കാനുള്ള ഒരു മാര്‍ഗവും. തെരഞ്ഞെടുപ്പു പ്രക്രിയ കൊഴുപ്പിക്കുകയും ജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യേണ്ടതു സര്‍ക്കാര്‍ സംവിധാനത്തിന്റെ നേതൃത്വത്തില്‍ ഘോഷയാത്രകള്‍ നടത്തിയല്ല.

തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുമ്പോള്‍ മുതല്‍ ആ കാരണം പറഞ്ഞു മാസങ്ങളോളം സര്‍ക്കാര്‍ ഓഫീസുകളില്‍ സാധാരണക്കാര്‍ക്കു അവര്‍ക്കാവശ്യമായ സേവനങ്ങള്‍ കൃത്യമായി ലഭ്യമാകാത്ത സാഹചര്യമുള്ളപ്പോള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂടെ ഉള്‍ക്കൊള്ളിച്ചും അവരെ സംഘാടകരുമാക്കിയുമുള്ള ഘോഷയാത്രകള്‍ തീര്‍ച്ചയായും നിരോധിക്കേണ്ടതു തന്നെയാണ്. ഘോഷയാത്രകള്‍ക്കായുള്ള ഒരുക്കത്തിനും നടത്തിപ്പിനും കൂടെ ഉദ്യോഗസ്ഥര്‍ സമയം കണ്ടെത്തേണ്ടി വരുമെന്നതിനാലാണിത്.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരോരോ കാരണങ്ങള്‍ പറഞ്ഞു സംഘടിപ്പിക്കുന്ന ഇത്തരം ഘോഷയാത്രകളില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ മാതാപിതാക്കള്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ സമ്മതം മൂളുക മാത്രമാണ് ചെയ്യുന്നതെന്നു വിശദീകരിച്ചിരുന്നു. സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കും അച്ഛനമ്മമാര്‍ക്കും എതിരു നില്ക്കാനാകില്ല. വെയിലത്തും മഴയത്തും നടത്തുന്ന ഇത്തരം ഘോഷയാത്രകളില്‍ പങ്കെടുക്കുന്ന അനേകം വിദ്യാര്‍ഥികള്‍ മോഹാലസ്യപ്പെടുന്നതും രോഗബാധിതരാകുന്നതും പതിവാണ്. 

ആലപ്പുഴയില്‍ നെഹ്‌റു ട്രോഫീ വള്ളംകളി വേളയില്‍ നടത്തുന്ന സാംസ്‌ക്കാരിക ഘോഷയാത്ര ഉള്‍പ്പടെയുള്ളവയ്ക്കു എതിരേ പോലും ഇത്തരത്തിലുള്ള പരാതി നിലനില്ക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കു സാധാരണഗതിയില്‍ ഇത്തരത്തില്‍ സമയതടസ്സമുണ്ടാക്കുന്ന ഘോഷയാത്രകളോടു താത്പര്യമില്ല. വെയിലത്തും മഴയത്തും വിദ്യാര്‍ഥികളെ നിര്‍ത്തി സ്‌കൂള്‍ അസംബ്ലി നടത്തുന്നതു സംസ്ഥാനത്തു നിരോധിച്ചിട്ടുണ്ട് എന്നതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണെന്നും സൂചിപ്പിച്ചിരുന്നു.

ഓരോ മണ്ഡലത്തിലും നടത്താന്‍ നിശ്ചയിച്ചിട്ടുള്ള തെരഞ്ഞെടുപ്പു ഘോഷയാത്രയില്‍ വിദ്യാര്‍ഥികളെയും ഉദ്യോഗസ്ഥരെയും കൂടാതെ സര്‍ക്കാരിതര സംഘടനകള്‍, സ്റ്റുഡന്റ് പോലീസ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, സ്വയംസഹായ സംഘങ്ങള്‍, എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കാനാണ് നീക്കമെന്നാണ് മനസിലാകുന്നത്. ഘോഷയാത്രയില്‍ പങ്കെടുക്കുന്ന എല്ലാവരും ഒരു ദിവസത്തെ അവരവരുടെ ജോലി ഉപേക്ഷിക്കേണ്ടി വരും. വര്‍ഷാന്ത്യ പരീക്ഷയും കഴിഞ്ഞു മധ്യവേനലവധി ആരംഭിക്കുന്നതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാന്‍ തടസ്സങ്ങള്‍ ഏറെയുണ്ട് എന്നതും വസ്തുത. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പു സംബന്ധിച്ച് ഭാവിയില്‍ ഉപകാരപ്രദങ്ങളാകുന്ന നിര്‍ദേശങ്ങള്‍ ക്ലാസ് മുറികളിലൂടെ നല്കാനുള്ള ഏര്‍പ്പാടുകളാണുണ്ടാക്കേണ്ടത് എന്നാണ് ടി.ആര്‍.എയുടെ നിലപാട്.

ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും വിഷയവുമായി നേരിട്ടു മുന്നോട്ടിറങ്ങാന്‍ പലതരത്തില്‍ വിമുഖതയുള്ളതിനാലാണ് ഇക്കാര്യം പൊതുവായി അവതരിപ്പിക്കാന്‍ ടി.ആര്‍.എ-യെ ഏല്പ്പിച്ചത്. ബഹുജനതാത്പര്യമുള്ള ഒരു വിഷയം ബന്ധപ്പെട്ട അധികൃതരുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുമ്പോള്‍ അത് 'ഉപദേശ സ്വഭാവത്തില്‍' ഉള്ളതാണെന്നുള്ള സാങ്കേതികത്വം പറഞ്ഞു തള്ളുന്നതു ഉചിതമല്ലെന്നു ടി.ആര്‍.എ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു വേളയില്‍ സര്‍ക്കാരിന് ആവശ്യമില്ലാത്ത പാഴ്‌ചെലവുകള്‍ വരുത്തി വയ്ക്കുകയും മനുഷ്യപ്രയത്‌നം പാഴാക്കുകയും മാത്രമാണ് ഇത്തരം ഘോഷയാത്രകള്‍ കൊണ്ടുള്ള ഫലം.