Breaking News

Trending right now:
Description
 
Mar 23, 2016

ജാമ്യമില്ലാ വാറണ്ട്‌: പിണറായി കോടതിയില്‍ ഹാജരായി

image തളിപ്പറമ്പ്‌ നഗരത്തില്‍ ജനങ്ങള്‍ക്ക്‌ മാര്‍ഗതടസം സൃഷ്ടിക്കുന്ന രീതിയില്‍ പൊതുയോഗം നടത്തിയെന്ന കേസില്‍ പ്രതിയായ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്‍ തളിപ്പറമ്പ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞാണ്‌ കോടതിയില്‍ ഹാജരായത്‌. 2012 മാര്‍ച്ച്‌ 30 നായിരുന്നു തളിപ്പറമ്പില്‍ പൊലീസിന്റെ അനുമതിയില്ലാതെ പൊതുയോഗം സംഘടിപ്പിച്ചത്‌. മതതീവ്രവാദത്തിനെതിരേ ജനകീയകൂട്ടായ്‌മ എന്ന പരിപാടിയിയില്‍ പിണറായി പ്രസംഗിക്കുകയും ചെയ്‌തു. പിണറായിയെ കൂടാതെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ഡിവൈഎഫ്‌ഐ നേതാവ്‌ എ.എന്‍. ഷംസീര്‍, കെ.ടി. ജലീല്‍ എംഎല്‍എ, സിപിഎം തളിപ്പറമ്പ്‌ ഏരിയാ സെക്രട്ടറി പി. മുകുന്ദന്‍ എന്നിവര്‍ക്കെതിരേയും കേസ്‌ നിലവിലുണ്ട്‌. ഇവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മുന്നൂറ്റമ്പതോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്‌ കേസ്‌ എടുത്തിരുന്നു. കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്‌ച വരുത്തിയതിനെത്തുടര്‍ന്ന്‌ പിണറായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ കോടതി ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചതോടെയാണ്‌ കോടതിയില്‍ നേരിട്ട്‌ ഹാജരായത്‌. ധര്‍മടത്ത്‌ സ്ഥാനാര്‍ഥിയാകുന്നതിനാലാണു പിണറായി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്‌. കേസ്‌ പരിഗണിച്ച കോടതി വാറന്റ്‌ പിന്‍വലിച്ച്‌ ജാമ്യം അനുവദിച്ചു. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. പ്രതികള്‍ കുറ്റം നിഷേധിച്ചതിനാല്‍ കേസ്‌ ഏപ്രില്‍ 13ലേക്കു മാറ്റി.