Breaking News

Trending right now:
Description
 
Jan 01, 2013

ലണ്ടന്‍ ട്യൂബ്‌ നിരക്കുകള്‍ ബുധനാഴ്‌ച മുതല്‍ വര്‍ദ്ധിക്കും

image
ലണ്ടനില്‍ ട്യൂബ്‌, ബസ്‌ നിരക്കുകള്‍ ബുധനാഴ്‌ച മുതല്‍ ഉയരും. പുതിയ വര്‍ഷത്തില്‍ പാര്‍ക്കിംഗ്‌ നിരക്കുകളും അധികമായിരിക്കും. 4.2 ശതമാനം വരെയാണ്‌ നിരക്കുകള്‍ വര്‍ദ്ധിക്കുക. നിലവിലുള്ള വിലക്കയറ്റനിരക്കിനേക്കാള്‍ ഒരു ശതമാനം അധികമാണിത്‌.

ഓയ്‌സ്‌റ്റര്‍ കാര്‍ഡ്‌ ഉപയോഗിച്ച്‌ ലണ്ടന്‍ ബസില്‍ യാത്ര ചെയ്യുന്നതിന്‌ അഞ്ചു പെന്‍സ്‌ വര്‍ദ്ധിച്ച്‌ 1.40 പൗണ്ടാകും. കാഷ്‌ ഫെയറില്‍ പത്തു പെന്‍സിന്റെ വര്‍ദ്ധനയുണ്ട്‌. ട്യൂബില്‍ കാഷ്‌ ഫെയറിന്‌ ഇരുപത്‌ പെന്‍സ്‌ വര്‍ദ്ധിക്കും. ഓയിസ്‌റ്റര്‍ കാര്‍ഡ്‌ ഫെയര്‍ പത്തു പെന്‍സ്‌ മുതല്‍ ഇരുപത്‌ പെന്‍സ്‌ വരെ ഉയരും. പ്രതിദിനം ട്യൂബിലും ഡിഎല്‍ആറിലും റെയില്‍ ട്രാവലിനുമുള്ള ഓയിസ്‌റ്റര്‍ കാര്‍ഡ്‌ ഉപയോഗം ക്യാപ്‌ 2012 നിരക്കില്‍തന്നെയാകും.

ട്രാന്‍സ്‌പോര്‍ട്ട്‌ ശൃംഖലയുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാകും നിരക്ക്‌ വര്‍ദ്ധനയില്‍നിന്നുള്ള അധികപണം ഉപയോഗിക്കുകയെന്ന്‌ ലണ്ടന്‍ മേയര്‍ ബോറിസ്‌ ജോണ്‍സണ്‍ പറയുന്നു.

അറുപതു വയസിനു മുകളില്‍ പ്രായമുള്ളവര്‍, അംഗവൈകല്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക്‌ തുടര്‍ന്നും നിരക്കില്‍ കണ്‍സഷന്‍ ലഭിക്കും.