Breaking News

Trending right now:
Description
 
Mar 23, 2016

വെള്ളാപ്പള്ളിയുടെ ഭാരത്‌ ധര്‍മ ജനസേന 37 സീറ്റില്‍ മത്സരിക്കും; ഇന്ന്‌ എറണാകുളത്ത്‌ യോഗം

image എന്‍ഡിഎ സഖ്യകക്ഷിയായ വെള്ളാപ്പള്ളി നടേശന്റെ ഭാരത്‌ ധര്‍മ ജനസേന (ബിഡിജെഎസ്‌) നിയമസഭാ തിരഞ്ഞെടുപ്പില്‍ 37 സീറ്റില്‍ മത്സരിക്കും. ബിജെപിയുമായി ബിഡിജെഎസ്‌ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം. സീറ്റുവിഭനചര്‍ച്ച 26നു പൂര്‍ത്തിയാക്കി 27ന്‌ സംസ്ഥാനത്തെ മുഴുവന്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുമെന്നു ബിജെപി സം്‌സ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. നേരത്തെ പ്രഖ്യാപിച്ച 22 സീറ്റുകളില്‍ മാത്രമുണ്ടാകില്ല. സീറ്റുകളുടെ എണ്ണം കൂട്ടുന്നതിലല്ല, വിജയസാധ്യതയുള്ള സീറ്റുകളില്‍ മത്സരിക്കുന്നതിനാണ്‌ പ്രാധാന്യം നല്‍കുന്നതെന്ന്‌ ബിഡിജെഎസ്‌ നേതാവ്‌ തുഷാര്‍ വെള്ളാപ്പള്ളി പിന്നീട്‌ വ്യക്തമാക്കി. സീറ്റുകള്‍ സംബന്ധിച്ച്‌ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേരത്തെ സീറ്റുനിര്‍ണയം നടത്തിയതില്‍ തങ്ങള്‍ക്കു പരാതിയില്ലെന്നും മൂന്നുദിവസത്തിനകം 37 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ബിഡിജെഎസ്‌ കണ്ണുവച്ചിരുന്ന 22 സീറ്റുകളില്‍ ബിജെപി നേതൃത്വം ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന്‌ ബിഡിജെഎസ്‌ ബിജെപി ദേശീയ നേതൃത്വത്തെ സമീപിക്കുകയും പരാതി ഉന്നയിക്കുകയും ചെയ്‌തിരുന്നു. ഇതിനു ശേഷമാണ്‌ വീണ്ടും ചര്‍ച്ച നടത്തി സീറ്റുകള്‍ തീരുമാനിച്ചത്‌. ബിഡിജെഎസ്‌ മത്സരിക്കുന്ന മണ്ഡലങ്ങള്‍: വാമനപുരം, വര്‍ക്കല, കോവളം, കൊല്ലം, ഇരവിപുരം, കരുനാഗപ്പള്ളി, കുന്നത്തൂര്‍, തിരുവല്ല, റാന്നി, കായംകുളം, കുട്ടനാട്‌, ചേര്‍ത്തല, അരൂര്‍, വൈക്കം, ഏറ്റുമാനൂര്‍, ഇടുക്കി, തൊടുപുഴ, ഉടുമ്പന്‍ചോല, പറവൂര്‍, കളമശേരി, കുന്നത്തുനാട്‌, കോതമംഗലം, കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം, പൂഞ്ഞാര്‍, വൈപ്പിന്‍, നാട്ടിക, ചാലക്കുടി, ഒല്ലൂര്‍, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്‌, നിലമ്പൂര്‍, കോഴിക്കോട്‌ സൗത്ത്‌, തിരുവമ്പാടി, പേരാമ്പ്ര, പേരാവൂര്‍, കാഞ്ഞങ്ങാട്‌. ബിഡിജെഎസിന്റെ എറണാകുളം, ആലപ്പുഴ ജില്ലാ ഭാരവാഹികളുടെ യോഗം ഇന്ന്‌ ഉച്ചകഴിഞ്ഞു മൂന്നിന്‌ പാലാരിവട്ടത്ത്‌ ചേരും. സംസ്ഥാന പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷതവഹിക്കും. തിരഞ്ഞടുപ്പിന്‌ എറണാകുളം, ആലപ്പുഴ ജില്ലകളിലെ പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയ്‌ക്ക്‌ രൂപം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്കു വേണ്ടിയാണ്‌ യോഗം ചേരുന്നത്‌.