Breaking News

Trending right now:
Description
 
Mar 21, 2016

പ്രാദേശിക വികസന ഫണ്ടുപയോഗിച്ച കെട്ടിടങ്ങളില്‍ പേരെഴുതുന്നതിനു മാനദണ്ഡം വേണമെന്നു ടി.ആര്‍.എ

image ആലപ്പുഴ: പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ പേരുവിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള പൊതു മാനദണ്ഡങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രഖ്യാപിക്കണമെന്നു ചീഫ് ഇലക്ടറല്‍ ഓഫീസറോട് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. 

എം.എല്‍.എമാരുടെയും എം.പിമാരുടെയും പ്രാദേശിക വികസന ഫണ്ടിലെ തുക കൂടി ഉപയോഗിച്ചു നിര്‍മ്മിക്കുകയും പുതുക്കുകയും സംഭാവന ചെയ്യുകയും ചെയ്യുന്ന കെട്ടിടങ്ങളിലും നിര്‍മ്മിതികളിലും വസ്തുക്കളിലും അത് അവരുടെ വ്യക്തിഗതവും സ്വകാര്യവുമായ സ്വത്തുപയോഗിച്ചുള്ളതാണെന്നു ദ്യോതിപ്പിക്കും വിധം ഒരു മാനദണ്ഡവുമില്ലാതെ പേരു വലിയ അക്ഷരങ്ങളില്‍ എഴുതി വയ്പ്പിക്കുന്നത് കേരളത്തിലുടനീളം വര്‍ഷങ്ങളായി കാണുന്ന പ്രവണതയാണ്. യഥാര്‍ഥത്തില്‍ ആ തുക പൊതുജനങ്ങളുടെ നികുതി ശേഖരിച്ചുള്ള പൊതു ഖജനാവില്‍ നിന്നു നാടിന്റെ വികസനത്തിനായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ വീതിച്ചു നല്കുന്നതാണ്. അല്ലാതെ ജനപ്രതിനിധികളുടെ സ്വകാര്യ സമ്പത്തിന്റെയോ വരുമാനത്തിന്റെയോ വീതമല്ല. യഥാര്‍ഥത്തില്‍ ജനങ്ങളുടേതു തന്നെയാണ്. അതിനാല്‍ വളരെ വലുപ്പത്തില്‍ ജനപ്രതിനിധിയുടെ പേര് പ്രദര്‍ശിപ്പിക്കേണ്ടതില്ല.

തെരഞ്ഞെടുപ്പു വേളയില്‍ ഇത് ചുമരെഴുത്തു പോലെ ഒരു പ്രചാരണമാര്‍ഗമായി ഉപയോഗിക്കുന്നുമുണ്ട്. പലയിടങ്ങളിലും തെരഞ്ഞെടുപ്പു കാലമാകുമ്പോള്‍ ഇത്തരത്തിലുള്ളവ പുതുക്കി തെളിച്ച് എഴുതിക്കുന്നതും കാണാം. പോളിംഗ് ബൂത്തായി ഉപയോഗിക്കുന്ന പല കെട്ടിടങ്ങളും അഥവാ സമീപ കെട്ടിടങ്ങളും അഥവാ പോകുന്ന വഴിയിലുള്ള സ്ഥാപനങ്ങളും ഇങ്ങനെ വലിയ ഭിത്തി നിറയെ ജനപ്രതിനിധിയുടെ പേര് വലിയ അക്ഷരങ്ങളില്‍ പേറി നില്ക്കുന്നവയാണ്. ഇങ്ങനെ പേരെഴുതാന്‍ തന്നെ വന്‍ തുക ചെലവാക്കാറുമുണ്ട്. പ്രത്യേക സര്‍ക്കാര്‍ ഉത്തരവില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പു കാലത്ത് ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് ഇവ നീക്കം ചെയ്യുകയോ മറയ്ക്കുകയോ ചെയ്യാറില്ല. ഒരിക്കല്‍ ജയിച്ചിട്ടുള്ളവര്‍ക്കു തെരഞ്ഞെടുപ്പില്‍ നേരത്തേ പരാജയപ്പെട്ടവര്‍ക്കും പുതുതായി നില്ക്കുന്നവര്‍ക്കും എതിരേയുള്ള അനുകൂലവും മുന്‍ഗണന നല്കുന്നതുമായ സാഹചര്യമാണ് സര്‍ക്കാരിന്റെ ചെലവിലുള്ള ഈ പരസ്യമാര്‍ഗം ഉളവാക്കുന്നത്.

വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും ആകര്‍ഷിക്കാനും ലക്ഷ്യമാക്കിയുള്ള ഇത്തരം എഴുത്തുകള്‍ മായിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളോട് നിര്‍ദേശിക്കണമെന്നും കൂടാതെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന കെട്ടിടങ്ങളിലും മറ്റും പേരുവിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള പൊതുമാനദണ്ഡങ്ങള്‍ എത്രയും വേഗം പ്രഖ്യാപിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

മുന്‍പും ഈ ആവശ്യം ചീഫ് സെക്രട്ടറിക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും മുമ്പാകെ ഉന്നയിച്ചിട്ടുണ്ടെങ്കിലും പരിഗണിക്കുകയോ മറുപടി നല്കുകയോ ചെയ്തിട്ടില്ല. സാമൂഹ്യ, സ്ഥാനാര്‍ഥി സമത്വം ലക്ഷ്യമാക്കി നടപടിയെടുക്കണമെന്നാണ് ആവശ്യം.