Breaking News

Trending right now:
Description
 
Mar 20, 2016

ആലപ്പുഴ വൈ.എം.സി.എയില്‍ വേനലവധിക്കാല പരിശീലന ക്യാമ്പ് ഏപ്രില്‍ നാലു മുതല്‍

image
ആലപ്പുഴ: കുട്ടികളിലെ കായിക, കലാ രംഗങ്ങളിലുള്ള പ്രാഗല്ഭ്യം അഭിവൃദ്ധിപ്പെടുത്തുന്നതിന് ആലപ്പുഴ വൈ.എം.സി.എയിലെ വിവിധ അക്കാഡമികള്‍ മധ്യവേനലവധിക്കാലത്ത് സമഗ്ര പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. ബാസ്‌ക്കറ്റ് ബോള്‍, ടേബിള്‍ ടെന്നിസ്, മ്യൂസിക്, ഡ്രോയിംഗും പെയിന്റിഗും എന്നിവയിലാണ് വിദഗ്ധ കോച്ചുമാരുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ പരിശീലനം നല്കുന്നത്. ക്യാമ്പ് ഏപ്രില്‍ നാലിന് ആരംഭിച്ച് മേയ് 23-ന് സമാപിക്കും.

ബാസ്‌ക്കറ്റ് ബോളില്‍ ബിനു എം., സെരിന്‍ കുമാര്‍, സുഭാഷ് ബി., അശോകന്‍, ടോണി എന്നിവര്‍ കോച്ചിംഗ് നല്കും. രണ്ടു ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകളിലായാണ് പരിശീലനം.

ടേബിള്‍ ടെന്നിസില്‍ ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് കോച്ച് പശ്ചിമ ബംഗാളില്‍ നിന്നുള്ള സമിത് ഭട്ടാചാര്യ മുഖ്യ കോച്ചാണ്. രണ്ടു ഹാളുകളിലായി അന്താരാഷ്ട്ര നിലവാരത്തിലുള്ള റോബോട്ട് അടക്കം മികച്ച ടേബിള്‍ ടെന്നിസ് കോച്ചിംഗ് സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരേ സമയം പത്തു ടേബിളുകളില്‍ പരിശീലനം നടത്താനാകും.

മ്യൂസിക്കില്‍ ഏഴ് ഇനങ്ങളിലാണ് പരിശീനം നല്കുന്നത്. കീബോര്‍ഡിനു ഫ്രാന്‍സിസ് തിയോഡര്‍, സനില്‍, ഫഌട്ടിനു ബാബു ആര്‍., ഗിത്താറിനു ഷെറോയ് ജോസഫ്, കര്‍ണാട്ടിക് വോക്കലിനു പ്രമോദ്, വയലിനു ആര്‍.എസ്.മോഹന്‍, തബലയ്ക്കു ഖൈറുദ്ദീന്‍, ഡ്രംസിനു ചന്ദ്രലാല്‍ എന്നിവര്‍ അധ്യാപകരാണ്.

ഡ്രോയിംഗിലും പെയിന്റിംഗിലും പ്രമുഖ ചിത്രകാരനായ സതീഷ് വാഴവേലിലാണ് പരിശീലനം നല്കുന്നത്.

ഏഴു മുതല്‍ 15 വയസു വരെ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. വ്യക്തിത്വവികസനത്തിനാവശ്യമായ വിവിധ പരിപാടികളും ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പാക്കാന്‍ നിരീക്ഷണ ക്യാമറകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. പരിശീലന വേദികളില്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍, ടാബ് ഉപയോഗം നിരോധിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ 0477 2262313, 8281228328 എന്നീ ഫോണ്‍ നമ്പരുകളില്‍ നിന്നറിയാം. 

വൈ.എം.സി.എയുടെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി സംഘടിപ്പിച്ചു വരുന്ന മധ്യവേനലവധി പരിശീലന ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ള അനേകം കുട്ടികള്‍ മികച്ച നിലവാരം പുലര്‍ത്തി മുന്നോട്ടു പോയിട്ടുണ്ടെന്നു പ്രസിഡന്റ് ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ്, ഹോണററി സെക്രട്ടറി ജോണ്‍ ജോര്‍ജ് എന്നിവര്‍ സൂചിപ്പിച്ചു.