Breaking News

Trending right now:
Description
 
Jan 01, 2013

ആ പ്രശസ്‌തന്‍ ഒറ്റ വാക്കുകൊണ്ട്‌ എന്നെ അപമാനിച്ചു: ലതികാ സുഭാഷ്‌

Staff Correspondent/Global Malayalam
image
ഒരു സ്‌ത്രീയെ അപമാനിക്കുവാന്‍ പ്രശസ്‌തനോ അപ്രശസ്‌തനോ ആയ പുരുഷന്‌ ഒരു വാക്കു മാത്രം മതി. ഇത്‌ തെളിയിച്ച സംഭവമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ തലമുതിര്‍ന്ന നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ലതിക സുഭാഷ്‌ എന്ന സ്‌ത്രീയെ ഒറ്റവാക്കിലൂടെ അപമാനിച്ചത്‌. 

"അവര്‍ ഏതുതരത്തില്‍ പ്രശസ്‌തയാണെന്ന്‌ ജനങ്ങള്‍ക്ക്‌ അറിയാം," എന്നു പറഞ്ഞതോടെ വി.എസ്‌. സ്വയം താഴ്‌ത്തിക്കെട്ടി. കേരളം ഈ വിഷയം ഏറ്റെടുത്തത്‌ അതിലെ രാഷ്ട്രീയപ്രാധാന്യമറിഞ്ഞാണ്‌. എന്നാല്‍, ലതിക എന്ന സ്‌ത്രീയും രാഷ്ട്രീയപ്രവര്‍ത്തകയും അമ്മയും അപമാനത്തിന്റെ നെരിപ്പോടില്‍ ഉരുകിപ്പോയി. ഈ സംഭവത്തിന്റെ ചുവടുപറ്റി കഥകളും ഉപകഥകളും മെനഞ്ഞു രസിച്ചവര്‍ അപമാനിതയാകുന്ന സ്‌ത്രീത്വത്തിന്റെ വേദനയെന്താണെന്ന്‌ ചിന്തിച്ചില്ല. 

കെപിസിസി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ലതികാ സുഭാഷ്‌ ഗ്ലോബല്‍ മലയാളത്തോട്‌ മനസുതുറക്കുന്നു.

വി. എസ്‌. അച്യുതാനന്ദന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായി എത്തിയ ലതികാ സുഭാഷിനെപ്പറ്റി വി.എസ്‌. നടത്തിയ പരാമര്‍ശത്തെ ഒരു രാഷ്ട്രീയക്കാരി എന്നതിനപ്പുറം ഒരു സ്‌ത്രീ എന്ന നിലയില്‍ എങ്ങനെയാണ്‌ കാണുന്നത്‌?

എന്റെ ജീവിതത്തിലെ മറക്കാനാവാത്ത മുറിവാണ്‌ വി.എസ്‌ എനിക്ക്‌ നല്‌കിയ ആ 'പ്രശസ്‌തി.' പുരുഷന്‍ ആരുമാവട്ടെ, സ്‌ത്രീയെ അപമാനിക്കാന്‍ രാഷ്ട്രീയമോ സമുദായമോ പ്രായമോ ഒന്നും തടസമല്ല. ഇതിനായി അവളുടെ സ്‌ത്രീത്വത്തെത്തന്നെയാണ്‌ എല്ലാവരും ലാക്കാക്കുന്നത്‌. എന്നാല്‍, എന്നെ കൂടുതല്‍ വേദനിപ്പിച്ച ഒരു സംഭവമുണ്ട്‌. വി.എസ്‌ പിറ്റേദിവസം താന്‍ പറഞ്ഞ വാക്കിനെ വ്യാഖ്യാനിച്ച രീതി. വി.എസിനെപ്പോലെ സമാദരണീയനായ ഒരു വ്യക്തിയില്‍ നിന്ന്‌ അത്തരം ഒരു പരാമര്‍ശം അല്ലായിരുന്നു ഉണ്ടാവേണ്ടത്‌. തന്റെ വാക്കു പിഴച്ചു പോയതില്‍ ഒരു ക്ഷമാപണം നടത്തിയിരുന്നുവെങ്കില്‍ സ്‌ത്രീയുടെ സാമൂഹിക നിലവാരം തന്നെ ഉയരുമായിരുന്നു. വി.എസിന്റെ പരാമര്‍ശത്തെ തുടര്‍ന്ന്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളില്‍ പടര്‍ന്നുപിടിച്ച അശ്ലീലവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ എന്നെ മാത്രമല്ല കേരളത്തിലെ എല്ലാ സ്‌ത്രീകളെയും അപമാനിക്കാന്‍ പോന്നവയാണ്‌.

വി.എസ്‌ മാത്രമല്ല, ഒരു കോണ്‍ഗ്രസ്‌ നേതാവും കഴിഞ്ഞ ദിവസം ഒരു വനിതാ എംഎല്‍എയെ അപമാനിച്ച്‌ സംസാരിച്ചു? 

അതാണ്‌ ഞാന്‍ ആദ്യമേ പറഞ്ഞത്‌ പുരുഷന്റെ ജാതിയോ മതമോ രാഷ്ട്രീയമോ സ്‌ത്രീകളെ അപമാനിക്കുന്നതിന്‌ തടസമല്ല. നൂറ്റാണ്ടുകളായി അന്തര്‍ലീനമായി കിടക്കുന്ന സംസ്‌കാരത്തിന്റെ ,ചലനങ്ങളാണ്‌ ഇത്തരത്തിലുള്ള സ്‌ത്രീവിരുദ്ധ പ്രയോഗത്തിലൂടെ കടന്നു വരുന്നത്‌. എന്നാല്‍ വിഎസിനെക്കാള്‍ ഒരു ഉയര്‍ന്ന നിലവാരം കാണിച്ചു എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. തെറ്റിപ്പോയ വാക്കിനെപ്രതി ഒരു ക്ഷമാപണമെങ്കിലും നടത്താന്‍ അദ്ദേഹം തയാറായി.

സ്‌ത്രീയെ അപമാനിച്ചാല്‍ ഒരു ക്ഷമാപണംകൊണ്ട്‌ തീരാവുന്ന വിഷയമേയുള്ളൂവെന്നാണോ താങ്കളും കരുതുന്നത്‌. 

തീര്‍ച്ചയായും അല്ല. അത്രയെങ്കിലും മര്യാദ കാണിക്കാന്‍ തയാറായി എന്നു മാത്രമേ അതിനര്‍ത്ഥമുള്ളു. അല്ലാതെ സ്‌ത്രീയെ അപമാനിക്കുന്നവര്‍ കാണിക്കുന്ന കപട പശ്ചാത്താപത്തെ ഞാന്‍ ഒരിക്കലും അംഗീകരിക്കില്ല. ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ കൊലപാതകികള്‍ സംഭവം നടന്നതിന്റെ പിറ്റേ ദിവസം പശ്ചാത്താപം കാണിച്ചില്ലേ. ശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടുവാന്‍ ഇത്തരക്കാര്‍ ഏത്‌ വേഷംകെട്ടിനും തയാറാവും, അത്‌ പുരുഷ സ്വഭാവം മാത്രമാണ്‌. 

വി.എസിനെതിരെ താങ്കള്‍ കൊടുത്ത മാനനഷ്ടക്കേസില്‍ നിന്ന്‌ പിന്നീട്‌ പിന്മാറിയല്ലോ, അതൊരു കീഴടങ്ങലല്ലേ?

അതൊരു കീഴടങ്ങലായി കാണേണ്ട. വി.എസിന്‌ എന്റെ പിതാവിനെക്കാള്‍ പ്രായമുള്ള വ്യക്തിയാണ്‌. ഞാന്‍ കേസുകൊടുത്തത്‌ സ്‌ത്രീത്വത്തെ അപമാനിച്ച പുരുഷനെതിരെയാണ്‌. അവിടെ ലതികയും വി.എസും ഒന്നുമില്ലായിരുന്നു. മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ എന്റെ കൂടെ നിന്നു. വി.എസ്‌ ചെയ്‌ത നല്ലകാര്യങ്ങളെ രാഷ്ട്രീയത്തിനപ്പുറം നിന്ന്‌ ആദരിക്കുന്നയാളാണ്‌ ഞാന്‍. വി.എസിന്റെ ചില പോരാട്ടങ്ങളെ ഞാന്‍ മനസാ അംഗീകരിച്ചിട്ടുണ്ട്‌. ഞാന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന കാലത്താണ്‌ സിപിഎമ്മിലെ സുജാതയും പ്രസിഡന്റാകുന്നത്‌. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. ഒരിക്കല്‍ സുജാതയെകൂട്ടി ഞാന്‍ വി.എസിനെ പോയി കണ്ടിട്ടുണ്ട്‌. വളരെ സൗഹൃദപരമായി സംസാരിച്ചു പിരിഞ്ഞു. വ്യക്തിപരമായി ഞാന്‍ മനസുകൊണ്ട്‌ രാഷ്ട്രീയത്തിനപ്പുറത്ത്‌ ആദരിക്കുന്ന വൃക്തിയാണ്‌ അദ്ദേഹം. അത്‌ വി.എസ്‌ എന്ന വ്യക്തി നടത്തിയ പരാമര്‍ശമല്ല, അദ്ദേഹത്തില്‍ ഒളിഞ്ഞു കിടക്കുന്ന പുരുഷാധിപത്യത്തിന്റെ ശീലമാണ്‌ അത്തരം ഒരു പ്രയോഗത്തിന്‌ പ്രേരിപ്പിച്ചതെന്നാണ്‌ എന്റെ വിശ്വാസം.

ഈ പരാമര്‍ശം സ്‌ത്രീ എന്ന നിലയില്‍ താങ്കളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ? 

തെരഞ്ഞെടുപ്പ്‌ സമയത്ത്‌ വളരെയധികം പേര്‍ എനിക്ക്‌ പിന്തുണയുമായി എത്തി. സുകുമാര്‍ അഴീക്കോടും സുഷ്‌മിത സ്വരാജുമൊക്കെ. എന്നാല്‍ സാധാരണ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തെ അതൊന്ന്‌ മുരടിപ്പിച്ചു. ഒരിക്കല്‍ ഒരു പ്രായമായ സ്‌ത്രീ വോട്ടു ചോദിക്കാന്‍ ചെന്നപ്പോള്‍ എന്നെ ചേര്‍ത്തു പിടിച്ചിട്ട്‌ നിഷ്‌കളങ്കമായി പറയുകയാണ്‌, "അവന്മാരോടു ഞാന്‍ പറഞ്ഞതാണ്‌ കുഞ്ഞേ അവര്‍ എത്ര മോശം സ്‌ത്രീയാണേലും അവരുടെ പോസ്‌റ്റര്‍ കീറരുതെന്ന്‌..." ആ അമ്മയുടെ മനസില്‍ പ്രത്യക്ഷത്തില്‍ ദുരര്‍ത്ഥമില്ലാത്ത വാക്കായിട്ടു പോലും വി.എസിന്റെ ആ പരാമര്‍ശം അവരുടെ ഹൃദയത്തില്‍ ആഞ്ഞുപതിച്ചു. അന്ന്‌ ഞാന്‍ ആരും കാണാതെ ഒരു പാട്‌ കരഞ്ഞു.

സത്യത്തില്‍ മാധ്യമങ്ങള്‍ എത്ര എഡിറ്റോറിയല്‍ എഴുതി പിന്തുണ നല്‌കാന്‍ ശ്രമിച്ചിട്ടും വ്യഖ്യാര്‍ത്ഥത്തിലുള്ള ഒരു പരാമര്‍ശം പോലും സ്‌ത്രീയുടെ വൃക്തിത്വത്തെ തകര്‍ക്കാന്‍ പറ്റുന്നതാണ്‌. നിലവില്‍ നമ്മുടെ സംസ്‌ക്കാരം അത്തരത്തില്‍ കെട്ടപ്പെട്ടതാണ്‌. അതിന്‌ സ്ഥായിയായ മാറ്റമാണ്‌ വേണ്ടത്‌.

പുരുഷന്റെഇച്ഛാശക്തിക്കനുസരിച്ച്‌ രൂപഭേദം വരുത്തുവാന്‍ രീതിയില്‍ പാകപ്പെട്ടതാണൊ സ്‌ത്രീയുടെ വൃക്തിത്വം?

ഒരു സ്‌ത്രീയെ നല്ലതാണെന്ന്‌ പറഞ്ഞ്‌ നല്ലതാക്കുവാനും മോശമാണെന്ന്‌ പറഞ്ഞ്‌ മോശമാക്കുവാനും ഒരു പുരുഷന്‌ നിലവിലുള്ള ഈ സംവിധാനത്തില്‍ സാധിക്കുന്നുണ്ട്‌. എന്നാല്‍, ഒരു പുരുഷന്‍ മദ്യപാനിയാകട്ടെ മറ്റു സ്വഭാവദൂഷ്യമുള്ള വ്യക്തിയാകട്ടെ അയാളെ സമൂഹം വിലയിരുത്തുക ഇങ്ങനെയാണ്‌. അയാള്‍ ഇത്തിരി മദ്യപിക്കുമെന്നേയുള്ളു ആളു കഴിവുളളവനാണ്‌, നല്ലവനാണെന്നൊക്കെയാവും. എന്നാല്‍, സ്‌ത്രീയ്‌ക്ക്‌ അങ്ങനെയൊരു പരിഗണന ലഭിക്കുന്നില്ല. നമ്മുടെ സിസ്റ്റത്തില്‍ സ്‌ത്രീ അനുഭവിക്കുന്ന വലിയൊരു ലിമിറ്റേഷനാണ്‌ ഇത്‌. അതുകൊണ്ട്‌ സ്‌ത്രീകള്‍ പുരുഷന്റെ പാകപ്പെടുത്തലുകള്‍ക്ക്‌ ചിലപ്പോള്‍ നിന്നു കൊടുക്കേണ്ടി വരുന്നുണ്ട്‌.

ഈ സംസ്‌കാരത്തിന്‌ പൊളിച്ചെഴുത്ത്‌ നടത്താതെ സ്‌ത്രീകള്‍ അതിനോട്‌ താദാത്മ്യം പ്രാപിച്ചു പോകുന്നതു കൊണ്ടല്ലേ ഇവിടെ സ്‌ത്രീ സമത്വം സാധ്യമാകാതെ വരുന്നത്‌?

നമ്മുടെ രാജ്യത്തിന്‌ പുരുഷാധിപത്യത്തിന്റെ നീണ്ട പാരമ്പര്യമാണ്‌ അവകാശപ്പെടുവാന്‍ ഉള്ളത്‌. സ്‌ത്രീ ശാക്തീകരണം സമൂഹ മധ്യത്തിലേയ്‌ക്ക്‌ വന്നിട്ട്‌ കേവലം പതിറ്റാണ്ടുകളെ ആയിട്ടുള്ളു. സംസ്‌കാരത്തിന്റെ പാരമ്പര്യത്തിന്റെ ഇരകളാണ്‌ ഇവിടുത്തെ ഓരോ വ്യക്തിയും. പുരുഷന്റെ തൊഴിലിടങ്ങളില്‍ കടന്നു വരുന്ന സ്‌ത്രീയെ അവന്‍ കായികമായും മാനസികമായും ദുര്‍ബലപ്പെടുത്തുവാന്‍ ശ്രമം നടത്തും. അവിടെ ഒരു സ്‌പേസ്‌ സൃഷ്ടിച്ചെടുത്ത്‌ വേണം സ്‌ത്രീ മുന്നേറുവാന്‍. അത്‌ വേഗത്തില്‍ നടക്കില്ല, 

ഈ കാലവിളംബരം ഇല്ലാതാക്കണമെങ്കില്‍ സ്‌ത്രീകള്‍ കൂടുതലായി രാഷ്ട്രീയ രംഗത്ത്‌ കടന്നു വരണം എന്നാല്‍ നൂറ്റാണ്ട്‌ പാരമ്പര്യമുള്ള കോണ്‍ഗ്രസിന്‌ കഴിഞ്ഞവര്‍ഷം കേരളത്തില്‍ ഒരു എംഎല്‍ എ പോലുമില്ലായിരുന്നു. ഇത്തവണ നിങ്ങളെ പോലെയുള്ള സ്‌ത്രീകള്‍ കോണ്‍ഗ്രസില്‍ നിന്ന്‌ നിയമ സഭയില്‍ എത്തിയിട്ടില്ല. ആകെയൊരു വനിത മാത്രമാണ്‌ ഉള്ളത്‌? 

കോണ്‍ഗ്രസ്‌ വനിതകളെ ഏറെ ആദരിക്കുന്ന പാര്‍ട്ടിയാണ്‌. കോണ്‍ഗ്രസിന്റെ പാരമ്പര്യം സ്‌ത്രീകളെ ആദരിക്കുന്ന രീതിയിലാണ്‌. അഞ്ചു വനിതകള്‍ കോണ്‍ഗ്രസിന്റെ തലപ്പത്ത്‌ വര്‍ഷങ്ങളോളം ഭരിച്ചിട്ടുണ്ട.്‌ കഴിവുള്ളവരെ കോണ്‍ഗ്രസ്‌ ആദരിക്കും എന്നതിന്റെ തെളിവാണ്‌ ഇത്‌. എന്നാല്‍ കേരളത്തില്‍ സ്‌ത്രീകള്‍ക്ക്‌ കൂറെക്കൂടി പരിഗണന നല്‌കേണ്ടതായിരുന്നു. മാറ്റം ഇപ്പോള്‍ പ്രകടമായി കടന്നു വരുന്നുണ്ട്‌. കഴിഞ്ഞവര്‍ഷം കെപിസിസിയില്‍ മൂന്ന്‌ വനിതകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത്‌ ഇത്തവണ ഏഴു വനിതകള്‍ വന്നിട്ടുണ്ട്‌. പുരുഷന്റെ സ്ഥിരമായ സ്‌പേസിലേയ്‌ക്ക്‌ സ്‌ത്രീയ്‌ക്ക്‌ കടന്നു വരണമെങ്കില്‍ അതിന്‌ ചില കടമ്പകള്‍ കടക്കണം.

സ്‌ത്രീ സംവരണം നടപ്പിലാക്കിയാലെ സ്‌ത്രീയ്‌ക്ക്‌ രാഷ്ട്രീയത്തില്‍ ഇടം കിട്ടുകയുള്ളുവെന്നും അല്ലാതെ സ്വാഭാവികമായ ഒരംഗീകാരം ഇവിടെ ലഭിക്കില്ല എന്നാണോ താങ്കള്‍ വിശ്വസിക്കുന്നത്‌?

അംഗീകാരം നേടിയെടുക്കുക അത്ര നിസാരമായ ടാസ്‌ക്കല്ല, സ്‌ത്രീപ്രശ്‌നം ശ്രദ്ധയില്‍ പെടണമെങ്കില്‍ സ്‌ത്രീകള്‍ കൂടുതല്‍ നിയമനിര്‍മാണ സഭകളില്‍ എത്തണം. ഇത്‌ മനസിലാക്കിയാണ്‌ രാജീവ്‌ ഗാന്ധി സ്‌ത്രീകള്‍ക്ക്‌ പഞ്ചായത്തുകളില്‍ സംവരണം ഏര്‍പ്പെടുത്തിയത്‌. എന്നെപ്പോലെയുള്ളവര്‍ ഈ രംഗത്തു കടന്നു വരുവാന്‍ സ്‌ത്രീസംവരണം കാരണമായിട്ടുണ്ട്‌. ഇപ്പോള്‍ ധാരാളം സ്‌ത്രീകള്‍ രാഷ്ട്രീയരംഗത്തു വരുന്നത്‌ സ്‌ത്രീ സംവരണത്തിന്റെ ചുവടുപറ്റിയാണ്‌.

ഇന്ന്‌ പഞ്ചായത്തുകളില്‍ മത്സരിക്കുന്ന സ്‌ത്രീകളെ പിന്നീട്‌ അടുത്ത മത്സരത്തിന്‌ കാണുന്നില്ല, സ്‌ത്രീയുടെ കൊഴിഞ്ഞു പോക്ക്‌ എന്തുകൊണ്ടാണ്‌?

രാഷ്ട്രീയരംഗത്തു നില്‌ക്കുന്ന സ്‌ത്രീകള്‍ക്ക്‌ കേള്‍ക്കേണ്ടി വരുന്ന അപവാദപ്രചരണങ്ങള്‍ അവളുടെ മനോധൈര്യം കെടുത്തുന്നു. ഒരു സാരിയുടുത്താല്‍ നല്ലതാണെന്ന്‌ പറയണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ നമ്മുടെ സ്‌ത്രീകള്‍.തൊണ്ണൂറ്റാറില്‍ ഞാനൊക്കെ പഞ്ചായത്തില്‍ ആയിരുന്ന സമയത്ത്‌ പഞ്ചായത്ത്‌ മെമ്പറായ ഭാര്യ വന്നിട്ട്‌ കാപ്പി കുടിക്കാന്‍ കാത്തിരിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇന്ന്‌ സ്ഥിതി മാറിയിട്ടുണ്ട്‌. സ്‌ത്രീയുടെ പൊതുസമൂഹത്തില്‍ ഉള്ള സാന്നിദ്ധ്യം സമൂഹം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. രാത്രി എട്ടു മണിക്ക്‌ ഞാന്‍ കടന്നു വന്നാല്‍ എന്റെയമ്മയ്‌ക്ക്‌ പേടിയാണ്‌. എന്നെ വഴക്കു പറയും. എന്റെ രാഷ്ട്രീയത്തിലെ സ്‌പേസ്‌ മനസിലാക്കിയപ്പോള്‍ പാര്‍ട്ടി കമ്മിറ്റികള്‍ കഴിഞ്ഞ്‌ ഞാന്‍ 12 മണിക്ക്‌ ചെല്ലുന്നതും വീട്ടുകാര്‍ അംഗീകരിച്ചു. 8 മണിക്ക്‌ ചെന്നാല്‍ അവര്‍ ചോദിക്കും ഇന്നെന്താ നേരത്തെയെന്ന്‌.

പത്രപ്രവര്‍ത്തകയില്‍ നിന്ന്‌ രാഷ്ട്രീയക്കാരിയായി മാറിയപ്പോള്‍ എന്തു തോന്നുന്നു?

രണ്ടും വെല്ലുവിളി നിറഞ്ഞ ജോലിയാണ്‌. രാഷ്ട്രീയക്കാരിയാകുമ്പോള്‍ സമൂഹത്തിന്റെ വിഷയങ്ങളില്‍ കൂറെക്കൂടി ഇടപെടുവാന്‍ കഴിയുന്നു. പരിഹാരം കണ്ടെത്തുവാന്‍ കഴിയുന്നു. അതാണ്‌ വ്യത്യാസം. ഇപ്പോള്‍ ഞാന്‍ സമയക്കുറവു കൊണ്ട്‌ പത്രപ്രവര്‍ത്തനം ഉപേക്ഷിച്ചു. കന്യകയില്‍ എഡിറ്ററായിരുന്നു. പിന്നീട്‌ വീക്ഷണത്തിന്‍ കുറെനാള്‍ ഫ്രീയായി വര്‍ക്ക്‌ ചെയ്‌തിരുന്നു. ഇപ്പോള്‍ ഇല്ല. എന്നാലും എനിക്ക്‌ എഴുത്തിനെ ഉപേക്ഷിക്കാനാവില്ല. എപ്പോഴും എന്തെങ്കിലുമൊക്കെ എഴുതണം. ഒരു ബ്ലോഗുണ്ട്‌, ആ ബ്ലോഗില്‍ എഴുതുന്നുണ്ട്‌. കഴിഞ്ഞ ദിവസം ബ്ലോഗില്‍ കുറിച്ചതെല്ലാം ചേര്‍ത്ത്‌ ഒരു പുസ്‌തകമാക്കി പ്രസിദ്ധികരിച്ചിരുന്നു.

ഡല്‍ഹി സ്‌ത്രീപീഡനം ലോക മന:സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങളെ എങ്ങനെ കാണുന്നു?

ഏറ്റവും ക്രൂരവും ബീഭത്‌സവുമായ ഒരു സംഭവമായിരുന്നു ഡല്‍ഹിയില്‍ സംഭവിച്ചത്‌. മാധ്യമങ്ങള്‍ ഈ വിഷയം നന്നായി ജനങ്ങളില്‍ എത്തിച്ചതു കൊണ്ട്‌ പ്രതിഷേധം കൂടുതല്‍ ജനകീയമായി. അടുത്തകാലത്തായി ചില ജനകീയ സമരങ്ങളില്‍ ഡല്‍ഹി നന്നായി പ്രതികരിച്ചിരുന്നു. ഇത്‌ ജനങ്ങളെ പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. ഒരു സ്‌ത്രീപക്ഷ ചിന്തക എന്ന നിലയില്‍ ഇത്തരം സമരങ്ങളെ ഞാന്‍ അനുകൂലിക്കുന്നു. സ്‌ത്രീസുരക്ഷ ശക്തിപ്പെടുത്താന്‍ ഇത്‌ സഹായകമാകും എന്നാണ്‌ എന്റെ പ്രതീക്ഷ. സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട്‌ പ്രശംസാര്‍ഹമാണെന്നാണ്‌ എന്റെ വിശ്വാസം. നീതി കിട്ടാത്ത അനേകം പീഡനങ്ങള്‍ ഇന്ത്യയിലെമ്പാടും നടക്കുന്നുണ്ട്‌. അത്തരക്കാര്‍ക്കും സ്‌ത്രീ സുരക്ഷ ആവശ്യമാണെന്ന്‌ ഭരണാധികാരികളെ ബോധ്യപ്പെടുത്തുവാനും ഈ സമരം സഹായിച്ചു. സ്‌ത്രീവിഷയത്തില്‍ ആദ്യമായാണ്‌ രാജ്യം ഇത്തരം ഒരു വിപ്ലവം സംഘടിപ്പിച്ചത്‌. ഈ വിപ്ലവത്തിന്റെ അലയൊലികള്‍ സ്‌ത്രീയെ കൂടുതല്‍ സ്വതന്ത്രയാക്കും.

കഠിനമായ മാനസിക സന്ദര്‍ഭങ്ങളില്‍ കുടുംബം സല്‌കിയ പിന്തുണ? 

ഭര്‍ത്താവ്‌ സുഭാഷ്‌ രാഷ്ട്രീയ പ്രവര്‍ത്തകനാണ്‌. എറണാകുളം ജില്ല പഞ്ചായത്ത്‌ പ്രതിനിധിയാണ്‌ ഇപ്പോള്‍. ഞങ്ങള്‍ രണ്ടു പേരും ജില്ലാ കൗണ്‍സില്‍ പ്രതിനിധിയായിരിക്കുമ്പോഴാണ്‌ വിവാഹിതരായത്‌. ഈ ജോലിയുടെ നന്മതിന്മകള്‍ ഞങ്ങള്‍ക്ക്‌ രണ്ടു പേര്‍ക്കും നന്നായി അറിയാം. ഒരു മകനുണ്ട്‌. അവന്‍ സിംഗപ്പൂരില്‍ ഫൈന്‍ആര്‍ടിസിന്‌ പഠിക്കുന്നു. വ്യക്തിഹത്യ നടത്തിയ പരാമര്‍ശം ഉണ്ടായപ്പോള്‍ സുഭാഷ്‌ ചേട്ടന്‍ നല്‌കിയ മാനസിക പിന്തുണ അത്‌ വാക്കുകള്‍ക്ക്‌ അതീതമാണ്‌. മകന്‍, അമ്മ എല്ലാവരും എന്നെ സപ്പോര്‍ട്ട്‌ ചെയ്‌തു. രാഷ്ട്രീയക്കാരനെ ഭര്‍ത്താവായി സ്വീകരിച്ചതിന്റെ ഏറ്റവും വലിയ നന്മ അനുഭവിച്ച നിമിഷമായിരുന്നു ആ ദിവസം അദ്ദേഹം എനിക്ക്‌ നല്‌കിയ കരുത്ത്‌.

ഒരു രാഷ്ട്രീയ പ്രവര്‍ത്തകയാകുക വഴി ഉണ്ടായ വൃക്തിപരമായ നഷ്ടം? 

എന്റെ മകനും ഭര്‍ത്താവിനും കാര്യമായി സമയം മാറ്റി വയ്‌ക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടില്ല. പൊതുപ്രവര്‍ത്തകയാകുമ്പോള്‍ ഇത്ര സമയമേ ഞാന്‍ ജോലി ചെയ്യുകയുള്ളുവെന്ന്‌ വാശിപിടിക്കാനാവില്ലല്ലോ. അതാണ്‌ ഇത്തിരി നഷ്ടം ബോധമായി തോന്നുന്നത്‌.