Breaking News

Trending right now:
Description
 
Mar 20, 2016

നാടിനെ വിറപ്പിച്ച നരഭോജി കടുവയെ വെടിവച്ചുകൊന്നു

image കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയായ നീലഗിരി ജില്ലയിലെ ദേവര്‍ഷോല വുഡ്‌ബ്രയര്‍ എസ്റ്റേറ്റിലും പരിസരപ്രദേശത്തുമായി ഭീഷണി ഉയര്‍ത്തിയ കടുവയെ ദ്രുതകര്‍മ്മ സേന വെടിവച്ചുകൊന്നു. കഴിഞ്ഞ 12ന്‌ തോട്ടം തൊഴിലാളിയും ജാര്‍ഖണ്ഡ്‌ സ്വദേശിയുമായ മിക്‌ വാരയെ (48) കടുവ കൊന്നുതിന്നിരുന്നു. ഇതേതുടര്‍ന്ന്‌ നരഭോജി കടുവയ്‌ക്കായി 200 അംഗങ്ങള്‍ കഴിഞ്ഞ എട്ടുദിവസമായി തിരച്ചില്‍ നടത്തിവരുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടുമണിയോടെ മേഖലയിലെ ചതുപ്പുനിറഞ്ഞ സ്ഥലത്തു ആണ്‍ കടുവയെ ദ്രുതകര്‍മ്മസേന വളഞ്ഞു. ആക്രമണസ്വഭാവം പുറത്തെടുത്ത കടവയെ ജീവനോടെ പിടികൂടാനുള്ളശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ്‌ വെടിവച്ചുവീഴ്‌ത്തിയത്‌. കടുവയെ വെടിവയ്‌ക്കുന്നതിനിടെ ടാസ്‌ക്‌ഫോഴ്‌സ്‌ സംഘത്തിലെ രണ്ട്‌ പേര്‍ക്കു വെടിയേറ്റു. സന്തോഷ്‌, രവി എന്നിവര്‍ക്കാണു വെടിയേറ്റത്‌. സന്തോഷിന്റെ വയറിനും രവിയുടെ കാലിനുമാണു വെടിയേറ്റത്‌. ഇവരെ ഗൂഡല്ലൂര്‍ താലൂക്ക്‌ ആശുപത്രിയിലും തുടര്‍ന്ന്‌ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്ന മേഖലകളില്‍ വനംവകുപ്പ്‌ പത്തുകൂടുകളും 30 നിരീക്ഷണക്യാമകളും സ്ഥാപിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ ഏറുമാടത്തിനു സമീപം കെട്ടിയിട്ടിരുന്ന പശുവിനെ കൊന്നതോടെ കടുവയെ വെടിവയ്‌ക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. കടുവയെ വെടിവച്ചു കൊന്നശേഷം ഗൂഡല്ലൂര്‍ ചെമ്പാലയിലെ ഈട്ടിമൂല വനംവകുപ്പ്‌ ഓഫീസിന്‌ അടുത്തെത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തി. കടുവയുടെ തലയ്‌ക്കാണു വെടിയേറ്റത്‌. എട്ടുവയസ്‌ പ്രായംതോന്നിക്കുന്ന കടുവയുടെ മുന്‍കാലില്‍ ആഴത്തില്‍ മുറിവുണ്ട്‌.