Breaking News

Trending right now:
Description
 
Mar 18, 2016

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത: ഭാര്യ നിമ്മി; സഹോദരന്‍ രാമകൃഷ്‌ണന്‍

image കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകളും സംശയങ്ങളും ശക്തമാകുന്നതിനിടെ അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന്‌ മണിയുടെ ഭാര്യ നിമ്മി പരസ്യമായി പ്രതികരിച്ചു. കഴിഞ്ഞദിവസം മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി.രാമകൃഷ്‌ണന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ്‌ നിമ്മിയുടെ വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ സഹായികളായിരുന്ന ജീവനക്കാരെയും ആശുപത്രയിലെത്തിച്ചതിനു തലേന്ന്‌ അദ്ദേഹത്തോടൊപ്പം മദ്യപിച്ചവരെയും സംശയമുണ്ടെന്നു രാമകൃഷ്‌ണന്‍ പറയുന്നു. മണിയുടെ രക്തത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ അനുവദനീയമായതിനേക്കാള്‍ വളരെ കൂടിയ അളവില്‍ അടങ്ങിയിരുന്നുവെന്ന്‌ അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തന്നോടു പറഞ്ഞിരുന്നു. വീടിനു സമീപം മണി സുഹൃത്തുക്കളുമായി ഒത്തുകൂടുന്ന പാടിയില്‍ അവസാനം അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുകയും മറ്റും ചെയ്‌തവരില്‍ ആരിലും കാണാത്ത മീഥൈല്‍ ആല്‍ക്കഹോള്‍ എങ്ങനെയാണ്‌ മണിയുടെ ശരീരത്തില്‍ മാത്രം കാണാനിടയായതെന്നു രാമകൃഷ്‌ണന്‍ ചോദിച്ചു. അതേസമയം, മണിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീക്കണമെന്നു നിമ്മി ആവശ്യപ്പെട്ടു. മണിക്ക്‌ കരള്‍രോഗമുള്ളതായി തനിക്കറിയില്ലായിരുന്നുവെന്നും തന്നോട്‌ അതെക്കുറിച്ച്‌ മണി പറഞ്ഞിട്ടില്ലെന്നും നിമ്മി പറയുന്നു. മണി ബിയര്‍ മാത്രമേ കഴിക്കാറുള്ളുവെന്നാണ്‌ നിമ്മി പറയുന്നത്‌. ഒരിക്കല്‍ മഞ്ഞപ്പിത്തം വന്നശേഷം മദ്യപാനം നിര്‍ത്തിയെന്നാണ്‌ തന്നോട്‌ പറഞ്ഞിരുന്നതെന്നും നിമ്മി പറയുന്നു.

സുഹൃത്തുക്കള്‍ മദ്യം നല്‍കുന്നതില്‍ തങ്ങളെല്ലാം എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ കുടുംബബന്ധത്തില്‍ പ്രശ്‌്‌നങ്ങളുണ്ടായിരുന്നില്ല. മണിക്ക്‌ ശത്രുക്കളുണ്ടോയെന്ന്‌ അറിയില്ല. ഒരു മാസമായി അദ്ദേഹം വീട്ടില്‍ വന്നിരുന്നില്ലെന്നത്‌ ശരിയാണെന്നും നിമ്മി പറഞ്ഞു. പിറന്നാള്‍ ദിനമായ ജനുവരി ഒന്നിനും അതിനു ശേഷം വിവാഹവാര്‍ഷികത്തിനും വീട്ടിലെത്തിയിരുന്നു. പിറന്നാള്‍ ആഘോഷം പാഡിയിലായിരുന്നു. അതില്‍ പങ്കെടുത്തിരുന്നുവെന്നും നിമ്മി വ്യക്തമാക്കി. അതിനിടെ, മണിയുടെ മരണകാരണം വൃക്കയിലെ പഴുപ്പും ഗുരുതരമായ കരള്‍രോഗവുമെന്നു വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്തുവന്നു. ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന്‌ ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായും ഉള്ളില്‍ രക്തം കെട്ടിക്കിടന്നിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വൃക്കയിലെ പഴുപ്പിനു പുറമെ ആന്തരിക അവയവങ്ങളില്‍ അണുബാധയും ഉണ്ടായിരുന്നു. ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നോ എന്നറിയാന്‍ കാക്കനാട്ടെ ലബോറട്ടറിയില്‍നിന്ന്‌ ആന്തരാവയവ രാസപരിശോധനാഫലം കിട്ടിയാലേ സ്ഥിരീകരിക്കാനാവൂ.