Breaking News

Trending right now:
Description
 
Mar 16, 2016

ആലപ്പുഴ ബീച്ചിന്റെ നല്ല പേര് കളങ്കപ്പെടുത്തരുത്; റോഡില്‍ പാര്‍ക്കിംഗ് തത്കാലം ഒഴിവാക്കുക

image
ആലപ്പുഴ ബീച്ചിലൂടെയുള്ള എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതു വരെ ബീച്ച് റോഡിലുള്ള വാഹന പാര്‍ക്കിംഗ് നിരോധിക്കണമെന്നു നേരത്തേ ടി.ആര്‍.എ ആവശ്യപ്പെട്ടിരുന്നു. ഇത് എന്തു കൊണ്ടാണെന്നു വീണ്ടും ചൂണ്ടിക്കാട്ടാം. അധികൃതര്‍ക്കു മനസിലാകുന്നെങ്കില്‍ മനസിലാകട്ടെ.

> ബീച്ച് റോഡില്‍ വലിയ പൈലുകള്‍ സ്ഥാപിക്കാനുമുള്ള യന്ത്രസാമഗ്രികളും അതുണ്ടാക്കുന്ന വന്‍ കുഴികളും മണല്‍ക്കൂനകളും വാഹനങ്ങളെയും കാല്‍നടക്കാരെയും അപകടത്തിലാക്കും. യഥാര്‍ഥത്തില്‍ വാഹനങ്ങള്‍ക്കു പാര്‍ക്കു ചെയ്യാനുള്ള പരിസ്ഥിതിയല്ല. നിര്‍മാണ മേഖകളില്‍ സാധാരണ വാഹനങ്ങള്‍ കടത്തിവിടില്ല. അസൗകര്യങ്ങള്‍ ഏറെയുണ്ടാക്കുന്നതു കൊണ്ടാണ് അത്.

> തിരക്കിനിടയിലൂടെയെത്തുന്ന വാഹനങ്ങള്‍ മുട്ടിയും ഉരുമിയും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നു. വെല്ലുവിളിയും തെറിവിളിയും പ്രാദേശിക ആള്‍ക്കാരുടെ കൂട്ടംകൂടലും കൈക്കരുത്തു കാട്ടലും അന്തരീക്ഷം മോശമാക്കും.

> തിരക്കിനിടയില്‍ പരിശോധന നടത്താനും ക്രമസമാധാനനില നിലനിര്‍ത്താനും ആവശ്യമായ പോലീസില്ല. ഉള്ളവരാകട്ടെ ഹെല്‍മറ്റ് പിടുത്തത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നവരാണ്. കഞ്ചാവടിച്ചു ഇരുചക്രവാഹനത്തില്‍ പായുന്നത് മോട്ടോര്‍വാഹന നിയമ പ്രകാരം കുറ്റമല്ലാത്തതിനാല്‍ അക്കൂട്ടരെ പോലും തിരിഞ്ഞു നോക്കാതെ കൈകാട്ടി നിറുത്തുന്നവരില്‍ നിന്നു മാത്രം പിഴയീടാക്കുന്നതിലാണ് താത്പര്യം.

> ബീച്ച് റോഡിലൂടെ പോകുന്ന വാഹനങ്ങളുണ്ടാക്കുന്ന പുക, പൊടി ശല്യം കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ ദോഷകരമാണ്. പുറത്തു നിന്നു എത്തുന്നവര്‍ വന്നത് അബദ്ധമായല്ലോ എന്ന അവസ്ഥയിലാകും. സ്വസ്ഥമായി കാറ്റുകൊള്ളാനെത്തുന്നവര്‍ അസ്വസ്ഥമായി രോഗങ്ങളുമായാണ് തിരികെ പോകുക.

ബീച്ചിലെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ തമ്മിലുള്ള കൈയേറ്റവും കൈയ്യാങ്കളിയും പ്രദേശത്തിന്റെ സമാധാന അവസ്ഥയെയാണ് അലങ്കോലപ്പെടുത്തുന്നത്. പ്രദേശവാസികളായ ചിലരുടെ സംഘബലവും മുഷ്‌ക്കും കാട്ടിയുള്ള ഇടപെടല്‍ സ്ഥിതി കൂടുതല്‍ വഷളാക്കും. ഒരു സ്ഥലത്തിന്റെ പേരു മോശമായാല്‍ പിന്നീടത് പഴയപടിയാക്കാന്‍ അത്ര എളുപ്പമല്ലെന്നു കേരളത്തില്‍ തന്നെ മാതൃകകള്‍ ഏറെയുണ്ട്. അതിനാല്‍ വിദേശികളും സ്വദേശികളും ഇഷ്ടപ്പെടുന്ന ആലപ്പുഴ ബീച്ചിന്റെ നല്ല പേര് കളങ്കപ്പെടുത്തരുത്. അതിനായി ബീച്ച് റോഡിലെ പാര്‍ക്കിംഗ് നിര്‍മാണം പൂര്‍ത്തിയാകും വരെ ഒഴിവാക്കുക തന്നെ വേണം. തത്കാലം റിക്രിയേഷന്‍ ഗ്രൗണ്ട് പാര്‍ക്കിംഗിനായി മാറ്റിവയ്ക്കാം.